വടക്കൻ ഇംഗ്ലണ്ടിൽ ഒരു കാലത്ത് കാറിന്റെ വലിപ്പമുള്ള തേരട്ട ഉണ്ടായിരുന്നുവെന്ന് കണ്ടെത്തൽ. നോർത്തംബർലണ്ടിലെ ഒരു മലഞ്ചെരിവിൽനിന്ന് വീണ ഒരു കല്ലിൽനിന്ന് കണ്ടെത്തിയ ഫോസിലാണ് ഇത്തരം ഒരു നിരീക്ഷണത്തിലേക്ക് കേബ്രിജ് സർവകലാശാലയെ നയിച്ചത്.
തീർത്തും ആകസ്മികമായൊരു കണ്ടെത്തലായിരുന്നു ഇതെന്ന് കേബ്രിജ് സർവകലാസാലയിലെ എർത്ത് സയൻസസ് വിഭാഗത്തിൽ നിന്നുള്ള ഡോ. നീൽ ഡേവിസ് പറഞ്ഞു. മലഞ്ചെരിവിൽനിന്ന് വീണ പാറ അതിനുള്ളിൽ മറഞ്ഞിരുന്ന ഫോസിൽ വെളിവാകും വിധത്തിൽ പൊട്ടിപ്പിളരുകയായിരുന്നു. അതുവഴി പോയ സർവകലാശാലയിലെ ഒരു പിഎച്ച്ഡി വിദ്യാർത്ഥിയാണ് ഇത് കണ്ടെത്തിയത്.
ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ തേരട്ടയുടെ ഫോസിലാണ് ഇതെന്ന് ഗവേഷക സംഘം പറഞ്ഞു. ഇതിന് 2.7 മീറ്റർ നീളവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നതായും അവർ പറയുന്നു. ഏകദേശം 32.6 കോടി വർഷങ്ങൾക്ക് മുമ്പാണ് ഇവ ജീവിച്ചിരുന്നത്. ആർത്രോപ്ല്യൂറ ജനുസിൽ പെടുന്നവയാണിവ. ജിയോളജിക്കൽ സൊസൈറ്റി ജേണലിൽ ഈ പഠനം
ഈ ഭീമൻ തേരട്ടയുടെ ഫോസിൽ അത്യപൂർവമാണ്. കാരണം സാധാരണ തേരട്ടകൾ ചത്താൽ അവയുടെ ശരീരം കഷ്ണങ്ങളായി വിഭജിച്ച് പോവുകയാണ് പതിവ്.
ഇപ്പോൾ കണ്ടെത്തിയ ഫോസിലിൽ തേരട്ടയുടെ തലയില്ല. അക്കാലത്ത് വളരെ പോഷകമുള്ള വസ്തുക്കളാണ് ഇവ കഴിച്ചിരുന്നത് എന്നാണ് ഗവേഷകരുടെ അനുമാനം. അക്കാലത്ത് ലഭ്യമായിരുന്ന കായ്കളും വിത്തുകളുമായിരിക്കാം ഇവ ഭക്ഷിച്ചിരുന്നത്. അക്കാലത്തുണ്ടായിരുന്ന പാമ്പുകൾ, മറ്റ് ഇഴജന്തുക്കൾ, തവളകൾ പോലുള്ള ജീവികളെ ഇവ ഭക്ഷിക്കാറുണ്ടായിരുന്നിരിക്കാം.
25 കോടി വർഷങ്ങൾക്ക് മുമ്പ് തന്നെ ആർത്രോപ്ല്യൂറ വിഭാഗത്തിലുള്ള ജീവികൾ വംശനാശം നേരിട്ടുവെന്നാണ് അറിയപ്പെടുന്നത്. എന്താണ് വംശനാശത്തിന് കാരണമായത് എന്ന് വ്യക്തമല്ല. ചിലപ്പോൾ ആഗോള താപനം കൊണ്ടായിരിക്കാം. മറ്റ് ഉരഗ ജീവി വർഗങ്ങൾ വളർന്നുവന്നതും ഇവയുടെ വംശനാശത്തിന് കാരണമായിട്ടുണ്ടാകാം.
കേബ്രിജ് സെഡ്ഗ്വിക്ക് മ്യൂസിയത്തിൽ ജനുവരി ഒന്നു മുതൽ ഫോസിൽ പ്രദർശനത്തിന് വെക്കും.
Content Highlights: Car-sized millipedes once roamed Northern England