കലാകാരിയും ടെക്നോളജിസ്റ്റുമായ തിയ മായ് ബോമാന്റെ @മെറ്റാവേഴ്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് തെറ്റായി ബ്ലോക്ക് ചെയ്തതിന് മാപ്പ് പറഞ്ഞ് ഇൻസ്റ്റാഗ്രാം.
ഇതിന് അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ഫെയ്സ്ബുക്ക് മെറ്റാ എന്ന് പേര് മാറ്റിയത്. മെറ്റാവേഴ്സ് സാങ്കേതിക വിദ്യകളിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഈ പേരുമാറ്റം. അതേസമയം കമ്പനി പേര് മാറ്റിയതുകൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്‌യപ്പെട്ടത് എന്ന ആരോപണം ഇൻസ്റ്റാഗ്രാം നിഷേധിച്ചു.
ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ടിതമായ ഉൽപന്നങ്ങൾ പുറത്തിറക്കുന്ന മെറ്റാവേഴ്സ് മേക്ക് ഓവേഴ്സ് എന്ന ബ്രാൻഡിന് വേണ്ടി 2012 ലാണ് ബോമാൻ @metaverse ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഒരു ആപ്പ് ഉപയോഗിച്ച് ഫോൺ ക്യാമറയിലൂടെ നോക്കുമ്പോൾ ഹോളോ ഗ്രാം ഗ്രാഫിക്സുകൾ പോപ് അപ്പ് ചെയ്‌യുന്ന നഖത്തിലൊട്ടിക്കുന്ന സ്റ്റിക്കറുകൾ ഈ ബ്രാൻഡിന്റെ ഉൽപന്നങ്ങളിലൊന്നാണ്. ശരിക്കും പറഞ്ഞാൽ ഫേസ്ബുക്കിനും ഇന്ന് ഓഗ്മെന്റഡ് റിയാലിറ്റി ഗ്രാഫിക്സുകൾ ലഭ്യമാക്കിയ സ്നാപ്ചാറ്റ് പോലുള്ള സോഷ്യൽ മീഡിയാ ആപ്പുകൾക്കും എത്രയോ മുന്നെ മെറ്റാവേഴ്സ് എന്ന ആശയത്തിൽ അധിഷ്ടിതമായ പരീക്ഷണങ്ങൾ ബോമാൻ ആരംഭിച്ചിരുന്നു.
ഫെയ്സ്ബുക്ക് പേര് മാറ്റിയതിന് പിന്നാലെ തന്നെ അക്കൗണ്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് സംഭവത്തിന് പേര് മാറ്റവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നത്. ബ്ലോക്ക്ചെയ്‌യപ്പെടുമ്പോൾ ബോമാന്റെ അക്കൗണ്ടിന് 1000 ൽ താഴെ ഫോളോവർമാരാണുണ്ടായിരുന്നത്. അക്കൗണ്ട് തിരികെ ലഭിക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും യാതൊരു വിധ പ്രതികരണവും കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്ന് ബോമാൻ പറഞ്ഞു.
അന്തർദേശീയ തലത്തിൽ ഈ സംഭവം വാർത്തയായതിന് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണവും ക്ഷമാപണവുമായി ഇൻസ്റ്റാഗ്രാം നേരിട്ടെത്തിയത്.
Content Highlights: Instagram sorry for blocking user named metaverse