സാൻഫ്രാൻസിസ്കോ: ആൻഡ്രോയിഡ് കമ്പനികൾ പലതും ഇതിനകം ഫോൾഡബിൾ ഫോൺ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും ഐഫോണുകളിൽ ഇതുവരെ അത്തരമൊരു പരീക്ഷണത്തിന് ആപ്പിൾ തയ്‌യാറായിട്ടില്ല. സാംസങ് ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ചത് മുതൽ ഈ രംഗത്തേക്കുള്ള ആപ്പിളിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ ആപ്പിളിന്റെ ഫോൾഡബിൾ സ്ക്രീനുള്ള ഐഫോൺ 2024-ൽ പുറത്തിറങ്ങിയേക്കുമെന്ന് ഡിസ്പ്ലേ അനലിസ്റ്റായ റോസ് യങ് പറയുന്നു. ഫോൾഡബിൾ ഉപകരണങ്ങൾക്കായുള്ള ശ്രമങ്ങൾ ആപ്പിളിന്റെ അണിയറയിൽ തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവിധ പ്രോടോ ടൈപ്പുകളും നിർമിച്ചിട്ടുണ്ടെന്നാണ് സൂചന.
ആപ്പിളും എൽജിയും ചേർന്ന് ഒരു ഫോൾഡബിൾ ഒഎൽഇഡി പാനൽ വികസിപ്പിക്കുന്നുണ്ടെന്ന് ബിസിനസ് കൊറിയ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ മുകളിൽ നിന്ന് താഴേക്ക് മടക്കുന്ന രീതിയിലായിരിക്കുമെന്നാണ് ബിസിനസ് കൊറിയ പറയുന്നത്.
2016 മുതൽ തന്നെ ആപ്പിൾ ഫോൾഡബിൾ ഉപകരണങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നുവെന്ന് ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോ നേരത്തെ പറഞ്ഞിരുന്നു.
ഫോൾഡബിൾ സ്ക്രീൻ സംവിധാനം പരമാവധി കുറ്റമറ്റതാവും വരെ ഇതിനായി കാത്തിരിക്കുക എന്ന നിലപാടാണ് ആപ്പിളിന് എന്നാണ് കരുതുന്നത്. ഇതുവരെ ഫോൾഡബിൾ ഫോൺ പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ ഈ രംഗത്ത് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വ്യക്തമായ റിപ്പോർട്ടുകളുണ്ട്.
Content Highlights: Apple may launch first foldable iPhone in 2024