സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ജില്ലകളിൽ ജിം, നീന്തൽ കുളം, തീയേറ്റർ എന്നിവ അടയ്ക്കണം. മതപരമായ ചടങ്ങുകൾ മതസ്ഥാപനങ്ങളിൽ നടത്താൻ പാടില്ല. ഓൺലൈനായി വേണം നടത്താൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കു മാത്രം നേരിട്ട് ക്ലാസിൽ എത്താം. ഇന്നു ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഒരു ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ പേർ കൊവിഡ് രോഗികളാണെങ്കിലാണ് ആ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപത് ശതമാനം കടന്നു.
നിലവിൽ കാറ്റഗറി തിരിച്ച് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഫലപ്രദമാണ്. ഫെബ്രുവരി ആറ് വരെ സംസ്ഥാനത്ത് അരലക്ഷത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്. അതേസമയം മലപ്പുറത്തും കോഴിക്കോടും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.
ഇടുക്കിയിൽ 377 പേരാണ് ചികിത്സയിലുള്ളത്. 17 ഐസിയു കിടക്കകളും 23 ഓക്സിജൻ കിടക്കകളും കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. 36 കിടക്കകളിൽ രോഗികളുണ്ടെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയത്ത് ഇതുവരെ 826 രോഗികളാണ് ചികിത്സയിലുള്ളത്. പത്തനംതിട്ടയിൽ 677 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.