കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ചില സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. നടൻ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണിത്. വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു.
ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാൽ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റത്യമായി മാറുകയുള്ളൂ എന്നും കോടതി ആരാഞ്ഞു. എന്നാൽ,തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് പ്രോസിക്യൂഷൻചോദ്യങ്ങളെ നേരിട്ടു.
കൃത്യമായ വധ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അക്കാര്യം വ്യക്തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകൾ പ്രോസ്ക്യൂഷന് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോൾ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയിരുന്ന മറ്റ് ഇടപെടലുകൾ വ്യക്തമാക്കുന്ന രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടായിരുന്നു. സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പോലെ ഇല്ല ഈ കേസെന്നും, ഗൂഢാലോചന നടത്തുകയും അത് നടപ്പാക്കുന്നതുവരെ പോയിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തിൽആദ്യമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും എന്നാൽ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാൻ സാധിക്കുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Contnt Highlights:Actress Attack Case