2020 കളുടെ അവസാനത്തോടെ സ്വന്തം പൗരനെ ചന്ദ്രനിലിറക്കാനുള്ള പദ്ധതിയുമായി ജപ്പാൻ. മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള അമേരിക്കയുടെ ആർട്ടെമിസ് പദ്ധതിയിൽ ജപ്പാൻ കാരനെ കൂടി ഉൾപ്പെടുത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.
2024 ൽ ചൊവ്വാ പര്യവേക്ഷണ പേടകം വിക്ഷേപിക്കാനും ബഹിരാകാശത്ത് സോളാർ വൈദ്യുതി നിർമിക്കാനുള്ള വഴികൾ കണ്ടെത്താനും ജപ്പാൻ ലക്ഷ്യമിടുന്നു.
ജപ്പാന്റെ അയൽരാജ്യമായ ചൈനയും 2030-ഓടെ മനുഷ്യരെ ചന്ദ്രനിൽ അയക്കാനുള്ള ലക്ഷ്യത്തിന് പിറകെയാണ്. മേയിലാണ് ചൊവ്വയിൽ റോവർ ഇറക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന മാറിയത്. രണ്ട് വർഷം മുമ്പാണ് ചൈന ചൊവ്വയിൽ ആദ്യമായി പേടകം ഇറക്കിയത്.
ജാപ്പനീസ് വ്യവസായിയും കോടീശ്വരനുമായ യുസാകു മീസാവ ബഹിരാകാശ നിലയത്തിൽ 12 ദിവസം ചെലവഴിച്ച് മടങ്ങിയെത്തി ആഴ്ചകൾക്ക് ശേഷമാണ് ജപ്പാന്റെ പുതിയ പ്രഖ്യാപനം. ഒരു ദശാബ്ദത്തിന്റെ ഇടവേളയ്‍ക്ക് ശേഷം ബഹിരാകാശനിലയത്തിൽ സന്ദർശനം നടത്തുന്ന ആദ്യ സ്വകാര്യവ്യക്തിയാണ് ഇദ്ദേഹം.
മുമ്പ് അപ്പോളോ പദ്ധതിയ്‍ക്ക് ശേഷം നാസ ആസൂത്രണം ചെയ്‌യുന്ന ചാന്ദ്ര ദൗത്യമാണ് ആർട്ടെമിസ്. മനുഷ്യനെ ചന്ദ്രനിൽ വീണ്ടുമെത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കുക എന്നതുൾപ്പടെയുള്ള ലക്ഷ്യങ്ങളാണ് ഈ പദ്ധതിയ്‍ക്ക് പിറകിലുള്ളത്. അതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തത്തിനും അമേരിക്ക ശ്രമിക്കുന്നുണ്ട്.
Content Highlights: Japan aims to put Japanese person on the moon by late 2020s