തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും. 15-18 വയസ്സ് പ്രായമുള്ള 8.14 ലക്ഷം വിദ്യാർഥികൾക്കാണ് സ്കൂളുകളിൽ വാക്സിൻ നൽകുക. 51 ശതമാനം വിദ്യാർഥികൾക്ക് വാക്സിൻ ലഭിച്ചുകഴിഞ്ഞതായും ഇനി 49 ശതമാനം വിദ്യാർഥികൾക്കാണ് വാക്സിൻ നൽകുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വാക്സിൻ വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്കൂളുകളിൽ ഒരുക്കും. അടിയന്തര സാഹചര്യങ്ങൾക്കായി എല്ലാ സ്കൂളുകളിലും ആമ്പുലൻസ് സർവീസുകൾ ഒരുക്കും. രക്ഷകർത്താക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ വാക്സിൻ നൽകുകയുള്ളു.
സംസ്ഥാനത്തെ 967 സ്കൂളുകളിലാണ് ഇത്തരത്തിൽ വാക്സിൻ നൽകുക. ഓരോ ദിവസവും വാക്സിൻ എടുക്കുന്ന വിദ്യാർഥികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. വാക്സിൻ നൽകുന്നതിനും വിശ്രമിക്കുന്നതിനുമായി പ്രത്യേകം മുറികൾ സജ്ജീകരിക്കും. സ്കൂളുകളിൽ പി.ടി.എ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തണം.
ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കൽ ഓഫീസർ, വാക്സിനേറ്റർ, സ്റ്റാഫ് നേഴ്സ്, സ്കൂൾ നൽകുന്ന സപ്പോർട്ട് സ്റ്റാഫ്എന്നിവരടങ്ങുന്നതാണ് വാക്സിനേഷൻ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷൻ സൈറ്റിലെയും വാക്സിനേറ്റർമാരുടെ എണ്ണം തീരുമാനിക്കും.
സ്കൂൾ അധികൃതർ ഒരു ദിവസം വാക്സിനേഷൻ എടുക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് വളരെ നേരത്തെ തന്നെ തയ്യാറാക്കുകയും അവർക്ക് അനുവദിച്ചിരിക്കുന്ന സമയത്തെ കുറിച്ച് അറിയിക്കുകയും ചെയ്യും. വാക്സിനേഷൻ ദിവസത്തിന് മുമ്പ് അർഹതയുള്ള എല്ലാ വിദ്യാർത്ഥികളും കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തും.
Content Highlights : Guideline for vaccination in schools released