ടെസ് ല കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് ഇനിയും പ്രതിസന്ധികൾ ഏറെയുണ്ടെന്ന് ഇലോൺ മസ്ക്. ഇന്ത്യയിൽ ടെസ് ലയുടെ ഇലക്‍ട്രിക്ക് കാറുകൾ എപ്പോൾ അവതരിപ്പിക്കുമെന്ന ചോദ്യങ്ങൾക്ക് ട്വിറ്ററിലൂടെ മറുപടി നൽകുകയായിരുന്നു മസ്ക്.
കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിൽ ടെസ് ല കാറുകൾ ഇറക്കുമതി ചെയ്ത് വിൽപനയ്ക്കെത്തിക്കാൻ കമ്പനിയ്‍ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
കാർ ഇറക്കുമതി ചെയ്‌യുന്നതിന് നികുതി ഇളവുകൾ ലഭിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു കമ്പനി. ഒക്‍ടോബറിൽ കമ്പനി തങ്ങളുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയും ചെയ്തു.
Still working through a lot of challenges with the government
&mdash Elon Musk (@elonmusk)
സർക്കാരുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ് മസ്ക് പറയുന്നത്. എന്നാൽ ഈ വെല്ലുവിളികൾ എന്തെല്ലാമാണെന്ന് കമ്പനി വ്യക്തമാക്കിയില്ല.
39,990 (29,53,225 രൂപ) ഡോളർ ആണ് ടെസ്ല മോഡൽ 3 കാറിന് വില. ഇത് അമേരിക്കയിലുള്ളവർക്ക് താങ്ങാനാവുമെങ്കിലും ഇറക്കുമതി നികുതി കൂടി ചേരുന്ന വില താങ്ങാൻ ഇന്ത്യൻ വിപണിക്ക് സാധിക്കണമെന്നില്ല. അങ്ങനെ വരുമ്പോൾ ടെസ് ല കാറിന് ഏകദേശം 60 ലക്ഷം രൂപയോളം വില വരും.
പ്രീമിയം ഇലക്‍ട്രിക് വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ഇനിയും കാര്യമായ സ്ഥാനമുറപ്പിക്കാൻ സാധിച്ചിട്ടില്ല. മുഖ്യമായും അതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തന്നെയാണ്. രാജ്യത്ത് വിൽക്കുന്ന 24 ലക്ഷം കാറുകളിൽ 5000 എണ്ണം മാത്രമാണ് ഇലക്‍ട്രിക് കാറുകളെന്നും അതിൽ വിരലിലെണ്ണാവുന്ന അത്രയും മാത്രമേ ആഡംബര വാഹനങ്ങളുള്ളൂ എന്നും ഗാഡ്ജെറ്റ് 360 റിപ്പോർട്ടിൽ പറയുന്നു.
40,000 ഡോളറിൽ (30 ലക്ഷം) കൂടുതൽ വിലയുള്ള കാറുകൾക്ക് ഇൻഷുറൻസും ചരക്കുനീക്ക ചെലവും ഉൾപ്പടെ ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവയാണ് ഈടാക്കുന്നത്. 40000 ഡോളറിൽ താഴെയുള്ള കാറുകൾക്ക് 60 ശതമാനമാണ് നികുതി.
ഇന്ത്യൻ സർക്കാർ ടെസ് ലയ്‍ക്ക് ഇറക്കുമതി തീരുവയിൽ ഇളവുകളും മറ്റ് വാഗ്ദാനങ്ങളും നൽകാൻ തയ്‌യാറായേക്കും. എന്നാൽ ഇന്ത്യയിൽ വെച്ച് വാഹനങ്ങൾ നിർമിക്കാനായുള്ള നിക്ഷേപം നടത്തണമെന്ന നിബന്ധന സർക്കാർ മുന്നോട്ട് വെച്ചേക്കും. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി അന്താരാഷ്ട്ര കമ്പനികൾക്ക് അത്തരം ഇളവുകൾ നിലവിൽ രാജ്യം നൽകുന്നുണ്ട്.
ടെസ് ല കാറുകൾക്ക് ഇന്ത്യയിൽ ഏകദേശം 35 ലക്ഷം രൂപയുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.