ജനുവരി മൂന്നിന് സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ലിയോണാർഡ് ധൂമകേതു എന്നന്നേക്കുമായി സൗരയൂഥം വിട്ടുപുറത്തേക്കുള്ള യാത്ര ആരംഭിക്കുകയാണ്. ജനുവരി 10-വരെ ആകാശത്ത് പടിഞ്ഞാറുഭാഗത്ത് ദക്ഷിണമീനം നക്ഷത്രസമൂഹത്തിന് സമീപം സൂര്യാസ്തമയം കഴിഞ്ഞ് ബൈനോക്കുലറിലൂടെയോ ടെലിസ്കോപ്പിലൂടെയോ ഈ ധൂമകേതുവിനെ കാണാം.
2021 ജനുവരിയിൽ ഗ്രിഗറി ലിയോണാർഡ് എന്ന ശാസ്ത്രജ്ഞൻ അമേരിക്കയിലെ മൗണ്ട് ലെമ്മൺ ഒബ്സർവേറ്ററി ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്. ഈ മാസം ആദ്യമാണ് ലിയോണാർഡ് ധൂമകേതു ഭൂമിക്കരികിലൂടെ മറികടന്നു പോയത്.
അടുത്തിടെ ധൂമകേതുവിന്റെ വാലിൽ അസ്വാഭാവികമായൊരു മാറ്റം ശ്രദ്ധിക്കപ്പെട്ടിരുന്നു. വാലിനുള്ളിൽ വാൽ എന്ന പോലെ. ഡിസ് കണക്ഷൻ ഇവന്റ് എന്നാണിതിനെ ബഹിരാകാശ ഗവേഷകനായ ടോണി ഫിലിപ്സ് വിളിച്ചത്. സൗരക്കാറ്റിന്റെ ഫലമായി വാലിന്റെ ഒരു കഷ്ണം വേർപെട്ടുപോവുന്ന പ്രക്രിയയാണിത്. 2007 ൽ സമാനമായൊരു പ്രതിഭാസം നാസ പകർത്തിയിരുന്നു.
ഇതിനകം ലിയോനാർഡിന്റെ മനോഹരമായ നിരവധി ചിത്രങ്ങൾ പകർത്താൻ ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഗവേഷണ വിദ്യാർഥിയും ജ്യോതിശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരള അംഗവുമായ ശ്രീരാഗ് എസ്.ജെ. വിതുരയിൽനിന്ന് ഡിസംബർ 27-ന് ക്യാമറയിൽ പകർത്തിയ ചിത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്.
സി/2021 എ1 എന്ന് പേര് നൽകിയിരിക്കുന്ന ധൂമകേതു ഭൂമിയോടടുത്ത് സൗരയൂധത്തിന്റെ ആന്തരിക ഭാഗത്തേക്ക് പ്രവേശിക്കുന്നത് ആദ്യമായാണ്. ഇനി ഒരിക്കലും അത് കാണുകയുമില്ല. ജനുവരി മൂന്ന് ആവുമ്പോഴേക്കും ഇത് സൂര്യനോട് ഏറ്റവും അടുത്ത ദൂരപരിധിയിലെത്തും.
Content Highlights: Comet Leonard closest approach to Earth and sun