പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി. ഫെബ്രുവരി ആദ്യ ആഴ്ച കരട് പ്രസിദ്ധീകരിക്കും. അന്തിമ രേഖ തയ്യാറാക്കാൻ പോളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി.
രാഷ്ട്രീയ ബദൽ ഉയർത്തിക്കൊണ്ടുവരണം എന്നാണ് യോഗത്തിന്റെ ആവശ്യം. ദേശീയ തലത്തിൽ ഒരു മുന്നണി ഉണ്ടായിരിക്കില്ല. തെരഞ്ഞെടുപ്പ് സഖ്യങ്ങൾ അതാത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചായിരിക്കും. ബംഗാൾ മാതൃകയിലുള്ള തീരുമാനം അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ചായിരിക്കും. കോൺഗ്രസിന്റെ മതനിരപേക്ഷ നിലപാടിൽ വ്യക്ത വേണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിപ്പിച്ച് പോരാടണമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ ആവശ്യം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജനാധിപത്യ മതേതര ശക്തികളെ ഒന്നിപ്പിക്കണം. കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ നടന്ന ചർച്ചകൾക്ക് ജനറൽ സെക്രട്ടറി മറുപടി പറഞ്ഞു.
യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ സിപിഎം പിന്തുണയ്ക്കുമെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സീതാറാം യെച്ചൂരി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനായി നയം രൂപീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലും പാർട്ടികളുടെ സ്വാധീനം വ്യത്യസ്തമാണ്. അതിനാൽ ഇന്ത്യയിൽ പ്രദേശിക സഖ്യങ്ങളാണ് പ്രായോഗികമെന്ന് യെച്ചൂരി പറഞ്ഞു.