സാങ്കേതിക വിദ്യകൾ കുട്ടികളെ വിവിധങ്ങളായ അപകടങ്ങളിൽ ചെന്നു ചാടിക്കുന്ന സംഭവങ്ങൾ നിരവധി കേട്ടിരിക്കുന്നു നമ്മൾ. ഓൺലൈൻ ചലഞ്ചുകൾ അപകടം വിതച്ച നിരവധി സംഭവങ്ങൾ. ഇപ്പോഴിതാ അത്തരം ഒരു അപകടത്തിൽ നിന്ന് തലനാരിഴയ്‍ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് ഒരു പത്തു വയസുകാരി.
ആമസോണിന്റെ ഇന്റലിജന്റ് അസിസ്റ്റന്റ് സംവിധാനമായ അലെക്സയാണ് ഇവിടെ വില്ലനായത്. 10 വയസുകാരിക്കു ചെയ്‌യുന്നതിനായി ഒരു ടാസ്ക് പറഞ്ഞു തരാൻ അലെക്സയോട് ആവശ്യപ്പെട്ടു. ഒരു ഫോൺ ചാർജർ ഒരു പ്ലഗിൽ പകുതിയോളം കയറ്റിയതിന് ശേഷം ഒരു നാണയം ഉപയോഗിച്ച് പുറത്തേക്ക് കാണുന്ന ചാർജറിന്റെ ലോഹമുനകളിൽ വെക്കുക എന്ന നിർദേശമാണ് അലെക്സ നൽകിയത്.
പെന്നി ചലഞ്ച് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ഈ അപകടകരമായ വെല്ലുവിളിയാണ് ടാസ്ക് എന്ന പേരിൽ ഒരു കുട്ടിയ്‍ക്ക് അലെക്സ നിർദേശിച്ചത്.
പെൺകുട്ടിയുടെ മാതാവ് ക്രിസ്റ്റിൻ ലിവ്ദാൽ ട്വിറ്ററിലൂടെ തങ്ങളുടെ അനുഭവം പുറത്തുവിട്ടതോടെയാണ് സംഭവം ലോകമറിഞ്ഞത്. മകൾക്കൊപ്പം അവർ അടുത്തുണ്ടായിരുന്നതിനാൽ അപകടം ഒന്നും സംഭവിച്ചില്ല.
OMFG My 10 year old just asked Alexa on our Echo for a challenge and this is what she said.
&mdash Kristin Livdahl (@klivdahl)
യൂട്യൂബിൽ ഒരു ഫിസ്ക്കൽ എജ്യുക്കേഷൻ ടീച്ചർ നൽകിയിരുന്ന ചലഞ്ചുകൾ ചെയ്‌യാറുള്ള കുട്ടി കൂടുതൽ കാര്യങ്ങൾ ചെയ്‌യുന്നതിന് വേണ്ടിയാണ് അലെക്സയോട് ചോദിച്ചത്. അതാണ് കുഴപ്പമായത്. അലെക്സയുടെ മറുപടി പൂര്ത്തിയാകും മുമ്പേ ക്രിസ്റ്റിൻ ഇടപെടുകയായിരുന്നു.
പെന്നി ചലഞ്ചിൽ പറയുന്നതിനനുസരിച്ച് ഫോൺ ചാർജർ പ്ലഗിൽ പകുതി കുത്തിവെത്ത് പുറത്തേക്ക് കാണുന്ന ലോഹ മുനകൾ തമ്മിൽ സ്പർശിക്കുന്ന വിധത്തിൽ നാണയം വെച്ചാൽ വീട്ടിലെ മുഴുവൻ ഇലക്‍ട്രിക് നെറ്റ്വർക്കും തകരാറിലാവും വിധം പൊട്ടിത്തെറിയും തീപ്പിടിത്തവും വരെ ഉണ്ടാവാനിടയുണ്ട്. ഇത് ആളപായത്തിന് വരെ വഴിവെക്കാം.
സെർച്ച് റിസൽട്ടുകളുടെ അടിസ്ഥാനത്തിലാണ് ആമസോൺ അലെക്സയുടെ പ്രതികരണങ്ങൾ മിക്കതും പ്രവർത്തിക്കുന്നത്. പെന്നി ചലഞ്ച് പോലുള്ളവ ഇന്റർനെറ്റിൽ വ്യാപകമായി യുവാക്കൾ തിരയുന്നതുകൊണ്ടാവാം ഈ ചലഞ്ചും അലെക്സയിലെത്തിയത്.
ഇത്തരം സാഹചര്യങ്ങളിൽ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ തന്റെ മകൾ മിടുക്കിയാണെന്ന് ക്രിസ്റ്റിൻ പറയുന്നു. എങ്കിലും ഇതൊരു അപകട സാധ്യതയാണെന്നും തടയിടേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇങ്ങനെ ഒരു പ്രശ്നം മറ്റാർക്കും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ആമസോൺ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കൃത്യവും അർത്ഥവത്തും മൂല്യവുമുള്ള വിവരങ്ങൾ നൽകുന്നതിന് വേണ്ടിയാണ് അലെക്സ പ്രവർത്തിക്കുന്നതെന്നും ആമസോൺ പറയുന്നു.
Content Highlights: Alexa suggest dangerous penny challenge to a 10-Year Old Girl