പരാതിക്കാരിയുടെ ഹർജിയിൽ പറയുന്ന അമ്പത് ലക്ഷം രൂപ പ്രായോഗികമല്ലെന്ന് കോടതി പറഞ്ഞു. എന്നാൽ എത്ര രൂപ നഷ്ടപരിഹാരം നൽകാൻ സാധിക്കുമെന്ന് കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. ഇക്കാര്യം സർക്കാരുമായി ആലോചിച്ച ശേഷമേ മറുപടി നൽകാൻ സാധിക്കൂ എന്ന് അഭിഭാഷകൻ വ്യക്തമാക്കി. മറുപടി നൽകാൻ തിങ്കളാഴ്ച വരെ കോടതി സമയം അനുവദിച്ചു.
വലിയ മാനസിക പീഡനമാണ് പെൺകുട്ടി നേരിടേണ്ടി വന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നമ്പി നാരായണൻ കേസിൽ നഷ്ടപരിഹാരം നൽകിയ മാതൃകയിൽ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി പറഞ്ഞു.
പെൺകുട്ടിയോടും കോടതിയോടും മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള പോലീസ് ഉദ്യോഗസ്ഥയുടെ സത്യവാങ്മൂലം അംഗീകരിക്കുന്നില്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷക വ്യക്തമാക്കി. പോലീസുകാരിക്കെതിരെ നടപടി സ്വീകരിക്കാതെ അവരെ സംരക്ഷിക്കാൻ പോലീസ് മേധാവി ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
പോലീസുകാരിയുടെ ക്ഷമാപണം സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥയെ സംരക്ഷിച്ചത് ഉന്നത ഉദ്യോഗസ്ഥരാണ്. കോടതിക്കു മുന്നിൽ ഉദ്യോഗസ്ഥ മാപ്പു പറഞ്ഞിട്ട് എന്തു ചെയ്യാനാണ്. ഉന്നത ഉദ്യോഗസ്ഥർ അവരെ സംക്ഷിച്ചതിനാലാണ് ഹൈക്കോടതി വരെ പോകേണ്ടിവന്നത്. മാപ്പ് പറഞ്ഞാൽ ഞാനും എന്റെ മകളും എങ്ങനെ സ്വീകരിക്കും? കേസുമായി മുന്നോട്ടു പോകും. ഉദ്യോഗസ്ഥയെ പിരിച്ചു വിടണം. മാനനഷ്ടത്തിന് നഷ്ടപരിഹാരം വേണം- ജയചന്ദ്രൻ പറഞ്ഞു
തോന്നക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയുമാണ് ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പിങ്ക് പോലീസിലെ ഉദ്യോഗസ്ഥയായിരുന്ന രജിത പരസ്യ വിചാരണ ചെയ്തത്. പിങ്ക് പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന തന്റെ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെന്നായിരുന്നു രജിതയുടെ ആരോപണം. മോഷ്ടിച്ച ഫോൺ ജയചന്ദ്രൻ മകൾക്ക് കൈമാറിയെന്നും രജിത ആരോപിച്ചു. അര മണിക്കൂറോളമാണ് ഇല്ലാത്ത ഫോൺ മോഷണത്തിന്റെ പേരിൽ ജയചന്ദ്രനേയും മകളേയും രജിത പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയത്. ഐഎസ്ആര്‍ഒയിലേക്ക് കൂറ്റൻ യന്ത്ര സാമഗ്രികൾ കൊണ്ടുപോകുന്നത് കാണാൻ എത്തിയതായിരുന്നു ജയചന്ദ്രനും മകളും.