ഒന്നാം പിണറായി സർക്കാരിൽ സിപിഐയുടെ കെ രാജനായിരുന്നു ചീഫ് വിപ്പ്. അദ്ദേഹത്തിന് വളരെക്കുറച്ച് അംഗങ്ങൾ മാത്രമാണ് പഴ്സനൽ സ്റ്റാഫിൽ ഉണ്ടായിരുന്നത്, എന്നാൽ മന്ത്രിമാരുടെ അത്രയും സ്റ്റാഫിനെ നിയോഗിച്ചിരിക്കുകയാണ്. ഇത്രയും സ്റ്റാഫിന്‍റെ ആവശ്യമുണ്ടോയെന്ന ചോദ്യത്തിനാണ് ഒരു ആവശ്യവുമില്ലാത്ത കാര്യമാണെന്ന് വിഎസ് സുനിൽകുമാർ മറുപടി നൽകിയത്. ഗൺമാനെ പോലും വയ്ക്കാതെയായിരുന്നു രാജൻ പ്രവർത്തിച്ചിരുന്നതെന്നും സുനിൽകുമാർ ചൂണ്ടിക്കാട്ടി.
Also Read :
“ചീഫ് വിപ്പ് എന്നതു കാബിനറ്റ് പദവി മാത്രമാണ്. വളരെ ലളിതമായി പാർട്ടി ഏൽപ്പിച്ച ഒരു ഉത്തരവാദിത്തം നിർവഹിക്കുകയാണ് രാജൻ ചെയ്തത്. അതു പോലെ തന്നെ തുടരേണ്ട കാര്യമേയുള്ളൂ. ഇതെല്ലാം ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി കൂടി തീരുമാനിക്കേണ്ട കാര്യമാണ്.” വിഎസ് സുനിൽകുമാർ പറഞ്ഞു.
യുഡിഎഫ് സർക്കാർ കാലത്ത് ചീഫ് വിപ്പായിരുന്നു പിസി ജോർജ് ഇങ്ങനെ ചെയ്തപ്പോൾ ഇടതുപക്ഷം എതിർത്തിരുന്നു. എന്നിട്ട് ഇപ്പോൾ എന്തിന് ഇങ്ങനെ ചെയ്തു എന്ന് എനിക്കു മനസ്സിലാകുന്നില്ലെന്നും സുനിൽകുമാർ പറഞ്ഞു. “വളരെ ചെറിയ അധികാരമാണ് ചീഫ് വിപ്പിനുള്ളത്. ആ പദവി ആയിക്കോട്ടെ. പക്ഷേ അതിനു ചേരുന്ന സൗകര്യങ്ങളെ പാടുള്ളൂ. ഇത്തരം കാര്യങ്ങളിൽ പക്വത കാണിക്കണം. പരിമിതപ്പെടുത്തേണ്ടയിടത്ത് പരിമിതപ്പെടുത്തണം.” എന്നും മുൻ കൃഷിമന്ത്രി ചൂണ്ടിക്കാട്ടി.
Also Read :
മന്ത്രിയ്ക്കും വിപ്പിനും ഒരേ പോലെ എന്ന രീതി ജനങ്ങൾ അംഗീകരിക്കില്ല. നമുക്കെതിരെ വരുന്ന ആരോപണങ്ങളെ ബലപ്പെടുത്തുന്നതാകും ഇത്തരം നടപടിയെന്നും വിഎസ് സുനിൽകുമാർ പറയുന്നു.
സംസ്ഥാന പോലീസിനെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് പ്രതികരിച്ച വിഎസ് സുനിൽകുമാർ പോലിസ് സേനയിൽ ഒരു ശുദ്ധീകരണം വേണമെങ്കിൽ അതു ചെയ്യണമെന്നാണ് തന്‍റെ അഭിപ്രായം എന്നും വ്യക്തമാക്കി. വർഗീയതയില്ലാത്ത പോലീസാണ് നമ്മുടേത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും സമർഥമായ സേന ഉണ്ടാകില്ല. ചില ആളുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കർശനമായി കൈകാര്യം ചെയ്തു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.