വൈക്കം: വീട്ടിലേക്കുള്ള നടപ്പാത വാഹനം കയറിയെത്തുന്ന വഴിയായി മാറണമെന്ന മന്ദാകിനിയുടെ ആഗ്രഹം യാഥാർഥ്യമായപ്പോൾ വഴി നടക്കാൻ മന്ദാകിനിയില്ല. മകന്റെ ക്രൂരമർദനത്തിനിരയായി മരിച്ച വൈക്കപ്രയാർ കണിയാന്തറ താഴ്ചവീട്ടിൽ മന്ദാകിനിയുടെ മൃതദേഹം വഹിച്ചുള്ള വാഹനം ആദ്യമായി പുതിയ വഴി കടന്നെത്തിയപ്പോൾ വഴിക്കായി ഏറെ ആഗ്രഹിച്ചിരുന്ന അമ്മയുടെ ഓർമകളിൽ മക്കളും ബന്ധുക്കളും വിതുമ്പി.
സമീപ പുരയിടങ്ങളേക്കാൾ ഏറെ താഴ്ന്ന സ്ഥലത്താണ് മന്ദാകിനിയുടെയും മൂത്ത മകൻ ബിജുവിന്റെയും വീടുകൾ. വീടിനു മുന്നിലെ തോട്ടിൽ വെള്ളം നിറഞ്ഞാൽ ഇരുവീടുകളിലും വെള്ളം കയറും. ബിജുവിന്റ വീടിനുപുറകിൽ മണ്ണിട്ടുയർത്തി കുടുംബ വീട്ടിലേക്കുകൂടി ബന്ധിപ്പിച്ച് വഴി തീർത്താൽ വെള്ളക്കെട്ട് ഒഴിവായി വാഹനം കടന്നെത്തുന്ന വഴി ഒരുക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജു മണ്ണിറക്കി വഴി തീർത്തത്.
ടിപ്പർ ലോറിയിൽ എത്തിച്ച മണ്ണ് ബിജു ഏറെ ശ്രമം നടത്തിയാണ് വിരിച്ച് നിരപ്പാക്കിയത്. ജ്യേഷ്ഠനെ മണ്ണ് വിരിക്കാൻ സഹായിക്കാൻ അമ്മ മന്ദാകിനി ഇളയ മകൻ ബൈജുവിനോട് ആവശ്യപ്പട്ടതിൽ പ്രകോപിതനായാണ് ബൈജു അമ്മയെ മർദിച്ച് തോട്ടിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തിയത്. ഭർത്താവ് സുരേന്ദ്രൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് മരിച്ച ശേഷം തൊഴിലുറപ്പിനുപോയി ലഭിക്കുന്ന വരുമാനംകൊണ്ടാണ് മന്ദാകിനി ജീവിച്ചിരുന്നത്.
മികച്ച തടിപ്പണിക്കാരൻ ആയിരുന്നു ബൈജുവെങ്കിലും പണിയെടുത്ത് ലഭിക്കുന്ന വരുമാനം മദ്യപാനത്തിനാണ് ഉപയോഗിച്ചിരുന്നത്. മന്ദാകിനിതന്നെയാണ് വീട്ടു ചെലവിനും വക കണ്ടെത്തിയിരുന്നത്. കലഹംനടന്ന ശനിയാഴ്ച വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയെങ്കിലും ബൈജു വഴക്കുണ്ടാക്കിയതോടെ അമ്മയ്ക്ക് ഭക്ഷണം കഴിക്കാനുമായില്ല. സ്നേഹനിധിയായ അമ്മയ്ക്ക് ഏറെ ഓമനിച്ചുവളർത്തിയ ഇളയമകന്റെ കൈകൊണ്ട് ദാരുണാന്ത്യം സംഭവിച്ചെന്ന് വിശ്വസിക്കാൻ ഉറ്റവർക്കും പ്രദേശവാസികൾക്കുമാകുന്നില്ല.
Content Highlights: kottayam mandhakini murder case