തിരുവനന്തപുരം > സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ‘സ്ത്രീപക്ഷ നവകേരളം’ പ്രചരണ പരിപാടിക്ക് ശനിയാഴ്ച തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും.
സമൂഹത്തിലെ സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും ഇല്ലാതാക്കാനുതകുന്ന സര്‍വതല സ്പര്‍ശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8വരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും പിന്നീട് തുടര്‍പരിപാടികളും സംഘടിപ്പിക്കും.
ഉദ്ഘാടന പരിപാടിയില്‍ തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന് അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ‐സാമൂഹ്യനീതിമന്ത്രി ആര് ബിന്ദു, ക്ഷീരവികസന‐മൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി, വനിതാ‐ശിശു വികസനമന്ത്രി വീണാ ജോര്‍ജ്, വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സ്ത്രീപക്ഷ നവകേരളത്തിന്റെ ക്യാമ്പയിന് അംബാസഡര്‍ നടി നിമിഷാ സജയൻ ഉദ്ഘാടന പരിപാടിയിലും തുടര്‍ന്ന് ക്യാമ്പയിന്റെ വിവിധ ഘട്ടങ്ങളിലും പങ്കെടുക്കും.
പതിനാല് ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാന തല ഉദ്ഘാടനത്തില്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ സമീപന രേഖ പ്രകാശനം ചെയ്യും. സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയുമെടുക്കും. അതേ സമയം സംസ്ഥാനത്തെ ജില്ലാ തലത്തിലും എല്ലാ തദ്ദേശഭരണ സ്ഥാപന തലത്തിലും ഇരുപത്തിരണ്ടായിരത്തിലേറെ വാര്‍ഡ് തലങ്ങളിലും സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കും.
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെയുള്ള പ്ലക്കാര്‍ഡുകളേന്തി അയല്‍ക്കൂട്ട അംഗങ്ങള്‍ വാര്‍ഡ് തലത്തില്‍ സമ്മേളിക്കും. വാര്‍ഡുകളിലുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ സംസ്ഥാന തല ഉദ്ഘാടന പരിപാടി തത്സമയം കാണാനുള്ള സൗകര്യമൊരുക്കും. യുവതീ ഓക്സിലറി ഗ്രൂപ്പംഗങ്ങള്‍, യുവജനങ്ങള്‍, കുടുംബാംഗങ്ങള്‍, സാമൂഹ്യ – സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളാകും. തുടര്‍ന്നുള്ള ആഴ്ചയില്‍ അയല്‍ക്കൂട്ട തല സ്ത്രീപക്ഷ ആലോചനാ യോഗങ്ങളും വാര്‍ഡ് തല സ്ത്രീപക്ഷ കൂട്ടായ്മകളും പഞ്ചായത്ത്/ നഗരസഭാതല സ്ത്രീശക്തീ സംഗമങ്ങളും ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ സ്ത്രീപക്ഷ നവകേരള സംഗമവും തുടര്‍ന്ന് ഒന്നാംഘട്ട പ്രചരണ പരിപാടികളുടെ സംസ്ഥാനതല സമാപനം അന്താരാഷ്ട്ര കോണ്‍ക്ലേവായി ദേശീയ – അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കും.
സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനം ഉറപ്പാക്കാനായി പത്ര-ദൃശ്യ-ശ്രാവ്യ- ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഓരോ അയല്‍ക്കൂട്ടവും ഓഡിറ്റ് ചെയ്യും. സ്ത്രീപക്ഷമല്ലാത്ത മാധ്യമ സംസ്കാരം മാറ്റുവാനുള്ള ശക്തമായ ഇടപെടലുകളും ഇതിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടുവരും.
ക്യാമ്പയിന്റെ ഭാഗമായി സംഗീതശില്‍പ്പങ്ങളും ലഘുനാടകവുമടങ്ങിയ സ്ത്രീപക്ഷ നവകേരളം സ്ത്രീശക്തി കലാജാഥ ഓരോ ജില്ലയിലും പര്യടനം നടത്തും. സ്ത്രീപക്ഷ നവകേരളം അന്താരാഷ്ട്ര കോണ്‍ക്ലേവില്‍ കലാജാഥയുടെ സമാപന അവതരണം ഉണ്ടാവും.
പോസ്റ്റര്‍ ക്യാമ്പയിന്, സ്ത്രീധനത്തിനെതിരായ സോഷ്യല്‍ മീഡിയാ ചലഞ്ച്, റീല്‍സ് വീഡിയോ തയ്യാറാക്കല്‍ തുടങ്ങി സമൂഹമാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള പ്രചരണങ്ങള്‍, ചുവര്‍ചിത്ര ക്യാമ്പെയിന്, കോളേജ് വിദ്യാർഥികള്‍ക്കുള്ള വെബിനാറുകള്‍, സ്ത്രീധനം സംബന്ധിച്ച അഭിപ്രായ സര്‍വേ, ഇരുചക്ര വാഹന റാലി, ബാലസഭകള്, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുളള പോസ്റ്റര്‍ ക്യാമ്പയിന്, കാര്‍ട്ടൂണ്‍ സീരീസ്, സ്ത്രീധനത്തിനെതിരെയുള്ള സിഗ്നേച്ചര്‍ ക്യാമ്പയിന് തുടങ്ങി വിവിധ തലങ്ങളിലുള്ള പരിപാടികള്‍ സംഘടിപ്പിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നത്.