കൊച്ചി: ആലപ്പുഴ കൊലപാതകങ്ങളിൽ പോലീസിൽ നിന്നും വിവരങ്ങൾ തേടി എൻഐഎ. പാലക്കാട്, ആലപ്പുഴ കൊലപാതകങ്ങൾ എൻഐഎ ഏറ്റെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ പോലീസിൽ നിന്ന് വിവരങ്ങൾ തേടിയത്.
യുഎപിഎ ചുമത്തിയാൽ മാത്രമേ എൻഐഎയ്ക്ക് കേസ് ഏറ്റെടുത്ത് അന്വേഷണംനടത്താൻ സാധിക്കുകയുള്ളു. നിലവിൽ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും വകുപ്പുകൾ ചുമത്തുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തിലടക്കം എൻഐഎ അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യം കെ.സുരേന്ദ്രനടക്കം ഉന്നയിച്ചിരുന്നു. ഗവർണറെ അടക്കം കണ്ട് ബിജെപി ഈ ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്രതലത്തിലും സംസ്ഥാന ബിജെപി ഇതിനായി സമ്മർദ്ദം ചെലുത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് കേരളത്തിലെത്താനിരിക്കെയാണ് എൻഐഎ പോലീസിൽ നിന്ന് ഇത് സംബന്ധിച്ച് വിവരങ്ങൾ തേടിയത് എന്നുള്ളതും ശ്രദ്ധേയമാണ്. കേരളത്തിൽ ബിജെപി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നും ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് നടക്കുന്നതെന്നുംകേന്ദ്രസഹമന്ത്രി പറഞ്ഞു.
Content Highlights:nia asks for informations on alappuzha political murders from kerala police