ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ സ്ഥാപനമാണ് ആപ്പിൾ. ആപ്പിളിന്റെ മേധാവി ടിം കുക്ക് 2021-ൽ നേടിയ വരുമാനം എത്രയാണെന്ന് സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കമ്പനി.
ഇതനുസരിച്ച് 2021-ൽ 9.87 കോടി ഡോളറാണ് (733.12 കോടി രൂപ) ടിം കുക്കിന്റെ വരുമാനം. അടിസ്ഥാന ശമ്പളം, ഓഹരി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. 2020-ൽ 1.4 കോടി ഡോളർ (ഏകദേശം 104 കോടി രൂപ) മാത്രമായിരുന്നു ടിം കുക്കിന്റെ വരുമാനം. ഒരു വർഷം കൊണ്ട് വലിയ വ്യത്യാസമാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്.
എസ്ഇസിയിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് 30 ലക്ഷം ഡോളറാണ് (22.30 കോടി) ടിം കുക്കിന്റെ അടിസ്ഥാന ശമ്പളം. കമ്പനിയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിരത ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് 1.2 കോടി ഡോളറും ലഭിച്ചു. 7,12,488 ഡോളറിന്റെ സ്വകാര്യ വിമാനയാത്രകൾ, സുരക്ഷയ്‍ക്ക് വേണ്ടിയുള്ള 6,30,630 ഡോളർ, അവധിക്കാലത്തിന് വേണ്ടിയുള്ള 23,077 ഡോളർ, റിട്ടയർമെന്റ് സേവിങ്സ് പ്രോഗ്രാമായ 401(കെ) പ്ലാനിലേക്ക് 17,400 ന്റെ വിഹിതം എന്നിവ ഉൾപ്പടെ 13 ലക്ഷം ഡോളറിലേറെ മറ്റ് ആനുകൂല്യങ്ങളായും നൽകി.
സുരക്ഷാ കാരണങ്ങളാൽ സാധാരണ വാണിജ്യ വിമാനങ്ങളിൽ സഞ്ചരിക്കാൻ മേധാവികളെ അനുവദിക്കാറില്ല എന്ന് കമ്പനി പറഞ്ഞു. ഓഹരിയിൽനിന്നുള്ള വരുമാനമായി 8.25 കോടി ഡോളറും (613 കോടി രൂപ) നേടി.
എന്തായാലും ഒരു വർഷം കൊണ്ട് വലിയ സാമ്പത്തിക നേട്ടം ആപ്പിൾ ഉണ്ടാക്കിയിട്ടുണ്ട് എന്നതിന് തെളിവാണ് മേധാവിയുടെ വരുമാനത്തിലുണ്ടായ ഭീമമായ വർധന. ഏകദേശം 33 ശതമാനം വളർച്ചയാണ് കമ്പനിയുടെ വരുമാനത്തിലുണ്ടായത് എന്നാണ് കമ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് ലക്ഷം കോടി ഡോളർ വിപണി മൂല്യം മറികടന്ന ആദ്യ കമ്പനിയായി ആപ്പിൾ മാറുകയും ചെയ്തത് അടുത്തിടെയാണ്.
Content Highlights: Apple revealed CEO Tim Cook Income earned in 2021