ന്യൂഡല്ഹി > വോട്ടര്കാര്ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതടക്കം തെരഞ്ഞെടുപ്പ് നിയമങ്ങളില് ഭേദഗതി വരുത്തിയുള്ള ബില് രാജ്യസഭയും പാസാക്കി. ബില്ലില് എതിര്പ്പുയര്ത്തിയ പ്രതിപക്ഷം രാജ്യസഭയില് നിന്ന് ഇറങ്ങിപ്പോയി. ആവശ്യമായ കൂടിയാലോചനകള് നടത്തിയില്ലെന്നും, ബില് സ്റ്റാന്ഡിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണപക്ഷം നിരാകരിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില് പാസാക്കിയത്. കേന്ദ്രസര്ക്കാര് നീക്കം ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്ന് പ്രതിപക്ഷനേതാക്കള് പ്രതികരിച്ചു.
വോട്ടർ കാര്ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കില്ലെന്നാണ് സർക്കാർ നേരത്തേ അവകാശപ്പെട്ടത്. എന്നാൽ, നിർബന്ധിത ബന്ധിപ്പിക്കൽ ഉറപ്പുവരുത്തുന്നതാണ് പുതിയ ഭേദഗതി. സർക്കാർ അംഗീരിച്ച കാരണങ്ങളാൽ ആധാർ ഹാജരാക്കാൻ കഴിയാത്തവർക്കാണ് ഇളവ്. പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർ നിർബന്ധമായും ആധാർ നമ്പർ നൽകണം. പട്ടികയിൽ പേരുള്ളവർ നിശ്ചിത തീയതിക്കുള്ളിലും ആധാർ നമ്പർ നൽകണമെന്നും ബില്ലിൽ പറയുന്നു.
നാല് ഭേദഗതിയാണ് ബില്ലിൽ നിർദേശിക്കുന്നത്. നിലവിൽ ജനുവരി ഒന്നുവരെ 18 വയസ്സ് പൂർത്തിയായവർക്കാണ് ആ വർഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകുക. ഭേദഗതി പ്രകാരം ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് തീയതികൾക്കുള്ളിൽ പ്രായപൂർത്തിയാകുന്നവർക്കും ആ വർഷംതന്നെ പേര് ചേർക്കാനാകും. ജനപ്രാതിനിധ്യ നിയമത്തിലെ 14–-ാം വകുപ്പാണ് ഭേദഗതി ചെയ്തത്. 20–-ാം വകുപ്പിൽ ഭാര്യ എന്ന വാക്ക് പങ്കാളി എന്നാക്കി. പോളിങ് ബൂത്ത്, വോട്ടെണ്ണൽ കേന്ദ്രം, സാമഗ്രികൾ സൂക്ഷിക്കൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ താമസം തുടങ്ങിയ ആവശ്യങ്ങൾക്കായി ഏത് സ്ഥലവും ഏറ്റെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകുന്നുമുണ്ട്.