തൃശൂർ> വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായിരുന്നു ഡോ. എം ജയപ്രകാശ് (72)അന്തരിച്ചു. തൃശൂരില് പല വാണിജ്യവ്യവസായ സ്ഥാപനങ്ങളുടെയും മേധാവിയായിരുന്നു. മാത്തമാറ്റിക്സില് ബിരുദം നേടിയതിനുശേഷം പിതാവ് തുടങ്ങിവെച്ച പ്രകാശ് സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. തുടര്ന്ന് ഇംഗ്ലീഷ് സാഹിത്യത്തില് എം എ., ബിസിനസ്സ് അഡ്മിനിസ്ട്രേഷനില് ബിരുദാനന്തര ബിരുദം, സാഹിത്യത്തില് ഡോക്ടറേറ്റ് എന്നിവ നേടി.
വിദ്യാഭ്യാസ കാലഘട്ടം മുതല് പൊതുപ്രവര്ത്തനരംഗത്തും സാഹിത്യരംഗത്തും കാലെടുത്തും സജീവമായി. ലേഖനങ്ങളും ചെറുകഥകളും കവിതകളും അദ്ദേഹത്തിന്റെതായുണ്ട്. വ്യാപാരി വ്യവസായി പ്രസ്ഥാനത്തിന്റെ യുവജന വിഭാഗത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു. 1984ലെ പൊതുതിരഞ്ഞെടുപ്പില് തൃശ്ശൂര് ലോകസഭാമണ്ഡലത്തില് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിച്ചിട്ടുണ്ട്.
സംഘടനയുടെ തൃശ്ശൂര് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന ജനറല് സെക്രട്ടറി എന്നീ പദവികളിൽ ഇരുന്നിട്ടുണ്ട്. അഖിലേന്ത്യാ സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാര് മണ്ഡലിന്റെ ദേശീയ സെക്രട്ടറിയാണ്.
1999ലെ മികച്ച സംഘാടകനുള്ള സി.എം. ജോര്ജ്ജ് അവാര്ഡ്, 2004ലെ സൂര്യ ടി.വി.യുടെ ഓള് കേരള എക്സലന്സ് അവാര്ഡ്, 2006ലെ തൃശ്ശൂര് പൗരാവലിയുടെ മികച്ച സാംസ്കാരികപ്രതിഭയ്ക്കുള്ള അവാര്ഡ്, 2007ലെ തൃശൂര് പൗരാവലിയുടെ മികച്ച സംഘാടകനുള്ള അവാര്ഡ്, 2015ലെ യു.കെ.യിലെ ആത്മ ഇന്റര്നാഷണലിന്റെ നാഷണല് എക്സലന്സ് അവാര്ഡ്, 2016ലെ കോലാറിലെ ഗിവിംഗ് ഹാന്റ്സ് ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ്, 2016ലെ കല്ക്കത്തയിലെ സിസ്റ്റര് മാര്ഗരറ്റ് ഫൗണ്ടേഷന്റെ സ്വാമി വിവേകാനന്ദ അവാര്ഡ്, 2017ലെ ഹിന്ദു എക്കണോമിക് ഫോറത്തിന്റെ നവരത്ന അവാര്ഡ് എന്നിവ നേടിയിട്ടുണ്ട്.
‘ഓര്മ്മയുടെ ഓളങ്ങളില്’, ‘സമരപുളകങ്ങള്’,’ഹൃദയാഞ്ജലി’, ‘ജാലകം തുറന്നാല്’, ‘സ്മരണകളിരമ്പുന്നു’ എന്നീ ഗ്രന്ഥങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്.