അന്തരിച്ച ഊർജതന്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങിന്റെ 80-ാം ജന്മദിനത്തിൽ പ്രത്യേക ഡൂഡിൾ അവതരിപ്പിച്ച് ഗൂഗിൾ. രണ്ടര മിനുട്ട് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോയിൽ തന്റെ പഠനങ്ങളെ കുറിച്ചും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ടുള്ള സ്റ്റീഫൻ ഹോക്കിങിന്റെ കംപ്യൂട്ടർ നിർമിത ശബ്ദവും വിന്യസിച്ചിട്ടുണ്ട്.
ഹോക്കിങിന്റെ കുടുംബവുമായി സഹകരിച്ചാണ് ഗൂഗിൾ ഈ ആനിമേറ്റഡ് വീഡിയോ തയ്‌യാറാക്കിയതെന്ന് എൻഗാഡ്ജറ്റ് റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന്റെ ജീവിതമാണ് ഈ ഹ്രസ്വവീഡിയോയിലേക്ക് ചുരുക്കി അവതരിപ്പിച്ചത്.
ബിരുദം നേടിയത് മുതലുള്ള തന്റെ അനുഭവങ്ങളും പഠനങ്ങളും വിശദീകരിക്കുന്ന സ്റ്റീഫൻ ഹോക്കിങിന്റെതന്നെ പ്രശസ്തമായ വാക്കുകളാണ് വീഡിയോയിൽ ചേർത്തിരിക്കുന്നത്.
1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഒക്സ്‌ഫഡിലാണ് സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായിരുന്നു. സംസാരിക്കാനും ചലിക്കാനുമുള്ള കഴിവ് ഇതോടെ അദ്ദേഹത്തിന് നഷ്ടമായി. പിന്നീട് 1980-ൽ എം.ഐ.ടി. എഞ്ചിനീയറായ ഡെന്നിസ് ക്ലാറ്റ് വികസിപ്പിച്ച് കംപ്യൂട്ടർ ഉപയോഗിച്ചുള്ള ശബ്ദസംവിധാനമാണ് അദ്ദേഹം ആശയവിനിമയത്തിനായി ഉപയോഗിച്ച് വന്നത്.
നക്ഷത്രങ്ങൾ നശിക്കുമ്പോഴുണ്ടാകുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയവയാണ്. ശരീരത്തിന് ചലിക്കാനായില്ലെങ്കിലും ജീവിതകാലം മുഴുവൻ മനസുകൊണ്ട് താൻ പ്രപഞ്ചത്തിലൂടനീളം സഞ്ചരിക്കുകയായിരുന്നുവെന്ന് ഹോക്കിങ് വീഡിയോയിൽ പറയുന്നു.
Content Highlights: Google Doodle celebrates 80th birth anniversary of Stephen Hawking