ന്യൂഡൽഹി: മൊബൈൽ ഫോൺ നിർമാതക്കളായ ഷാവോമിയ്ക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറത്തിറക്കി റവന്യൂ ഇന്റലിജൻസ് ഡയറക്‍ടറേറ്റ്. 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് നോട്ടീസുകളാണ് ഡിആർഐ പുറത്തിറക്കിയിരിക്കുന്നത്. 2017 മുതൽ 2020 വരെയുള്ള കാലങ്ങളിലാണ് ഈ ഡ്യൂട്ടി വെട്ടിപ്പ് നടന്നിരിക്കുന്നത്. ഇന്ത്യയിലെ കരാർ നിർമാതാക്കളും ഇതിന് കൂട്ടുനിന്നതായി റവന്യൂ ഇന്റലിജൻസ് പറയുന്നു.
ഇന്ത്യയിലെ മുൻനിര ആൻഡ്രോയിഡ് സ്മാർട്ഫോൺ നിർമാതാക്കളായ ഷാവോമിയുടെ ഓഫീസുകളിൽ ഡിആർഐ പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടത്തിയത്. ക്വാൽകോം യുഎസ്എയ്‍ക്കും ബെയ്ജിങ് ഷാവോമി മൊബൈൽ സോഫ്റ്റ് വെയർ കമ്പനി ലിമിറ്റഡിനും ലൈസൻസ് ഫീയും റോയൽറ്റിയും നൽകുന്നതുമായി ബന്ധപ്പെട്ട രേഖകളും ഇക്കൂട്ടത്തിലുണ്ട്.
ക്വാൽകോമിനും, ചൈനയിലെ ഷാവോമി കമ്പനിയ്‍ക്കും നൽകിയ റോയൽറ്റിയും ലൈസൻസ് ഫീയും ഷാവോമി ഇന്ത്യയും അതിന്റെ കരാർ നിർമാതാക്കളും ഇറക്കുമതി ചെയ്ത ചരക്കുകളുടെ ഇടപാടുകളിൽ ചേർത്തിരുന്നില്ല.
ഇത് കസ്റ്റംസ് ആക്റ്റ് 1962 ലെ സെക്ഷൻ 14 ന്റെയും 2007 ലെ കസ്റ്റംസ് വാല്വേഷൻ (ഇറക്കുമതി ചെയ്ത ചരക്കുകളുടെ മൂല്യം നിശ്ചയിക്കൽ) റൂളിന്റെയും ലംഘനമാണ്.
പുറം രാജ്യങ്ങളിൽ നിന്നും നിന്ന് ഫോണുകൾ ഇറക്കുമതി ചെയ്തും ഫോണിന്റെ അനുബന്ധ ഭാഗങ്ങൾ ഇന്ത്യയിലെത്തിച്ച് കൂട്ടിച്ചേർത്തുമാണ് ഷാവോമി ഇന്ത്യയിൽ ഫോണുകൾ വിറ്റിരുന്നത്. ഇന്ത്യയിലെ കരാർ നിർമാതാക്കൾ നിർമിക്കുന്ന ഫോണുകൾ ഇന്ത്യയിൽ മാത്രമാണ് വിറ്റഴിച്ചിരുന്നത്.
ക്രമക്കേടുമായി ബന്ധപ്പെട്ട് ഷാവോമിയ്‍ക്കും ഓപ്പോയ്‍ക്കും എതിരെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തുന്നുണ്ട്.
Content Highlights: Xiaomi India evaded ₹653 cr customs duty, says DRI