ടിക് ടോക്കിനെ പോലെ വെർട്ടിക്കൽ വീഡിയോ ഫീഡ് പരീക്ഷിക്കാൻ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററും പദ്ധതിയിടുന്നതായി റിപ്പോർട്ട്. എഡ്ജ് റ്റു എഡ്ജ് ട്വിറ്റർ ഫീഡ്, ഇമോജി റിയാക്ഷൻസ് പോലുള്ള ഫീച്ചറുകളും ട്വിറ്റർ പരീക്ഷിക്കുന്നുണ്ടെന്നാണ് മാഷബിൾ റിപ്പോർട്ട് ചെയ്‌യുന്നത്.
എക്സ്പ്ലോർ സെക്ഷന് വേണ്ടി ടിക് ടോക്കിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുള്ള വെർട്ടിക്കൽ വീഡിയോ ഫീഡ് പരീക്ഷിക്കുന്നുണ്ടെന്ന് സപ്പോർട്ട് ട്വിറ്റർ പ്ലാറ്റ്ഫോമിലൂടെയാണ് ട്വിറ്റർ വെളിപ്പെടുത്തിയത്.
ആൻഡ്രോയിഡിലും ഐഓഎസിലും ഈ ഫീച്ചർ ലഭിക്കും. ഇതുവഴി ട്വിറ്റർ ഫീഡിൽ അടിമുടി മാറ്റമാണുണ്ടാവുക. ട്രെൻഡിങ്, ഫോർ യു എന്നീ സെക്ഷനുകൾ ഫീഡിൽ ചേർക്കപ്പെടും.
നിങ്ങൾക്ക് വിശ്രമിക്കാനും, പുതിയ താൽപ്പര്യങ്ങൾ കണ്ടെത്താനും എന്താണ് സംഭവിക്കുന്നതെന്ന് കാണാനും എളുപ്പമാക്കുന്നതിന് നവീകരിച്ചതും കൂടുതൽ വ്യക്തിപരമാക്കിയതുമായ ഒരു എക്സ്പ്ലോർ പേജ് തങ്ങൾ പരീക്ഷിക്കുകയാണെന്ന് ട്വിറ്റർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
എങ്കിലും ഈ ഫീച്ചർ എന്ന് അവതരിപ്പിക്കും എന്നത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.
ഇതിനകം നിരവധി ആപ്പുകൾ ടിക് ടോക്കിനെ മാതൃകയാക്കിക്കൊണ്ടുള്ള ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, സ്പോട്ടിഫൈ, സ്നാപ്ചാറ്റ്, നെറ്റ്ഫ്ളിക്സ് പോലുള്ളവ അതിന് ഉദാഹരണമാണ്.
നേരത്തെ ക്ലബ് ഹൗസ് ആപ്പിനെ മാതൃകയാക്കി സ്പേസസ് എന്ന പേരിൽ ഒരു ലൈവ് വോയ്സ് ചാറ്റ് ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചിരുന്നു.
Content Highlights: Twitter is planning to bring vertical video feed