മോസ്കോ: ബഹിരാകാശ നിലയത്തിലേക്ക് വിനോദസഞ്ചാരത്തിന് പോയ ജാപ്പനീസ് സഞ്ചാരികൾ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി. 12 ദിവസം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞതിനുശേഷമാണ് മൂവരും തിരിച്ചെത്തിയത്.
ഫാഷൻ രംഗത്തെ വ്യവസായിയായ യുസാകു മീസാവ, അദ്ദേഹത്തിന്റെ നിർമാതാവ് യോസോ ഹിരാനോ, റഷ്യൻ ബഹിരാകാശ ഗവേഷകൻ അലക്സാണ്ടർ മിസുർകിൻ എന്നിവരാണ് റഷ്യൻ സോയൂസ് പേടകത്തിൽ തിരിച്ചെത്തിയത്. കസാക്കിസ്ഥാനിലെ ഷെസ്കാസ്ഗൻ നഗരത്തിൽ നിന്ന് തെക്ക് കിഴക്ക് ഭാഗത്തായി 150 കിമീ ദൂരത്തായി രാവിലെ 9.13 നാണ് പേടകം വന്നിറങ്ങിയത്.
കനത്ത മേഘങ്ങളുണ്ടായിരുന്നതിനാൽ വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഇവർക്ക് വേണ്ടി ഒരുക്കിയിരുന്നത്. തിരിച്ചിറങ്ങിയവരെ വിശദ പരിശോധനകൾക്കായി മോസ്കോയ്‍ക്ക് പുറത്തുള്ള സ്റ്റാർ സിറ്റി സ്പേസ് ഫ്ളൈറ്റ് പ്രിപ്പറേഷൻ ഫെസിലിറ്റിയിലേക്ക് മാറ്റി.
2009 ന് ശേഷം ബഹിരാകാശ നിലയത്തിൽ സ്വയം പണം ചെലവിട്ട് സന്ദർശനം നടത്തുന്ന ആദ്യ വിനോദസഞ്ചാരികളാണ് 46 കാരനായ മീസാവയും 36 കാരനായ ഹിരാനോയും. റഷ്യൻ ഗവേഷകനായ മിസുർകിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ് പൂർത്തിയായത്.
12 ദിവസത്തെ യാത്രയ്‍ക്കായി 8 കോടിയിലേറെ യുഎസ് ഡോളറാണ് മീസാവ ചിലവാക്കിയത് എന്നാണ് വിവരം. കൃത്യമായ തുക അദ്ദേഹം പറഞ്ഞില്ലെങ്കിലും അത് വലിയൊരു തുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു.
ഒക്‍ടോബറിൽ റഷ്യൻ നടി യൂലിയ പെരെസിൽഡും സിനിമാ സംവിധായകൻ ക്ലിം ഷിപെങ്കോയും ബഹിരാകാശ നിലയം സന്ദർശിക്കുകയും ബഹിരാകാശത്ത് വെച്ചുള്ള ആദ്യ സിനിമാ ചിത്രീകരണം യാഥാർത്ഥ്യമാക്കുകയും ചെയ്തിരുന്നു.