ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 6-7 പ്രാവശ്യമോ അല്ലെങ്കിൽ നല്ല ആരോഗ്യമുള്ളവരെ സംബന്ധിച്ചാണെങ്കിൽ പത്ത് പ്രാവശ്യമോ മൂത്രമൊഴിക്കുന്നത് ‘നോർമൽ’ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ആരോഗ്യത്തിന് അനുസൃതമായി ഇതിൽ അധികം തവണ മൂത്രമൊഴിക്കാൻ പ്രവണതയുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്.
പ്രമേഹമുണ്ടെങ്കിൽ
ഷുഗർ രോഗത്തിന്റെ ഒരു ലക്ഷണമായി ഇതെടുക്കാം. ശരീരത്തിൽ അമിതമായി വരുന്ന ‘ഷുഗർ’ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നതിനാലാണ് പ്രമേഹമുള്ളപ്പോൾ മൂത്രശങ്ക വർധിക്കുന്നത്. അധികവും ടൈപ്പ് 2 പ്രമേഹത്തിന്റെ ആദ്യം പ്രകടമാകുന്ന ലക്ഷണമായാണ് ഇത് വരാറ്. രാത്രിയിൽ ഉറക്കത്തിനിടയിൽ പോലും ഉണർന്ന് പലപ്പോഴും മൂത്രമൊഴിക്കാൻ പോകുന്നുവെങ്കിൽ അക്കാര്യവും പ്രത്യേകം ശ്രദ്ധയിലെടുക്കുക. പെട്ടെന്ന് ശരീരഭാരം കുറയുക, കാഴ്ചയിൽ മങ്ങൽ, വായ വരണ്ടിരിക്കുക, കാലിൽ മരവിപ്പ്,എന്നിവയെല്ലാമാണ് മറ്റ് ലക്ഷണങ്ങളായി സാധാരണഗതിയിൽ കാണാറ്.
ഇതുപോലെ മൂത്ര സംബന്ധമായ രോഗങ്ങളുടെ ലക്ഷണമായും ഇതെടുക്കാം. പ്രത്യേകിച്ച് പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ് സംബന്ധമായ പല രോഗങ്ങൾക്കും ഈ ലക്ഷണമുണ്ടാകാം. പൂർണമായും മൂത്രം പോകാത്തതാണ് ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാക്കുന്ന പ്രധാനപ്പെട്ട കാര്യമായി മാറുന്നത്.