കോവിഡ് മഹാമാരി എല്ലാവരുടെയും ജീവിതം മാറ്റിമറിച്ചു എന്ന് അക്ഷരാർഥത്തിൽ പറയാൻ സാധിക്കും. പുത്തൻ സാങ്കേതികവിദ്യയുടെ കടന്നുവരവും അതിലൂടെ നമുക്ക് കാണാൻ കഴിഞ്ഞു. എല്ലാ ചടങ്ങുകളും ഓൺലൈനിലൂടെ വീക്ഷിക്കേണ്ടി വന്ന ഒരു സമൂഹമാണ് നമ്മളുടേത്. കല്യാണം വീഡിയോ കോളിലൂടെ ഓൺലൈനായി നടത്തുന്നതിന് ഭരണകൂടങ്ങൾ പോലും അനുമതി നൽകി തുടങ്ങിയിരിക്കുന്നു. ടെക്നോളജിയുടെ കടന്നുവരവ് സമൂഹത്തിൽ എത്രത്തോളം പ്രതിഫലിക്കുന്നു എന്നത് ചൂണ്ടിക്കാട്ടുന്ന വാർത്തയാണ് തമിഴ്നാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്‌യുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള ഒരു ദമ്പതിമാർ തങ്ങളുടെ വിവാഹ സൽക്കാരം മെറ്റാവേഴ്സിൽ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ദിനേശ് എസ് പിയും ജനഗനന്ദിനി രാമസ്വാമിയും തമ്മിലുള്ള വിവാഹം ഫെബ്രുവരിമാസം തമിഴ്നാട്ടിലെ ശിവലിംഗപുരം ഗ്രാമത്തിൽ വെച്ചാണ് നടക്കുന്നത്. എന്നാൽ വിവാഹത്തോടനുബന്ധിച്ചുള്ള സൽക്കാരം ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കാവുന്ന രീതിയിൽ മെറ്റാവേഴ്സിലൂടെ നടത്താൻ തയ്‌യാറെടുത്തിരിക്കുകയാണ് ഇവർ. ജെ.കെ റൗളിംഗിന്റെ ഹാരി പോട്ടർ പരമ്പരയിലെ ഹോഗ്വാർട്സ് തീം അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ സൽക്കാരത്തിലേക്ക് ദമ്പതിമാർ ഒരു കംപ്യൂട്ടറിന്റെ സഹായത്തോടെ വെർച്വൽ വേദിയിലേക്ക് പ്രവേശിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നു.
ഐഐടി മദ്രാസിലെ പ്രൊജക്റ്റ് അസോസിയേറ്റായി ജോലി ചെയ്‌യുന്ന ദിനേശ് തന്റെ വിവാഹം മെറ്റാവേഴ്സിലൂടെ സംഘടിപ്പിക്കുന്നതിനെ പറ്റി പ്രതിശ്രുതവധുവിനോട് അഭിപ്രായം ആരാഞ്ഞു. വധുവിനും ആശയം ഇഷ്ടപ്പെട്ടതോടെയാണ് മെറ്റാവേഴ്സ് എന്ന ആശയം ഉറപ്പിച്ചത്.
“മെറ്റാവേഴ്സ് വിവാഹ സൽക്കാരം നടത്തുക എന്ന ആശയം ഞാൻ കൊണ്ടുവന്നു, എന്റെ പ്രതിശ്രുതവധുവിന് ഈ ആശയം ഇഷ്ടപ്പെട്ടു, ഞാൻ ക്രിപ്റ്റോ, ബ്ലോക്ക്ചെയിൻ ടെക്നോളജിയിൽ ഏർപ്പെട്ടിരുന്ന ആളാണ്, കഴിഞ്ഞ ഒരു വർഷമായി ക്രിപ്റ്റോകറൻസിയുടെ ഭാഗമായ എതെറിയം ഖനനം ചെയ്‌യുന്നു. ബ്ലോക്ക്ചെയിൻ മെറ്റാവേഴ്സിന്റെ അടിസ്ഥാന സാങ്കേതികവിദ്യയായതിനാൽ, എന്റെ വിവാഹം നിശ്ചയിച്ചപ്പോൾ, മെറ്റാവേസിൽ റിസപ്ഷൻ നടത്തിയാലോ എന്ന് ചിന്തിച്ചു.” എന്ന് അദ്ദേഹം പറഞ്ഞു.
യഥാർത്ഥലോകത്തിന്റെ ത്രിഡി പതിപ്പായ ഒരു വെർച്വൽ ലോകത്ത് സ്വന്തമായ അവതാറുകളായി (Avatar) മനുഷ്യർ ഇടപഴകുന്നു, അതോടൊപ്പം ഓൺലൈൻ ഇടപെടലും ത്രിഡി, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതങ്ങളും ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവഴ്സ്. ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേർഡ് വെർച്വൽ സ്പേസ് ആയിരിക്കുമത്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനാവും ഓരോരുത്തർക്കും വെർച്വൽ രൂപമുണ്ടാവും (അവതാർ). പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. ഇന്റർനെറ്റിൽ എന്തെല്ലാം സാധ്യമാണോ അതെല്ലാം ഓഗ്മെന്റഡ് റിയാലിറ്റി വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ ഓരോ വ്യക്തിക്കും മെറ്റാവേഴ്സിലൂടെ അനുഭവിക്കാൻ സാധിക്കും. ഓഗ്മെന്റഡ് റിയാലിറ്റി, ബ്ലോക്ക്ചെയിൻ, വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യയിലെ ഒന്നിലധികം ഘടകങ്ങളുടെ സംയോജനമാണ് മെറ്റാവേഴ്സിന് പിന്നിൽ.
തന്റെ വരാനിരിക്കുന്ന വിവാഹ സൽക്കാരം എങ്ങനെയായിരിക്കുമെന്ന് കാണിക്കാൻ ദിനേശ് ട്വിറ്ററിലൂടെ “ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേർസ് വിവാഹം” എന്ന ആശയത്തോടെ ഒരു വീഡിയോയും പങ്കുവച്ചു.
I feel so proud and blessed that I have seen and taken advantage of many great opportunities in this world before millions of people have seen them, Beginning of something big! India’s first marriage in Polygon blockchain collaborated with TardiVerse Metaverse startup.
&mdash Dinesh Kshatriyan 💜 (@kshatriyan2811)
Content Highlights : Asias first Real Metaverse Marriage in Tamil Nadu