ഇന്റർനെറ്റ് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. കോവിഡ് മഹാമാരി ഭൂലോകത്തെ പിടിച്ചുലച്ചപ്പോഴും ഇന്റർനെറ്റിന്റെയും അനുബന്ധ സ്മാർട്ട് ഉപാധികളുടെയും ഉപയോഗവും ആവശ്യകതയും കൂടുകയാണ് ചെയ്തത്. കോവിഡ് അടച്ചിടൽ മൂലം ഓഫീസിടങ്ങളും പള്ളിക്കൂടങ്ങളും നാല് ചുവരുകളിലേക്ക് ഒതുങ്ങിക്കൂടിയതും ഇതിന് കാരണമായി. പണമിടപാട് മുതൽ ഭക്ഷണം വാങ്ങുന്നതുവരെ ഡിജിറ്റലായത് സാധാരണക്കാരനെ വരെ ഇന്റർനെറ്റിന്റെ മായാലോകത്തേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചു. ഇന്റർനെറ്റ് എന്നത് ഭീമൻ മഞ്ഞുമലയാണെങ്കിൽ, അതിന്റെ ചെറിയ ഒരു അഗ്രം മാത്രമാണ് ഒരു സാധാരണ ഉപയോക്താവ് കാണുന്നതും ഉപയോഗിക്കുന്നതും.
ഇന്റർനെറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന പേരാണ് ഗൂഗിൾ. അതേ, ടെക് ഭീമനായ ഗൂഗിൾ തന്നെ. ചൈന എന്ന വൻകിട രാജ്യമൊഴിച്ചു നിർത്തിയാൽ, ലോകമെമ്പാടുമുള്ള ശരാശരി ഇന്റർനെറ്റ് ഉപയോക്താക്കൾ എന്തിനും ഏതിനും ആശ്രയിക്കുന്ന ഏറ്റവും വലിയ സേർച്ച് എൻജിനാണ് ഗൂഗിൾ. പിന്നാലെ ബിങ്, യാഹൂ, ബൈഡു എന്നിങ്ങനെ നീളുന്ന ഒരു വലിയ നിരയുമുണ്ട്. എല്ലാ വർഷാവസാനവും ഗൂഗിൾ അവരുടെ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞതെന്ത് എന്ന കണക്കുകൾ പല വിഭാഗങ്ങളായി തിരിച്ചു പുറത്തു വിടാറുണ്ട്. ലോകം മൊത്തമായി ഉള്ളതും വെവ്വേറെ രാജ്യങ്ങളായും അവലോകനം ചെയ്ത് തരംതിരിച്ചാണ് ഈ കണക്കുകൾ സാധാരണ പുറത്തുവിടാറുള്ളത്. പതിവ് പോലെ 2021 വർഷാവസാനമായതോടെ ഗൂഗിൾസ് ഇയർ ഇൻ സേർച്ച് 2021 (Googles Year in Search 2021) എന്ന പേരിൽ ഗൂഗിൾ ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നു.
ഓരോ വിഭാഗത്തിലും ആദ്യ പത്ത് സ്ഥാനങ്ങളിൽ വന്നവ ഏതെന്നുള്ള വിവരങ്ങളാണ് ഗൂഗിൾ പുറത്തുവിട്ടിരിക്കുന്നത്. ആഗോളമായുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞവ, വാർത്തകളിൽ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ചത്, കൂടുതൽ ആളുകൾ തിരഞ്ഞ അഭിനേതാക്കൾ, ഭക്ഷണം, കായികതാരങ്ങൾ, ഗെയിമുകൾ, സിനിമകൾ, സ്പോർട്സ് ടീം, ടെലിവിഷൻ പരമ്പരകൾ, ഗാനങ്ങൾ, വ്യക്തികൾ എന്നിങ്ങനെയായി തരം തിരിച്ചിരിക്കുന്നു വിഭാഗങ്ങൾ.
2021-ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് (Top Searches 2021)
1) Australia vs India
2) India vs England
3) IPL
4) NBA
5) Euro 2021
6) Copa América
7) India vs New Zealand
8) T20 World Cup
9) Squid Game
10) DMX
2021-ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വിഷയങ്ങളിൽ ആദ്യ എട്ട് സ്ഥാനങ്ങളിലും വ്യത്യസ്ത കായിക ഇനങ്ങളുമായി ബന്ധപ്പെട്ട ടൂർണമെന്റുകളും മത്സരങ്ങളുമാണ് എന്നത് കൗതുകമുണർത്തുന്ന വസ്തുതയാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരമാണ് അതിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ വിഷയം. തൊട്ട് പിന്നാലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിൽ), ഫുട്ബോൾ ടൂർണമെന്റുകളായ യൂറോ കപ്പ് 2021-ഉം കോപ്പ അമേരിക്കയും തൊട്ടടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്നു. ഇന്ത്യ Vs ന്യൂസിലൻഡ്, ടി 20 ക്രിക്കറ്റ് വേൾഡ് കപ്പ് എന്നിവ 7 ഉം 8 ഉം സ്ഥാനങ്ങളിലാണുള്ളത്. ഓടിടി പ്ലാറ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ദക്ഷിണ കൊറിയൻ ടെലിവിഷൻ പരമ്പരയായ സ്ക്വിഡ് ഗെയിം ആണ് 9-ാം സ്ഥാനത്ത്. പ്രശസ്ത അമേരിക്കൻ റാപ് ഗായകൻ ഡിഎംഎക്സ് എന്നറിയപ്പെടുന്ന എൾ സിമൻസിന്റെ അപ്രതീക്ഷിത വിയോഗം കൂടുതൽ ആളുകൾ തിരഞ്ഞ വിഷയമായി 10-ാം സ്ഥാനത്തും രേഖപ്പെടുത്തി.
വാർത്തകളിൽ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ചത് (Top News Searches 2021)
1) Afghanistan
2) AMC Stock
3) COVID Vaccine
4) Dogecoin
5) GME Stock
6) Stimulus Check
7) Georgia Senate Race
8) Hurricane Ida
9) COVID
10) Ethereum Price
ഏറ്റവും പുതിയ വാർത്തകളറിയാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. 2021-ൽ വാർത്തകളിൽ ഏറ്റവും കൂടുതൽ ഇടം പിടിച്ചത് അഫ്ഗാനിസ്ഥാൻ ആയിരുന്നു. താലിബാൻ അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്തതും തുടർന്ന് അമേരിക്കയുമായി നടന്ന സംഘർഷങ്ങളുമാണ് ആളുകൾ കൂടുതലായി അന്വേഷിച്ചത്. എഎംസി എന്റർടൈൻമെന്റ് കമ്പനി (AMC Entertainment Holdings Inc) യുടെ ഓഹരികളെ കുറിച്ചുള്ള വാർത്തകൾ രണ്ടാം സ്ഥാനത്തെത്തി.
ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് 19 മഹാമാരിക്കെതിരെ വാക്സിനേഷൻ യജ്ഞങ്ങൾ തുടങ്ങിയത് 2021 ന്റെ തുടക്കത്തിലായിരുന്നു. കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയും എങ്ങനെ വാക്സിനുകൾക്ക് വേണ്ടി രജിസ്റ്റർ ചെയ്‌യാം എന്ന അന്വേഷണങ്ങൾ “കോവിഡ് വാക്സിനെ” മൂന്നാം സ്ഥാനത്തേക്കുയർത്തി. സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ബില്ലി മാർക്കസും ജാക്സൺ പാമറും ചേർന്ന് സൃഷ്ടിച്ച ക്രിപ്റ്റോകറൻസിയായ ഡോജ്കോയിൻ, അമേരിക്കൻ ഇലക്‍ട്രോണിക്സ് കമ്പനിയായ ഗെയിംസ്റ്റോപ്പ് കോർപ്-ന്റെ ഓഹരിയെകുറിച്ചുള്ള വർത്തകളും യഥാക്രമം 4,5 സ്ഥാനങ്ങളിൽ എത്തി. സ്റ്റിമുല്സ് ചെക്ക്, ജോർജിയ സെനറ്റ് റേസ്, ഐഡ ചുഴലിക്കാറ്റ്, വികേന്ദ്രീകൃത ഓപ്പൺ സോഴ്സ് ബ്ലോക്ക്ചെയിൻ ആയ എതേറിയതിന്റെ വിലയെപ്പറ്റിയുള്ള വാർത്തകളും ആദ്യ 10-ൽ ഇടം പിടിച്ചു.
ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ അഭിനേതാക്കൾ ( Top Searched Actors 2021 )
1) Alec Baldwin
2) Pete Davidson
3) Aryan Khan
4) Gina Carano
5) Armie Hammer
6) Carmen Salinas
7) Shehnaaz Gill
8) Elliot Page
9) Dave Chappelle
10) Brenda Song
അമേരിക്കൻ നടനും എഴുത്തുകാരനും ഹാസ്യനടനും ചലച്ചിത്ര നിർമ്മാതാവും രാഷ്ട്രീയ പ്രവർത്തകനുമായ അലക്സാണ്ടർ റേ ബാൾഡ്വിൻ മൂന്നാമൻ എന്ന അലക് ബാൾഡ്വിൻ ആണ് ഏറ്റവും കൂടുതൽ തിരയപ്പെട്ട അഭിനേതാവ്. അമേരിക്കൻ കൊമേഡിയനായ പീറ്റർ മൈക്കൾ ഡേവിഡ്സൺ രണ്ടാം സ്ഥാനത്തെത്തി.
മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖാന്റെ മകൻ ആര്യൻ ഖാനാണ്. ആഡംബര കപ്പലിലെ ലഹരികടത്തു കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആര്യൻ ഖാൻ അകപ്പെട്ടതോടെ അതുസംബന്ധിച്ചുള്ള വിവരങ്ങൾ ആളുകൾ കൂടുതലായി അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് ആര്യൻ ഖാൻ മൂന്നാം സ്ഥാനത്തെത്തിയത്. അമേരിക്കൻ അഭിനേതാക്കളായ ജിന കറാനോ, ആർമി ഹാമ്മർ എന്നിവർ തുടർ സ്ഥാനങ്ങളിൽ എത്തി. മെക്സിക്കൻ അഭിനേത്രി കർമെൻ സലിനസ് ആണ് ആറാം സ്ഥാനത്ത്. ഷെഹനസ് ഗിൽ, എലിയോട്ട് പേജ്, ഡേവ് ചാപ്പൽ, ബ്രെണ്ട സോങ് എന്നിവരാണ് ബാക്കി സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ച കായിക താരങ്ങൾ ( Top Searched Athletes 2021 )
1) Christian Eriksen
2) Tiger Woods
3) Simone Biles
4) Emma Raducanu
5) Henry Ruggs III
6) Neeraj Chopra
7) Shohei Ohtani
8) Odell Beckham Jr.
9) Rafael Nadal
10) Tyson Fury
ആദ്യമായി ഒരു അത്ലറ്റിക്സ് ഇനത്തിൽ (ജാവലിൻ ത്രോ) ഇന്ത്യക്കുവേണ്ടി സ്വർണ്ണമെഡൽ നേടിയ നീരജ് ചോപ്ര ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനമായത് 2021-ലാണ്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതലാളുകൾ അന്വേഷിച്ച കായിക താരങ്ങളുടെ പട്ടികയിൽ നീരജ് ചോപ്ര മൂന്നാം സ്ഥാനത്ത് എത്തി. യൂറോ 2020 ടൂർണമെന്റിൽ 2021 ജൂൺ 12 ന് പാർക്കൻ സ്റ്റേഡിയത്തിൽ ഫിൻലൻഡിനെതിരായ ഡെന്മാർക്കിന്റെ മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സൺ ഹൃദയാഘാതത്തെ തുടർന്ന് ഗ്രൗണ്ടിൽ കുഴഞ്ഞുവീണത് ഇന്റർനെറ്റിനെ ഒന്നാകെ സങ്കടപ്പെടുത്തി ഒരു ചിത്രമായിരുന്നു. അദ്ദേഹത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും ആരോഗ്യനിലയിലെ പുരോഗതിയും ആളുകൾ തിരയാൻ തുടങ്ങിയതോടെയാണ് ക്രിസ്റ്റ്യൻ എറിക്സൺ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. പ്രശസ്ത ഗോൾഫ് താരമായ ടൈഗർ വുഡ്സ്, ടെന്നീസ് താരമായ റാഫേൽ നദാൽ, പ്രൊഫഷണൽ ബോക്സർ ടൈസൺ ഫ്യൂറിയെ പോലെയുള്ള പ്രശസ്തരും ആദ്യ പത്തിൽ ഇടം നേടി.
ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ഭക്ഷണം ( Top Searched Food 2021 )
1) Birria tacos
2) Nasi goreng
3) Feta pasta
4) Charcuterie board
5) Shōgayaki
6) Potato Soup
7) Teriyaki Amberjack
8) Tonjiru
9) Baked oats
10) Overnight oats
ബിരിയാ ടാക്കോസ് എന്ന മെക്സിക്കൻ സൂപ്പിനെ കുറിച്ചാണ് ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ചത്. നാസി ഗോറെംഗ് എന്ന തെക്കുകിഴക്കൻ ഏഷ്യൻ ഫ്രൈഡ് റൈസ് വിഭവമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ടിക് ടോക് എന്ന വീഡിയോ ക്രിയേറ്റർ പ്ലാറ്റ്ഫോം വഴി പ്രശസ്തി നേടിയ ഫെറ്റ പാസ്ത എന്ന വിഭവമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ബേക്കഡ് ഓട്സ്, പൊട്ടറ്റോ സൂപ്പ് എന്നിവയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ഗെയിമുകൾ (Top Searched games 2021)
1) PopCat
2) FIFA 22
3) Battlefield 2042
4) Monster Hunter Rise
5) Resident Evil Village
6) Genshin Impact
7) Call of Duty: Vanguard
8) Far Cry 6
9) Madden NFL 22
10) Metroid Dread
ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പോപ്കാറ്റ് എന്ന ലളിതവും ഇന്റർനെറ്റ് അധിഷ്ഠിതവുമായ ഒരു ക്ലിക്കർ ഗെയിമാണ്, മൗസ് കർസർ ക്ലിക്കുകളിലൂടെയാണ് സ്കോർ നേടുന്നത്. ഫിഫ 22 എന്ന ഫുട്ബോൾ ഗെയിം ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇലക്‍ട്രോണിക് ആർട്സ് എന്ന കമ്പനി പ്രസിദ്ധീകരിച്ച ഒരു ഫസ്റ്റ്-പേഴ്സൺ ഷൂട്ടർ വീഡിയോ ഗെയിമായ ബാറ്റിൽഫീൽഡ് 2042 ആണ് മൂന്നാം സ്ഥാനത്തുള്ളത്. റസിഡന്റ് ഈവിൾ, കാൾ ഓഫ് ഡ്യൂട്ടി പോലെയുള്ള മറ്റു പ്രമുഖ ഗെയിമുകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ (Top Searched Movies 2021)
1) Eternals
2) Black Widow
3) Dune
4) Shang-Chi and the Legend of the Ten Rings
5) Red Notice
6) Mortal Kombat
7) Cruella
8) Halloween Kills
9) Godzilla vs. Kong
10) Army of the Dead
2021-ൽ പുറത്തിറങ്ങിയ മാർവൽ സ്റ്റുഡിയോ നിർമ്മിക്കുകയും വാൾട്ട് ഡിസ്നി വിതരണം ചെയ്‌യുകയും ചെയ്ത എറ്റേർണൽസ്, ബ്ലാക്ക് വിഡോ എന്ന ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 2021ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ ഡ്യൂൺ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഷാങ് ചി, ഡ്വെയ്ൻ ജോൺസൻ പ്രധാന വേഷത്തിൽ എത്തിയ റെഡ് നോട്ടീസ്, മോർട്ടൽ കോംബാറ്റ്, ക്രൂവല്ല, ഹാലോവീൻ കിൽസ്, ഗോഡ്സില്ല, ആർമി ഓഫ് ദി ഡെഡ് എന്നീ സിനിമകളാണ് പട്ടികയിൽ ഇടം പിടിച്ച മറ്റു സിനിമകൾ.
ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ടെലിവിഷൻ പരമ്പരകൾ (Top Searched Television Shows 2021)
1) Squid Game
2) Bridgerton
3) WandaVision
4) Cobra Kai
5) Loki
6) Sweet Tooth
7) Lupin
8) Ginny and Georgia
9) True Beauty
10) BBB21
നെറ്റ്ഫ്ലിക്സിനായി ഹ്വാങ് ഡോങ്-ഹ്യുക് സൃഷ്ടിച്ച ദക്ഷിണ കൊറിയൻ ടെലിവിഷൻ പരമ്പരയായ സ്ക്വിഡ് ഗെയിമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അതിജീവനത്തിനായി പല ഗെയിമുകളിൽ ഏർപ്പെടുന്ന ഒരു കൂട്ടം ആൾക്കാരുടെ കഥയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്ക്വിഡ് ഗെയിം വളരെ പ്രശംസ നേടിയിരുന്നു. അമേരിക്കൻ ടെലിവിഷൻ പരമ്പരകളായ ബ്രിഡ്ജർടൺ, വാണ്ട വിഷൻ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കോബ്ര കയ്, ലോകി പോലെയുള്ള പ്രമുഖ ടെലിവിഷൻ പരമ്പരകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സ്പോർട്സ് ടീമുകൾ (Top Searched Sports Team 2021)
1) Real Madrid CF
2) Chelsea F.C.
3) Paris Saint-Germain F.C.
4) FC Barcelona
5) Sociedade Esportiva Palmeiras
6) Los Angeles Lakers
7) Sport Club Corinthians Paulista
8) Boston Red Sox
9) São Paulo FC
10) Manchester City F.C.
റയൽ മാഡ്രിഡ് എന്ന് വിളിക്കപ്പെടുന്ന റയൽ മാഡ്രിഡ് ക്ലബ് ഡി ഫുട്ബോൾ മാഡ്രിഡ് ആസ്ഥാനമായുള്ള സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെയും സെർജിയോ റാമോസിന്റെയും മുൻ ക്ലബ് കൂടിയായിരുന്നു റയൽ മാഡ്രിഡ്. ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബായ ചെൽസിയും ഫ്രാൻസ് ആസ്ഥാനമായുള്ള പ്രൊഫഷണൽ ഫുട്ബോൾ ടീമായ പാരീസ് സെയിന്റ് ജർമൻ-പി.എസ്.ജി യുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. എഫ് സി ബാർസിലോണ, മാഞ്ചസ്റ്റർ സിറ്റി പോലെയുള്ള പ്രമുഖ ക്ലബ്ബുകളും 2021 ലെ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
1) drivers license, Olivia Rodrigo
2) MONTERO (Call Me by Your Name), Lil Nas X
3) INDUSTRY BABY, Lil Nas X feat. Jack Harlow
4) Fancy Like, Walker Hayes
5) MAPA, SB19
6) good 4 u, Olivia Rodrigo
7) Butter, BTS
8) Jalebi Baby, Tesher
9) Wellerman, Nathan Evans
10) Good Days, SZA
അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ഒലീവിയ റോഡ്രിഗോയുടെ ആദ്യ സിംഗിളാണ് ഡ്രൈവേഴ്സ് ലൈസൻസ്. 2021 ജനുവരി എട്ടിനാണ് ഗാനം റിലീസായത്. സോർ (Sour) എന്ന ഒലീവിയയുടെ ആദ്യ സ്റ്റുഡിയോ ആൽബത്തിലെ ലീഡ് സിംഗിളാണ് ഡ്രൈവേഴ്സ് ലൈസൻസാണ് ഏറ്റവും കൂടുതൽ ആളുകൾ സന്വേഷിച്ച ഗാനങ്ങളുടെ പട്ടികയിൽ ഒന്നാമത്. ഗാനം ഇതിനോടകം തന്നെ 32.8 കോടിയിലധികം തവണ യൂട്യൂബിൽ പ്ലേ ചെയ്‌യപ്പെട്ടു കഴിഞ്ഞു. 7.9 മില്യൺ ലൈക്കുകളാണ് ഗാനം ഇതുവരെ നേടിയിട്ടുള്ളത്.
രണ്ടാം സ്ഥാനത്ത് അമേരിക്കൻ റാപ്പറും ഗായകനുമായ ലിൽ നാസ് എക്സിന്റെ മോണ്ടെറോ ആണ്. 2021 മാർച്ച് 26 ലാണ് റിലീസ് ചെയ്തത്. ഓൾഡ് ടൗൺ റോഡിന് ശേഷം ലിൽ നാസ് എക്സിന് ലഭിച്ച ഏറ്റവും വലിയ ഹിറ്റാണ് മോണ്ടെറോ. ബിൽബോർഡ് ഹോട്ട് 100 ൽ ടോപ് പൊസിഷനിലെത്തിയ ഗാനത്തിന്റെ വിഷയം സ്വവർഗ്ഗാനുരാഗമാണ്. 41.5 കോടിയിലേറെ തവണ ഗാനം യൂട്യൂബിലൂടെ ആരാധകർ കേട്ടു. 9.6 മില്യൺ ലൈക്കുകൾ ഗാനം നേടി. പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ലിൽ നാസ് എക്സും അമേരിക്കൻ റാപ്പർ ജാക്ക് ഹാർലോയും ചേർന്നൊരുക്കിയ ഇൻഡസ്ട്രി ബേബി മോണ്ടെറോ എന്ന ആൽബത്തിലെ മൂന്നാമത്തെ സിംഗിളാണ്. 2021 ജൂലായ് 23 ന് പുറത്തിറങ്ങിയ ഗാനം 26.2 കോടിയിലേറെ തവണ സംഗീതപ്രേമികൾ കണ്ടു കഴിഞ്ഞു. 6.8 മില്യൺ ലൈക്കുകൾ ഗാനത്തിന് ലഭിച്ചു.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഇന്ത്യയിൽ എത്രത്തോളം വലുതും ഭീകരവുമായിരുന്നു എന്ന് ഗൂഗിൾ പുറത്തു വിട്ട വിവരങ്ങളിൽ നിന്ന് വ്യക്തമാണ്.
ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ പരിശോധിക്കാം.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിൽ), കോവിഡ് വാക്സിൻ രജിസ്ട്രേഷന് വേണ്ടിയുള്ള കോവിൻ പോർട്ടൽ, ഐസിസി ടി20 വേൾഡ് കപ്പ് എന്നിവയാണ് ഇന്ത്യക്കാർ 2021-ൽ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയങ്ങൾ.
നിയർ മീ (Near Me) എന്ന വിഭാഗത്തിൽ തൊട്ടടുത്തുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ, കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങൾ, ഫുഡ് ഡെലിവറി, ഓക്സിജൻ സിലിണ്ടർ ലഭ്യതയുള്ള സ്ഥലങ്ങൾ, കോവിഡ് ആശുപത്രികൾ പോലെയുള്ളവ കണ്ടു പിടിക്കാനുള്ള അന്വേഷണങ്ങളാണ് പട്ടികയിൽ മുന്നിൽ.
ഹൗ ടു (How to) എന്ന വിഭാഗത്തിൽ കോവിഡ് വാക്സിന് വേണ്ടി എങ്ങനെ രജിസ്റ്റർ ചെയ്‌യാം, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്‌യാം, ഓക്സിജൻ ലെവൽ എങ്ങനെ കൂട്ടാം, പാൻകാർഡും ആധാറും എങ്ങനെ ലിങ്ക് ചെയ്‌യാം, ഓക്സിജൻ വീട്ടിൽ എങ്ങനെ നിർമിക്കാം എന്നീ ചോദ്യങ്ങളാണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത്.
വാട്ട് ഈസ് (What is) എന്ന വിഭാഗത്തിൽ ബ്ലാക്ക് ഫംഗസ് രോഗം, താലിബാൻ, റെമഡിസിവിർ എന്നിങ്ങനെയുള്ള അന്വേഷങ്ങളും ഉണ്ടായിരുന്നു. ടോക്കിയോ ഒളിമ്പിക്സ്, ബ്ലാക്ക് ഫംഗസ്, അഫ്ഗാനിസ്ഥാൻ എന്നീ വിഷയങ്ങളാണ് ന്യൂസിൽ ആളുകൾ കൂടുതലായും തിരഞ്ഞത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ച സിനിമയുടെ പട്ടികയിൽ സൂര്യ നായകനായ തമിഴ് സിനിമ ജയ് ഭീം (Jai Bhim) ഒന്നാം സ്ഥാനത്തും വിക്രം ബത്ര എന്ന സൈനിക ഉദ്യോഗസ്ഥന്റെ യഥാർത്ഥ കഥ വിവരിച്ച ശേർഷാ (Shershaah) എന്ന സിനിമ രണ്ടാം സ്ഥാനത്തും എത്തി. സൂപ്പർസ്റ്റാർ വിജയുടെ മാസ്റ്റർ പട്ടികയിൽ ആറാമതും മോഹൻലാൽ അഭിനയിച്ച മലയാള സിനിമ ദൃശ്യം 2 പട്ടികയിൽ ഒമ്പതാം സ്ഥാനത്തും എത്തി.
ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തിത്വങ്ങളിൽ ഒന്നാമതായി ടോക്കിയോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര, രണ്ടാമതായി ബോളിവുഡ്താരം ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ, മൂന്നാമതായി ഇന്ത്യൻ നായിക ഷെഹനാസ് ഗിൽ എന്നിവരും പട്ടികയിൽ ഇടം നേടി.
ഗൂഗിൾ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ ഗൂഗിൾ ട്രെൻഡ്സ് വഴി പുറത്തുവിട്ട വിവരങ്ങളാണ് ചേർത്തിരിക്കുന്നത്.
Content Highlights : Google Year in Search 2021 Global and India