ടോക്യോ ആഗോള ചിപ്പ് ക്ഷാമത്തിന്റെ അപ്രതീക്ഷിത ഇരകളായി കാനോണും. കമ്പനിയുടെ പ്രിന്ററുകളിലെ കാറ്റ്റിഡ്ജുകളിൽ കമ്പനിയുടെ യഥാർത്ഥ മഷിയാണോ ഉപയോഗിക്കുന്നത് എന്ന് സ്ഥിരീകരിക്കാനുള്ള ചിപ്പുകൾ കിട്ടാനില്ല.
ആഗോള ചിപ്പ് ക്ഷാമം ലോകത്തിൽ വിവിധങ്ങളായ ഉൽപ്പന്ന നിർമാതാക്കളെ ബാധിച്ചിട്ടുണ്ട്. ഇത് കാരണം പല ഉൽപ്പന്നങ്ങളുടേയും കയറ്റുമതി അവതാളത്തിലാവുകയും, നിർമാണം ലഘൂകരിക്കുകയും ചെയ്‌യേണ്ടി വന്നു കമ്പനികൾക്ക്.
ക്യാമറയും, പ്രിന്ററും നിർമിക്കുന്ന മുൻനിര ബ്രാൻഡായ കാനോണും ഇതേ പ്രശ്നമാണ് ഇപ്പോൾ നേരിടുന്നത്. ഇതേ തുടർന്ന് ഈ ചിപ്പുകൾ ഇല്ലാതെ പ്രിന്ററുകൾ കയറ്റുമതി ചെയ്‌യേണ്ട സ്ഥിതിയിലാണ് കമ്പനി.
യഥാർത്ഥ കാറ്റ്റിഡ്ജാണോ ഉപയോഗിക്കുന്നത് എന്നും കമ്പനിയുടെ തന്നെ മഷിയാണോ ഉപയോഗിക്കുന്നത് എന്നും തിരിച്ചറിയുന്നതിനും കാറ്റ്റിഡ്ജിൽ മഷി ബാക്കിയുണ്ടോ എന്ന് പരിശോധിക്കുന്നതിനുമെല്ലാം ഈ ചിപ്പ് ആവശ്യമാണ്.
ഇതോടെ ചിപ്പ് ഇല്ലാതെ പുറത്തെത്തുന്ന കാറ്റ്റിഡ്ജുകളിൽ കമ്പനി വാഗ്ദാനം ചെയ്‌യുന്ന മുകളിൽ സൂചിപ്പിച്ച കോപ്പി പ്രൊട്ടക്ഷൻ മെഷഴ്സ് ലഭിക്കില്ല.
കാനോണിന്റെ നിരവധി ഇമേജ് റണ്ണർ പ്രിന്ററുകളെ ചിപ്പ് ക്ഷാമം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
Content Highlights: Global chip shortage impacts Canon ink cartridges