ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കുറ്റത്തിന് കോടതി 6 വർഷം ജയിൽശിക്ഷ വിധിച്ച ഒരാൾ വെറും 48 മണിക്കൂറിന് ശേഷം മോചിതനായി. കഴിഞ്ഞ മാസം നോർത്ത് ലണ്ടനിലെ വുഡ് ഗ്രീൻ ക്രൗൺ കോടതിയാണ് ലോറസ് മാറ്റിസോവസ് എന്ന് പേരുള്ള വ്യക്തിയെ ശിക്ഷയ്ക്ക് വിധിച്ചത്. 48 മണിക്കൂർ ജയിലിൽ കിടന്ന ശേഷം, നവംബർ 26ന് ലോറസിനെ വിട്ടയക്കുകയും പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മോചിതനായ സമയത്ത് എല്ലാ നടപടിക്രമണങ്ങളും കൃത്യമാണ് എന്ന് ലോറസിനോട് പറഞ്ഞതായി ലോറസിന്റെ സുഹൃത്ത് ദി സൺ പത്രത്തോട് പറഞ്ഞു. “ലോറസ് പ്രൊബേഷൻ അധികാരികളുമായി ബന്ധപ്പെട്ടു, എല്ലാം ക്രമത്തിലാണെന്നും പേരാണ് വിട്ടയച്ചു. ഇത് എന്ത് ഭ്രാന്താണ്. അവന് ഒരു വിമാനത്തിൽ കയറി യുകെ വിടാമായിരുന്നു,” സുഹൃത്ത് പറഞ്ഞു.
എന്നാൽ കിട്ടിയ തക്കത്തിന് രാജ്യം വിടാതെ അവിചാരിതമായി കിട്ടിയ സ്വാതന്ത്രം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാനാണ് ലോറസ് ശ്രമിച്ചത്. എന്നാൽ കോടതി രേഖകളിലെ പിഴവുകൾ മൂലമാണ് ലോറസിന്റെ നേരത്തെയുള്ള സ്വാതന്ത്രം എന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കിയതോടെ ലോറസിന്റെ സന്തോഷം ഉടൻ അവസാനിച്ചു. ഡിസംബർ 6ന് ലോറസിനെ വീണ്ടും പിടികൂടിയ പോലീസ് ജയിലിലേക്ക് തിരിച്ചയച്ചു.
LadBible റിപ്പോർട്ട് അനുസരിച്ച് , നീതിന്യായ മന്ത്രാലയം നിലവിൽ ലോറസിനെ വിട്ടയച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ഇതാദ്യമായല്ല ക്ലറിക്കൽ പിഴവ് മൂലം തടവുകാർക്ക് നേരത്തെ മോചനം ലഭിക്കുന്നത് എന്നതാണ് രസകരമായ കാര്യം. കോടതി പിഴവുകൾ കാരണം ആറ് തടവുകാരെ മോചിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
കാനഡയിലെ ജയിൽപുള്ളിക്കും അഡ്മിനിസ്ട്രേറ്റീവ് പിശക് കാരണം അബദ്ധത്തിൽ നേരത്തെ ജയിലിൽ നിന്നും ഇറങ്ങാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാൽ ‘നല്ല കുറ്റവാളി’ സ്വയം ജയിലേക്ക് തിരിച്ചെത്തി.