മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിൽ വീഡിയോ ഗ്രൂപ്പ് കോൾ ലിമിറ്റ് വർധിപ്പിച്ചു. ഇനി മുതൽ സിഗ്നൽ വഴി ഗ്രൂപ്പ് വീഡിയോ കോൾ ചെയ്‌യുമ്പോൾ 40 പേർക്ക് പങ്കെടുക്കാം.
ഇതിന് വേണ്ടി പുറത്തുനിന്നൊരു സോഫ്റ്റ് വെയർ ഉപയോഗിച്ചിട്ടില്ലെന്നും ആശയവിനിമയം എന്റ് റ്റു എന്റ് എൻക്രിപ്ഷൻ തന്നെ ആയിരിക്കുമെന്നും സിഗ്നൽ പറയുന്നു. സിഗ്നലിന്റെ സ്വന്തം ഓപ്പൺ സോഴ്സ് സിഗ്നൽ കോളിങ് സർവീസ് സംവിധാനമാണ് ഇത്രയും പേരെ പങ്കെടുപ്പിച്ചുള്ള വീഡിയോകോളിന് സൗകര്യമൊരുക്കുന്നത്.
വീഡിയോ, ഓഡിയോ കൈമാറ്റത്തിനായി പൊതുവിൽ മൂന്ന് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഫുൾ മെഷ്, സെർവർ മിക്സിങ്, സെലക്‍ടീവ് ഫോർവേഡിങ്.
ഇതിൽ ചെറിയ കോളുകൾക്ക് വേണ്ടി മാത്രമാണ് ഫുൾഡമെഷ് പ്രവർത്തിക്കുക. കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ സെർവർ മിക്സിങിലൂടെ സാധിക്കുമെങ്കിലും ഇത് എന്റ് റ്റു എന്റ് എൻക്രിപ്റ്റ് ആവില്ല.
അതുകൊണ്ട് സിഗ്നൽ സ്വന്തം ഓപ്പൺ സോഴ്സ് സെലക്‍ടീവ് ഫോർവേഡിങ് യൂണിറ്റാണ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉപയോഗിക്കുന്നത്. ഇതുവഴിയുള്ള വീഡിയോ കൈമാറ്റം സുരക്ഷിതമാണെന്ന് കമ്പനി പറയുന്നു.
ഇതിൽ പങ്കെടുക്കുന്നവരുടെ ക്യാമറ പകർത്തുന്ന ദൃശ്യങ്ങളും ശബ്ദവും ഒരു സെർവറിലേക്കാണ് പോവുക. ആ സെർവർ ആണ് വീഡിയോകോളിലെ മറ്റുള്ളവർക്ക് ആ ദൃശ്യങ്ങൾ അയക്കുക. ഇതുവഴി വീഡിയോകോളിൽ നിരവധി ആളുകളെ പങ്കെടുപ്പിക്കാനും ഒപ്പം എന്റ് റ്റു എന്റ് എൻക്രിപ്ഷൻ ഉറപ്പുവരുത്താനും സാധിക്കുമെന്ന് സിഗ്നൽ പറയുന്നു.
പുതിയതായി വികസിപ്പിച്ച ഈ സെലക്‍ടീവ് ഫോർവേഡിങ് യൂണിറ്റ് കഴിഞ്ഞ ഒമ്പത് മാസമായി ഉപയോഗത്തിലുണ്ട്. ഇപ്പോൾ ഇതിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് ചെയ്തത്. സിഗ്നലിന്റെ മുഖ്യ എതിരാളിയായ വാട്സാപ്പ് 2018 മുതൽ എന്റ് റ്റു എന്റ് എൻക്രിപ്റ്റ് ചെയ്ത ഗ്രൂപ്പ് വീഡിയോകോൾ സൗകര്യം നൽകുന്നുണ്ട് എങ്കിലും ഇതിൽ ആകെ എട്ട് പേർക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിക്കുക.
Content Highlights: Signal increases its video group call limit to 40 participants