ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ ഫലവത്താകാൻ ടെക് ഭീമന്മാരായ ഗൂഗിൾ തയ്‌യാറെടുക്കുന്നതായി റിപ്പോർട്ട്. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ പ്രവർത്തനക്ഷമതയും സാധ്യതകളും കമ്പനിയുടെ എല്ലാ തലങ്ങളിലും എങ്ങനെ പ്രാവർത്തികമാക്കാം എന്നത് പഠിക്കാനായി ഗൂഗിൾ ലാബ് എന്ന പേരിൽ പുതിയ വിഭാഗത്തെ സ്ഥാപിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസ്ട്രിബ്യുട്ടഡ് കമ്പ്യൂട്ടിങ്, ഡാറ്റ സ്റ്റോറേജ് എന്നീ സാങ്കേതിക വിഭാഗങ്ങളിൽ കമ്പനി വളർച്ച കൈവരിക്കാൻ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണിത്.
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ ആരായാൻ ധാരാളം ടെക് കമ്പനികൾ ഇതിനോടകം രംഗത്തുണ്ട്. ബ്ലൂംബർഗിന് ലഭിച്ച ഒരു ഇമെയിൽ പ്രകാരം ബ്ലോക്ക്ചെയിനിലും മറ്റ് പുതിയ തലമുറ സാങ്കേതികവിദ്യകളിലും കേന്ദ്രികരിച്ചാണ് ഗൂഗിൾ ലാബ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ഗൂഗിളിനൊപ്പം സേവനമനുഷ്ഠിക്കുന്ന ശിവകുമാർ വെങ്കിട്ടരാമനെ കമ്പനി ഇതിനായി നിയമിച്ചിട്ടുണ്ട്.
ഗൂഗിൾ അവരുടെ പുതിയ പ്രോജക്‍ടുകളും അനുബന്ധ പരിശോധനകളും നടത്താൻ ഗൂഗിൾ ലാബ് എന്ന പേരിൽ 2002-ൽ പുതിയ ഒരു പദ്ധതി അവതരിപ്പിച്ചിരുന്നു.എന്നാൽ 2011-ന്റെ പകുതിയോടെ ഗൂഗിൾ ആ പദ്ധതി അവസാനിപ്പിക്കുകയും ചെയ്തു. അതേ പേര് തന്നെ പുതിയ വിഭാഗത്തിന് കൊടുത്തിരിക്കുന്നത് രസകരമായ ഒരു വസ്തുതയാണ്. എന്നാൽ സാമ്യം പേരികളിൽ മാത്രമേ കാണുകയുള്ളു. രണ്ടും വത്യസ്ത ആശയങ്ങളെ കേന്ദ്രീകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഗൂഗിൾ ലാബ് കമ്പനിയുടെ ഉയർന്ന സാധ്യത നൽകുന്ന ദീർഘകാല പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വിഭാഗമാകും. നിലവിൽ ഗൂഗിളിന്റെ വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി പദ്ധതികളാവും പ്രധാന ശ്രദ്ധാ കേന്ദ്രങ്ങൾ. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ എന്ന് പരമർശിക്കുന്നതല്ലാതെ, ഗൂഗിളിന്റെ ഏതെങ്കിലും വിഭാഗത്തിലോ അനുബന്ധ മേഖലകളിലോ ബ്ലോക്ക്ചെയിൻ ഉപയോഗിച്ചുള്ള മാറ്റങ്ങൾ കൊണ്ട് വരുമോ എന്നതിൽ വ്യക്തതയില്ല.
എന്നിരുന്നാലും ഗൂഗിളിന്റെ പേയ്മെന്റ് പോർട്ടലായാ ഗൂഗിൾ പേ വഴി ക്രിപ്റ്റോകറൻസിയും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശം ഇതിന്റെ പിന്നിലുണ്ട് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതിനിടെ, ക്രിപ്റ്റോകറൻസി മേഖലയെ ഗൂഗിൾ കൂടുതലായി വീക്ഷിക്കുന്നുണ്ട് എന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നിരവധി പേയ്മെന്റ് ഗേറ്റ്വേകൾ ഇതിനകം തന്നെ ക്രിപ്റ്റോ പേയ്മെന്റുകൾ വാഗ്ദാനം ചെയ്‌യുന്നുണ്ട്.
ഇതിന് മുൻപേ, ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള ഉയർന്ന സാധ്യതയുള്ളതും ദീർഘകാലവുമുള്ളതായ പദ്ധതിക്കായി 2021 നവംബറിൽ കമ്പനി ഒരു പ്രത്യേക ഗവേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
Content Highlights : Google starting work on blockchain may lead to crypto payments on Google Pay