അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ ആദ്യ ബഹിരാകാശ വിനോദസഞ്ചാര പദ്ധതി 2022 ഫെബ്രുവരി 28 ന് ആരംഭിക്കും.
ടെക്സാസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആക്സിയം സ്പേസ് ആണ് പദ്ധതിയുടെ സംഘാടകർ. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റും ക്രൂ ഡ്രാഗൺ പേടകവുമാണ് ഇതിനായി ഉപയോഗിക്കുക.
ആക്സ്-വൺ (Ax-1) ടൂറിസം മിഷൻ അഥവാ പ്രൈവറ്റ് ആസ്ട്രോണട്ട് മിഷൻ എന്നാണ് ഈ പദ്ധതിയെ നാസ വിളിക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന പദ്ധതിയിൽ കനേഡിയൻ വ്യവസായി മാർക്ക് പാത്തി, അമേരിക്കൻ സംരംഭകൻ ലാരി കോണർ, മുൻ ഇസ്രായേലി വ്യോമസേന പൈലറ്റ് എയ്റ്റൻ സ്റ്റിബ്ബ് എന്നിവരും പദ്ധതിയുടെ കമാൻഡറും നാസയുടെ ബഹിരാകാശസഞ്ചാരിയുമായ മൈക്കൽ ലോപെസ് അലെഗ്രിയയുമാണ് പങ്കെടുക്കുക.
വിനോദസഞ്ചാരികൾ മൂന്ന് പേരും 5.5 കോടിയോളം ഡോളർ ചെലവിട്ടാണ് ബഹിരാകാശ നിലയം സന്ദർശിക്കാൻ പോവുന്നത്.
അതേസമയം നാസയുടെ രണ്ടാമത് സ്വകാര്യ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയ്‍ക്ക് വേണ്ടിയും ആക്സിയം സ്പേസിനെ തന്നെ നാസ തിരഞ്ഞെടുത്തു. ഈ പദ്ധതി 2022 ലോ, 2023 ലോ ആയിരിക്കും യാഥാർഥ്യമാവുക.
ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയുടെ നാസയും റഷ്യയുടെ റോസ്കോസ്മോസും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകളെ വാണിജ്യവത്‌കരിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം റോക്കറ്റ് സഞ്ചാരം കാശ് വെറുതെകളയുന്നതിനാണെന്നും മലിനീകരണത്തിനിടയാക്കുന്നുവെന്നും ശതകോടീശ്വന്മാർ അവരുടെ പണം ചെലവാക്കുന്നതിനായി തീവ്രമായ വഴികൾ തേടുകയണെന്നും വിമർശനമുണ്ട്.
These are important steps! Thanks to our international partners as we continue to work this mission with . Launch is now targeted Feb. 28 based on station traffic planning. Its exciting to see us maximizing and expanding access to low-Earth orbit!
&mdash Kathy Lueders (@KathyLueders)
റോസ്കോസ്മോസിന്റെ സോയൂസ് പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് വിനോദസഞ്ചാരം നടത്തിയ രണ്ട് ജാപ്പനീസ് സഞ്ചാരികൾ 12 ദിവസം അവിടെ ചെലവഴിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ഒക്‍ടോബറിൽ ബഹിരാകാശ നിലയത്തിൽ സിനിമാ ചിത്രീകരണത്തിനായും രണ്ട് പേരെ റഷ്യ അയച്ചിരുന്നു.
എന്നാൽ ഈ പദ്ധതികളൊന്നും ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സ്വകാര്യ യാത്രയല്ല. അമേരിക്കക്കാരനായ ഡെന്നിസ് ടിറ്റോയാണ് 2001 ൽ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയെന്ന നേട്ടത്തിന് അർഹനായത്. 2 കോടി ഡോളറാണ് ഇതിന് വേണ്ടി ചെലവാക്കിയത്. സോയൂസ് പേടകത്തിലായിരുന്നു ടിറ്റോയുടെ യാത്ര. ഏറ്റവും ഒടുവിൽ 2009 ലാണ് ബഹിരാകാശ വിനോദസഞ്ചാരം നടന്നത്. ഹംഗേറിയൻ-അമേരിക്കൻ സോഫ്റ്റ് വെയർ വിദഗ്ദനായ ചാൾസ് സിമോനിയാണ് ഈ നേട്ടത്തിന് അർഹനായത്. ഇദ്ദേഹം പക്ഷെ 2007 ലും 2009 ലും രണ്ട് തവണ ബഹിരാകാശ നിലയം സന്ദർശിച്ചു. ഒന്നിലധികം തവണ ബഹിരാകാശ നിലയം സന്ദർശിക്കുന്ന സ്വകാര്യ വ്യക്തിയെന്ന നേട്ടം ഇദ്ദേഹത്തിന്റെ പേരിലാണ്. അതിന് ശേഷം നടക്കുന്ന ആദ്യ വിനോദ സഞ്ചാരമാണ് ജാപ്പനീസ് സഞ്ചാരികളുടേത്.
Content Highlights: NASA reveals launch date for its first space tourism mission to ISS