പുതിയൊരു ആൻഡ്രോയിഡ് ഫോൺ വാങ്ങി കുറച്ച് നാൾ കഴിയുമ്പോൾ എല്ലാവരും നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ വേഗത കുറയുന്നത്. ആപ്പുകൾ തുറന്നുവരാനും മറ്റ് ജോലികൾ ചെയ്‌യുമ്പോഴും ഫോണിന്റെ പ്രവർത്തന വേഗം കുറയുന്നത് ഉപഭോക്താക്കളെ അലട്ടാറുണ്ട്. പലവിധ കാരണങ്ങൾ ഈ വേഗം കുറയലിന് പിന്നിലുണ്ടാകാം. ഫോണിൽ സ്റ്റോറേജ് ഇല്ലാത്തതും. ആപ്പുകൾ പ്രവർത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജങ്ക് ഫയലുകൾ നിറയുന്നതുമെല്ലാം അതിന് കാരണമാണ്. മറ്റൊരു പ്രധാന കാരണം ചില ആപ്പുകൾ നമ്മളറിയാതെ പശ്ചാത്തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്.
ചില ആപ്ലിക്കേഷനുകൾ ഒരിക്കൽ തുറന്ന് അടച്ചാൽ അത് മുഴുവനായും പ്രവർത്തനരഹിതമാവില്ല എന്ന് നിങ്ങൾ പലർക്കും അറിയാത്ത കാര്യമാവും. പകരം അവ പശ്ചാത്തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ഒന്നിലധികം ആപ്പുകൾ പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും മെമ്മറിയിൽ സ്ഥലം കുറയും ആപ്പുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഇടം ലഭിക്കാതെ വരും. പ്രവർത്തന വേഗം കുറയും. ബാറ്ററി ചാർജ് വേഗം തീരും. ഒപ്പം ഉപയോഗിച്ചുകൊണ്ടിരിക്കുന്നയാൾക്ക് സമയ നഷ്ടവും മാനസിക സമ്മർദ്ദവും. ചിലപ്പോൾ ആപ്പുകൾ പാതിവഴിയെ പ്രവർത്തന രഹിതമായി അപ്രതീക്ഷിതമായി ക്ലോസ് ആയിപ്പോവും. എങ്ങനെയാണ് പശ്ചാത്തലത്തിൽ ആപ്പുകൾ പ്രവർത്തിക്കുന്നത് ഒഴിവാക്കുക?
ഹോം സ്ക്രീനിലെ ആപ്പുകൾ ക്ലോസ് ചെയ്‌യുന്നത് എങ്ങനെ?
ആൻഡ്രോയിഡ് ഫോണുകളിൽ ഒരേ സമയം ഒന്നിലധിം ജോലികൾ മാറിമാറി ചെയ്‌യുന്നതിന് സഹായകമായ മൾടി ടാസ്കിങ് സംവിധാനത്തിന് വേണ്ടി ചില ആപ്പുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കാറുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ സൈ്വപ്പ് ചെയ്തും ഹോം സ്ക്രീനിലെ ആപ്പ് ഓവർ വ്യൂ ബട്ടൻ തൊട്ടാലും നിങ്ങൾ അടുത്തിടെ തുറന്ന ആപ്പുകൾ കാണാൻ സാധിക്കും. താഴെ കാണുന്ന ക്ലിയർ ഓൾ ബട്ടൻ ക്ലിക്ക് ചെയ്താൽ ഇവയെല്ലാം ക്ലോസ് ചെയ്‌യപ്പെടും. ഇങ്ങനെ അല്ലാതെ നിങ്ങൾക്ക് ആവശ്യമുള്ള ആപ്പുകൾ മാത്രം നിലനിർത്തി മറ്റുള്ളവ തിരഞ്ഞെടുത്ത് ക്ലോസ് ചെയ്‌യാനും സാധിക്കും.
മെമ്മറി വിഴുങ്ങുന്ന മൊബൈൽ ആപ്പുകൾ
ഫോണുകളിലെ മെമ്മറിയുടെ വലിയൊരു ഭാഗം കയ്‌യേറി പ്രവർത്തിക്കുന്ന ചില ആപ്ലിക്കേഷനുകളുണ്ട്. സോഷ്യൽ മീഡിയാ ആപ്പുകളും ബ്രൗസറുകളും അതിൽ ചിലതാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള ആപ്ലിക്കേഷനുകൾ അതിന് ഉദാഹരണങ്ങളാണ്. ആന്റി വൈറസ് ആപ്ലിക്കേഷനുകൾ, വിപിഎൻ ആപ്പുകൾ പോലുള്ളവ അതിന് ഉദാഹരണങ്ങളാണ്. ഇവയിൽ പലതും പശ്ചാത്തലത്തിൽ ചില ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ടാവും. ഇവയുടെ പ്രവർത്തനം നിർത്തിയാൽ ഫോണിന്റെ വേഗം മെച്ചപ്പെടും. അതിനായി ആ ആപ്ലിക്കേഷനുകൾ തിരഞ്ഞെടുത്ത് ഫോഴ്സ് ക്ലോസ് അല്ലെങ്കിൽ ഫോഴ്സ് സ്റ്റോപ്പ് ചെയ്‌യാം.
ഹോം സ്ക്രീനിലെ ആപ്പ് ഐക്കണുകളിൽ ലോങ് പ്രസ് ചെയ്താൽ തുറന്നുവരുന്ന ഓപ്ഷനുകളിൽ നിന്ന് ആപ്പ് ഇൻഫോ എന്നത് തിരഞ്ഞെടുക്കുക. തുറന്നുവരുന്ന പേജിൽ ആപ്പ് ഐക്കണിന് താഴെയായി Force Stop എന്ന ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുക്കുക. എങ്ങനെ സോഷ്യൽ മീഡിയാ ആപ്പുകളും ബ്രൗസറുകളും തിരഞ്ഞെടുത്ത് ഫോഴ്സ് സ്റ്റോപ്പ് ചെയ്‌യുക.
ജങ്ക് ഫയലുകൾ നീക്കം ചെയ്‌യുക
അനാവശ്യ ഫയലുകൾ നീക്കം ചെയ്‌യുന്നതിനായി നിരവധി ആപ്പുകൾ ലഭ്യമാണ്. കൂട്ടത്തിൽ ഗൂഗിൾ ഫയൽസ് മികച്ചതാണെന്ന് പറയാം. ഗൂഗിൾ ഫയൽസ് ഉപയോഗിച്ച് മെമ്മറി വൃത്തിയാക്കാം. ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച പോലെ വലിപ്പം കൂടിയ ആപ്പുകളുടെ ആപ്പ് ഇൻഫോ തുറന്ന് അതിൽ സ്റ്റോറേജ് തിരഞ്ഞെടുത്ത് കാഷേ (Cache) വൃത്തിയാക്കുകയും ചെയ്‌യുക.
ഈ രീതികൾ അവലംബിക്കുമ്പോൾ ഫോണിന്റെ പ്രവർത്തന വേഗവുമായി ബന്ധപ്പെട്ട ഒരുവിധ പ്രശ്നങ്ങളും മാറിക്കിട്ടും.
Content Highlights: how to speed up your android smartphone