വാട്സാപ്പിന്റെ ഡെസ്ക് ടോപ്പ് ആപ്പിലും, വെബ് പതിപ്പിലും ടു ഫാക്‍ടർ ഒതന്റിക്കേഷൻ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. വാട്സാപ്പിന്റെ ഭാവി അപ്ഡേറ്റുകളിലാണ് ഈ ഫീച്ചർ എത്തുകയെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്‌യുന്നു.
വെബ് പതിപ്പിലും ഡെസ്ക്‍ടോപ്പ് പതിപ്പിലും ടു ഫാക്‍ടർ ഒതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്‌യാനുള്ള പ്രത്യേക ഓപ്ഷൻ ലഭ്യമാവും. നിലവിൽ വാട്സാപ്പിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്താണ് വെബിലും, ഡെസ്ക്‍ടോപ്പിലും ലോഗിൻ ചെയ്‌യുന്നത്. ഇതിന് പുറമെ അധിക സുരക്ഷയെന്നോണമാണ് ടൂ ഫാക്‍ടർ ഒതന്റിക്കേഷൻ എത്തുക.
വാട്സാപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ വളരെ മുമ്പ് തന്നെ ടു ഫാക്‍ടർ ഒതന്റിക്കേഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി ഒരു ആറക്ക പിൻ നമ്പർ നലകിയാലെ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.
ഇത് കൂടാതെ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നുള്ള ചാറ്റുകൾ ഐഫോൺ ആപ്പിലേക്ക് മാറ്റാനുള്ള സൗകര്യം ലഭ്യമാക്കാനും വാട്സാപ്പ് ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. വാട്സാപ്പിന്റെ ഐഓഎസ് വി22.2.74 ബീറ്റാ പതിപ്പിലാണ് ഈ സൗകര്യം അവതരിപ്പിച്ചിട്ടുള്ളത്. നിലവിൽ എല്ലാവർക്കുമായി ഇത് ലഭിക്കില്ല. മൂവ് റ്റു ഐഓഎസ് എന്നൊരു ആപ്ലിക്കേഷന്റെ ഉപയോഗിച്ചാണ് ആൻഡ്രോയിഡ് ഫോണിലെ വാട്സാപ്പ് ചാറ്റുകൾ ഐഓഎസ് ആപ്പിലേക്ക് മാറ്റുക.
Content Highlights: WhatsApp to bring 2-step verification to desktop and web versions