ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വൺപ്ലസിന്റെ സ്മാർട്ട്ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ വൺപ്ലസ് 10 പ്രോ ജനുവരിയിൽ വിപണിയിലെത്തുമെന്ന് സഹസ്ഥാപകൻ പീറ്റ് ലോ. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വെയ്ബോയിൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലൂടെയാണ് അദ്ദേഹം വൺപ്ലസ് 10 പ്രോയുടെ ലോഞ്ചിനെ കുറിച്ച് വെളിപ്പെടുത്തിയത്.
വൺപ്ലസ് 9 പ്രോയുടെ പിൻഗാമിയായിട്ടാവും 10 പ്രോ വിപണിയിലെത്തുക. ക്വാൽകോമിന്റെ ഏറ്റവും പുതിയ പ്രോസസറായ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസ്സറിന്റെ കരുത്തോടെയാകും ഫോൺ പുറത്തിറക്കുക. എന്ന അഭ്യൂഹങ്ങളുണ്ട്. വൺപ്ലസ് 10 പ്രോയോടൊപ്പം വൺപ്ലസ് 10 മോഡലും വിപണിയിൽ എത്താനാണ് സാധ്യത.
വൺപ്ലസ് 10 പ്രോ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ചതുരാകൃതിയിലുള്ള പിൻ ക്യാമറകളാകും ഫോണിലുണ്ടാവുക. വൺപ്ലസ് 9 പ്രോയിൽ ഉൾപ്പെടുത്തിയിരുന്ന സൂം സംവിധാനത്തോട് കൂടിയ 48 മെഗാപിക്സലിന്റെ പ്രൈമറി ലെൻസ് ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റോഡ് കൂടിയ 6.7 ഇഞ്ച് ക്യുഎച്ഡി+ ഡിസ്പ്ലേയും, 12 ജിബി വരെ സപ്പോർട്ട് ചെയ്‌യുന്ന എൽപിഡിഡിആർ 5 റാം സംവിധാനം, 256 ജിബി സ്റ്റോറേജ് വരെ സപ്പോർട്ട് ചെയുന്ന യുഎഫ്എസ് 3.1, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്‌യുന്ന 5000mAh ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു പ്രധാന സവിശേഷതകൾ. ഐപി68 റേറ്റിങ്ങോട് കൂടി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 12 ഉം വൺപ്ലസിന്റെ തനത് ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓക്സിജൻ ഓഎസ് 12 ഉം ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2022 ജനുവരി 5 ന് ലാസ് വെഗാസിൽ നടക്കുന്ന CES 2022ൽ വൺപ്ലസ് 10 സീരീസ് ലോഞ്ച് ചെയ്‌യാൻ ആസൂത്രണം ചെയ്‌യുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗികമായ ഒരു തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല. ചൈനയിലെ ലോഞ്ച് കഴിഞ്ഞാലുടൻ തന്നെ, 2022-ന്റെ ആദ്യ പാദത്തോടെ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഫോൺ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: oneplus 10 may launch in january