പോഷകങ്ങളുടെ ശക്തികേന്ദ്രം
വിറ്റാമിനുകൾ, മാംഗനീസ്, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ബ്രോമെലൈൻ, ഉയർന്ന ജലാംശം, ദഹന എൻസൈമുകൾ മുതലായവ അടങ്ങിയ പൈനാപ്പിൾ നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ നേരിട്ട് ശരീരത്തെ അത്ഭുതകരമായി പരിപാലിക്കുന്നു. നിങ്ങളുടെ എല്ലുകളെ ശക്തമാക്കുന്നത് മുതൽ അണുബാധകൾക്കും വൈറസുകൾക്കുമെതിരെ പോരാടുന്നത് വരെ, പൈനാപ്പിൾ ഒരു ഓൾറൗണ്ടർ പോലെ പ്രവർത്തിക്കുന്നു. പൈനാപ്പിൾ ശരീരത്തിന് ജലാംശം നൽകാനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പോരാടുന്നത് മുതൽ സന്ധിവാതം നിയന്ത്രിക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും ജലദോഷവും പനിയും നിയന്ത്രിക്കുന്നതും വരെ; പല തരത്തിൽ നമുക്ക് ഗുണം ചെയ്യാൻ ഇവയ്ക്ക് കഴിയും. നിങ്ങളുടെ ശരീരത്തിന് നൂറുകണക്കിന് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ബ്രോമെലൈൻ എന്ന ശക്തമായ ഘടകം ഇതിൽ അടങ്ങിയിരിക്കുന്നു.
തയാമിൻ, ബി 12, ഫോളേറ്റ്, ചെമ്പ്, ഭക്ഷണ നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമായതിനാൽ പൈനാപ്പിൾ ദഹനം മെച്ചപ്പെടുത്തുകയും നല്ല ആരോഗ്യമുള്ള ശരീരം നൽകുകയും ചെയ്യുന്നു. ഇത് കലോറിയും കൊളസ്ട്രോളും ചേർക്കാതെ നിങ്ങളുടെ ശരീരത്തിന് നാരുകളും ധാതുക്കളും നൽകുന്നു. പൈനാപ്പിളിലെ ബ്രോമെലൈൻ എന്ന എൻസൈം ദഹനത്തിനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്ന വിധത്തിൽ ഭക്ഷണ ഘടകങ്ങളെ വിഘടിപ്പിക്കാൻ സഹായിക്കുന്നു.
പൈനാപ്പിൾ ഡയറ്റ്
പൈനാപ്പിൾ അതുപോലെ മുറിച്ച് കഴിക്കുന്നത് കൂടാതെ എണ്ണമറ്റ മറ്റ് രീതികളിലും കഴിക്കാം. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പൈനാപ്പിൾ നിങ്ങളുടെ ഏറ്റവും മികച്ച സുഹൃത്തായിരിക്കുമെന്ന് പറയാതെ വയ്യ.
സാലഡിൽ ചേർത്ത്
നിങ്ങളുടെ സലാഡുകളിൽ എപ്പോഴും പൈനാപ്പിൾ കഷണങ്ങൾ ഉൾപ്പെടുത്താം, മാത്രമല്ല ആ രുചിയുള്ള പച്ചക്കറി സലാഡുകളിൽ പോലും ഇവ ചേർക്കാം. കാരറ്റ്, ഉണക്കമുന്തിരി, പൈനാപ്പിൾ എന്നിവ ചേർത്ത സാലഡ് കഴിക്കുക അല്ലെങ്കിൽ നിങ്ങളുടെ പച്ച ഇലക്കറികളിൽ പൈനാപ്പിൾ ചേർക്കുക.
പൈനാപ്പിൾ- ഓട്സ്
ആരോഗ്യകരമായ ഒരു ഭക്ഷണമാണ് ഓട്സ് എന്ന് എല്ലാവർക്കും അറിയാം. വേവിച്ചെടുത്ത ഓട്സിലേയ്ക്ക് കുറച്ച് പൈനാപ്പിൾ കഷ്ണങ്ങൾ ചേർത്ത് കഴിക്കാം.
പൈനാപ്പിൾ മോക്‌ടെയിൽ
നല്ല ഫ്രഷ് പൈനാപ്പിൾ കഷണങ്ങൾ, വിനാഗിരി, നാരങ്ങ നീര്, അൽപം ഉപ്പ് എന്നിവ എടുത്ത് ഒരു അടിപൊളി ജ്യൂസ് തയ്യാറാക്കുക. എല്ലാ ചേരുവകളും ഒരുമിച്ച് ഇളക്കി ഫ്രിഡ്ജിൽ വച്ച് ഒന്ന് തണുപ്പിക്കുക. ഐസ് വേണമെങ്കിൽ ഇതിലേക്ക് ഇടാവുന്നതുമാണ്. നിങ്ങളുടെ കൊഴുപ്പിനെ പ്രതിരോധിക്കുന്ന ഈ പുതിയ ജ്യൂസ് തീർച്ചയായും നിങ്ങളുടെ വണ്ണം കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കും.
പൈനാപ്പിൾ സ്മൂത്തി
പൈനാപ്പിൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ഗ്ലാസ് സ്മൂത്തി കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ നിന്ന് ദുഷിപ്പുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ അത്ഭുതകരമായി പ്രവർത്തിക്കുന്നു. സ്മൂത്തി തയ്യാറാക്കുവാൻ പ്രധാന പഴമായി പൈനാപ്പിൾ കഷണങ്ങൾ എടുക്കുക, തുടർന്ന് തേങ്ങ, വാഴപ്പഴം അല്ലെങ്കിൽ ആപ്പിൾ പോലുള്ള നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മറ്റൊരു കൂട്ടം പഴങ്ങൾ ചേർക്കുക. ഇത് സമ്പന്നമാക്കാൻ വെള്ളം, ഐസ്, തൈര്, ഇഞ്ചി, കുറച്ച് ബദാം എന്നിവ ചേർക്കുക. ഇനി ഇത് നന്നായി അടിച്ചെടുക്കുക.