ലക്ഷ്മണ പുലവർ
സമയം പ്ലസ് റിപ്പോർട്ടർ
സി.ആർ ശ്രുതിയോട് സംസാരിക്കുന്നു: തോൽപ്പാവക്കൂത്ത്, ചുരുങ്ങുന്ന വേദികൾ, ഇല്ലാതാകുന്ന തോൽപ്പാവക്കൂത്തുകാർ.
ശ്രുതി സി.ആർ: തോൽപ്പാവക്കൂത്ത്, നിഴൽപ്പാവക്കൂത്ത് എന്നും അറിയപ്പെടുന്നുണ്ടല്ലോ. എന്താണ് അടിസ്ഥാനപരമായി ഈ കലാരൂപം?
ലക്ഷ്മണ പുലവർ: തോൽ കൊണ്ട് പാവ ഉണ്ടാക്കി കളിക്കുന്നതാണ് തോൽപ്പാവക്കൂത്ത്. പണ്ട് മാൻ തോലു കൊണ്ടായിരുന്നു പാവകൾ ഉണ്ടാക്കിയിരുന്നത്. ഇന്ന് മാൻ തോൽ ഒന്നും ലഭിക്കില്ല. അതിനു പകരമായി കാളത്തോല്, ആടിന്റെ തോൽ എന്നിവ കൊണ്ടാണ് കൂത്തിനാവശ്യമായ പാവകളെ നിർമ്മിക്കുന്നത്. നിഴൽപ്പാവ എന്നു പറഞ്ഞാൽ 21 തേങ്ങമുറി വെച്ചിട്ടുണ്ടാകും. അതിൽ തിരി കത്തിച്ച് വെക്കുകയും അതിന്റെ നിഴലിലൂടെ പാവകളെ കാണുകയും പാവകളെ കളിപ്പിക്കുകയും ചെയ്യുന്നതിനെ നിഴൽപ്പാവക്കൂത്ത് എന്നാണ് പറയുക. 11 തേങ്ങ മുറിച്ച് 21 ഭാഗങ്ങൾ നാൽപ്പത്തൊന്നീരടി കളരിയിലെ വിളക്കുമാടത്തിൽ വെക്കുകയും ബാക്കിയുള്ള ഒരു തേങ്ങ മുറി ഗണപതിയെ സങ്കൽപ്പിച്ച് വെക്കുകയും ചെയ്യുന്നു. ഈ 21 തേങ്ങമുറിയിൽ തിരിയിട്ട് എണ്ണയൊഴിച്ച് കത്തിക്കുകയും അതിന്റെ വെളിച്ചത്തിൽ പാവകളിക്കുകയും ചെയ്യുന്നു.
എന്താണ് കൂത്തിൽ അവതരിപ്പിക്കുന്ന കഥ അല്ലെങ്കിൽ ഐതീഹ്യം?
രാമാരാവണ യുദ്ധവും ദാരിക യുദ്ധവും ഒരേ സമയത്താണ് നടന്നത് എന്നാണ് പറയപ്പെടുന്നത്. ദേവി ദാരികനെ വധിക്കുന്ന അതേസമയത്ത് തന്നെയാണ് രാവണനെ നിഗ്രഹിക്കുന്നത്. ദേവി ദാരിക വധത്തിന് ശേഷം പിതാവിനോട് വന്ന് പറയുകയാണ്, അച്ഛാ ഞാനൊരു വലിയ അസുരനെ നിഗ്രഹിച്ച് വന്നു എന്ന് ഭദ്രകാളി പറഞ്ഞു. ദാരികനെന്ന അസുരനെ നിഗ്രഹിച്ചുവെന്ന് ഭദ്രകാളി പറഞ്ഞപ്പോൾ പരമശിവൻ പറയുകയാണ് മകളേ അതൊന്നും വലിയ കാര്യമല്ല. അതിനേക്കാൾ വലിയൊരു യുദ്ധമാണ് ഇവിടെ നടന്നതെന്ന് അദ്ദേഹം പറയുകയാണ്. അതെന്താണെന്ന് ഭദ്രകാളി മറുത്ത് ചോദിച്ചപ്പോൾ രാമരാവണയുദ്ധമാണെന്ന് പിതാവ് പറയുന്നു. അപ്പോൾ ദേവിക്ക് അത് കാണണമെന്നായി. അപ്പോൾ പരമശിവൻ ഭദ്രകാളിയോട് നിന്റെ യഥാസ്ഥാനത്ത് പോയിരിക്കാൻ പറയുകയും നിഴൽനാടകമായി ആ രാമരാവണ യുദ്ധം താൻ കാണിച്ച് തരാമെന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് ദേവീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് ഉണ്ടാകാനുള്ള പ്രധാന കാരണം. കൂത്ത് മാടത്തിന്റെ നടുവിൽ ഒരു തൂണ് ഉണ്ടായിരിക്കും. ആ തൂണിന് വലത്തെ ഭാഗത്ത് ദേവന്മാരും ഇടത്തേ ഭാഗത്ത് അസുരന്മാരുമാണ് ഉണ്ടാകുക. തൂണിന്റെ ഇടത് ഭാഗത്ത് രാവണനും രാവണന്റെ അസുരപ്പടയും മാത്രമേ ഉണ്ടാകുകയുള്ളൂ.
പാവകളാണല്ലോ കൂത്തിന്റെ പ്രധാന ഭാഗം. എങ്ങനെയാണ് പാവകളെ ഉണ്ടാക്കുന്നത്?
കാളത്തോൽ കൊണ്ടാണ് ഞങ്ങളിപ്പോൾ പാവകൾ ഉണ്ടാക്കുന്നത്. അറവുശാലയിൽ നിന്നും പച്ചത്തോൽ ആദ്യം വാങ്ങിക്കണം. പിന്നീട് ആ തോൽ വെയിലത്ത് വെച്ച് വലിച്ചടിക്കണം. അങ്ങനെ ആ തോൽ മൂന്നോ നാലോ ദിവസം ഉണക്കേണ്ടതായിട്ടുണ്ട്. ഉണങ്ങി കഴിഞ്ഞ് അതിൽ വെണ്ണീറ് ഇട്ട് തിരുമ്മി രോമം കളയണം. പണ്ടെല്ലാം മുളങ്കുറ്റി ഉപയോഗിച്ചായിരുന്നു രോമം കളഞ്ഞിരുന്നത്. ഇപ്പോൾ ഗ്രൈന്റിംഗ് മോട്ടോർ ഉപയോഗിച്ചാണ് രോമങ്ങൾ മാറ്റുന്നത്. സാധാരണഗതിയിൽ ഒരു തോലിന്റെ രോമം ചുരണ്ടി കളയാൻ രണ്ടോ മൂന്നോ ദിവസമെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഗ്രൈന്റിംഗ് മോട്ടോർ ഉള്ളതുകൊണ്ട് ഒരു മണിക്കൂറിൽ രോമം കളയുന്ന പണി കഴിയും. പിന്നീട് നമുക്ക് വേണ്ട കഥാപാത്രങ്ങളുടെ രൂപത്തിന് അനുസൃതമായി തോൽ മുറിച്ചിടണം. പഴയ പാവകളിൽ നിന്നും ട്രേസ് ചെയ്ത് എടുത്ത് പുതിയത് നിർമ്മിക്കുന്നതിലേക്ക് വെക്കുക. അതിനുശേഷം പാവയുടെ രൂപം വെട്ടി ഉണ്ടാക്കുന്നു. അത് നിർമ്മിക്കാനാവശ്യമായ ടൂളുകൾ ഞങ്ങളുടെ കൈവശം തന്നെയുണ്ട്. വളഞ്ഞത്, നെൽമണി, ചന്ദ്രക്കല, പഞ്ച് അങ്ങനെ ഓരോരോ ടൂൾസുകൾ ഉണ്ട്. അതുകൊണ്ട് രൂപങ്ങൾ വെട്ടിയെടുക്കുന്നു.
സാധാരണ ഗതിയിൽ ഒരു പാവ നിർമ്മിക്കാൻ എത്ര ദിവസമെടുക്കും?
ഇപ്പോൾ സുഗ്രീവന്റെ പാവയാണ് നിർമ്മിക്കുന്നത്. കാലത്ത് ഒരു 8 മണി മുതൽ വൈകീട്ട് 5 മണിവരെ ഇരിക്കുകയാണെങ്കിൽ നാല് ദിവസം കൊണ്ട് അതിന്റെ കൊത്തു പണിയും കൈ ഉണ്ടാക്കലും കഴിയും. പിന്നീട് അതിന് പെയ്ന്റ് ചെയ്യണം. കോല് വെച്ച് കെട്ടണം. എല്ലാം കൂടി നാല് ദിവസം കൊണ്ട് ഒരു പാവ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും. അതുപോലെ ഉണ്ടാക്കുന്ന പാവകളുടെ ഉപയോഗം പോലെ അത് നീണ്ട് നിൽക്കുകയും ചെയ്യും. 400 വർഷം പഴക്കം വരെയുള്ള തോൽപ്പാവകൾ കയ്യിലുണ്ട്. അതെസമയം ഒരോ കൂത്തിനും പ്രത്യേകം ഉണ്ടാക്കേണ്ടി വരുന്ന പാവകളും ഉണ്ട്. ഇപ്പോൾ യുദ്ധം നടത്തുന്ന ഭാഗമാണെങ്കിൽ പാവകളുടെ കണ്ണും മൂക്കുമെല്ലാം പോകും. അപ്പോൾ വീണ്ടും ഉണ്ടാക്കേണ്ടതായി വരും.
പാവകൾക്ക് നൽകുന്ന ചായങ്ങൾ?
പണ്ടെല്ലാം വേങ്ങ, തേക്ക്, പ്ലാവ്, കപ്പങ്ങം, അമരിനീലം തുടങ്ങിയ മരങ്ങളുടെ കാതലെടുത്ത് കാച്ചി കുറുക്കിയാണ് ചായങ്ങൾ ഉണ്ടാക്കുന്നത്. പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങളുടെ കാതലെടുത്ത് പത്തമ്പത് ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കണം. അതിനെ കാച്ചി കുറുക്കുകയും പകുതി ആകുമ്പോൾ മരത്തിന്റെ കഷ്ണങ്ങളെല്ലാം എടുത്ത് മാറ്റി വെക്കുകയും ചെയ്യണം. പിന്നീട് ആ വെള്ളം കുറുക്കുകയാണ് വേണ്ടത്. അവസാനം ആകുമ്പോഴേക്കും നാഴി പെയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ. ഇങ്ങനെ കാച്ചി കുറുക്കി എടുക്കാനും വേണം മൂന്നോ നാലോ ദിവസം.
പാവകളിയിൽ ഏതെല്ലാം കഥകളാണ് പാടുന്നത്?
ചിലയിടങ്ങളിൽ ഏഴ് ദിവസമോ എട്ട് ദിവസമോ ഉണ്ടാകും. ചിലത് 14, ചിലത് 21,29,30,31 ദിവസങ്ങൾ ഒക്കെയാകും കൂത്ത് നടക്കുക. ചുരുങ്ങിയത് 7 ദിവസമെങ്കിലും കൂത്ത് വേണമെന്നാണ് പറയുക. 7 ദിവസം കൊണ്ടേ ഇത് പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുകയുള്ളൂ. കമ്പരാമായണമാണ് പാടുന്നത്. രാമായണത്തിലാകെ ആറ് ഖാണ്ഡങ്ങളാണുള്ളത്. അതിൽ അവസാനത്തെ യുദ്ധകാണ്ഡമാണ് കൂത്ത് അവതരിപ്പിക്കാനായി എടുക്കുക. ഈ ദിവസങ്ങളിൽ അവതാരം മുതൽ യുദ്ധകാണ്ഡം വരെയുള്ള കഥകൾ പറയും. 14 ദിവസമാകുമ്പോൾ പഞ്ചവടിയിൽ തുടങ്ങും. 21 ദിവസമാണെങ്കിൽ ശ്രീരാമ ജനനം മുതൽക്കാണ് തുടങ്ങുക. 21 ദിവസത്തെ കഥയെ പെരുപ്പിച്ച് പെരുപ്പിച്ച് കൊണ്ട് പോകുകയാണ് പതിവ്.
പാവകളി ദിവസങ്ങൾ ചുരുങ്ങുമ്പോൾ കഥയുടെ ഇതിവൃത്തവും ചുരുങ്ങുമല്ലോ. കഥയുടെ സാരം ചോരാതെ എങ്ങനെ അപ്പോൾ അവതരിപ്പിക്കും?
ഏഴ് ദിവസത്തെ കഥയാണെങ്കിൽ ആദ്യത്തെ ദിവസം സേതുബന്ധനമായിരിക്കും. രണ്ടാമത്തെ ദിവസം അംഗദൻദൂതായിരിക്കും. മൂന്നാം ദിവസം കുംഭകർണ വധം, നാലാം ദിവസം അതിയായ വധം. അഞ്ചാം ദിനം ഗരുഡ പത്ത് അതായത് ഇന്ദ്രജിത്ത് വധം. ആറാം ദിവസമാണ് രാവണ വധം വരിക. ഏഴാം ദിവസം ശ്രീരാമ പട്ടാഭിഷേകം. ഇങ്ങനെയാണ് കഥകൾ വരുന്നത്. പ്രധാനമായും ശ്രദ്ധിക്കേണ്ടത് അംഗദൻ ദൂത്. രാവണനും അംഗദനും കൂടിയുള്ള സംഭാഷണമാണവിടെ കാണിക്കുന്നത്. ശ്രീരാമൻ രാവണന്റെ അടുത്തേക്ക് അംഗദനെ ദൂത് അയക്കുന്നു. അംഗദനും രാവണനും തമ്മിലുള്ള ചോദ്യോത്തരങ്ങളാണ് അവിടെ കാണിക്കുന്നത്. അത് പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. മൂന്നാം ദിവസം കുംഭകർണവധവും അതുപോലെ ഒന്നാണ്. അതിൽ കുംഭകർണന്റെ പെരുമകളെല്ലാം പറയും. വിഭീഷണൻ ശ്രീരാമസ്വാമിക്ക് പോരിന് വരുന്ന കുംഭകർണനെ കുറിച്ച് വിവരിക്കുകയാണിവിടെ. കുംഭകർണന്റെ പോര് ബലം, പാദബലം എന്നിവയെല്ലാം തന്നെ വിവരിക്കുന്നു. പിന്നെ കുംഭകർണ-വിഭീഷണ സംവാദം. ശരിക്കും കുംഭകർണൻ ശ്രീരാമസ്വാമിയുടെ ഭക്തനാണ്. പക്ഷേ സ്വന്തം ജ്യേഷ്ഠന്റെ കൂടെ നിൽക്കേണ്ടതുകൊണ്ട് അദ്ദേഹം ശ്രീരാമന് എതിരാകുന്നു. കുംഭകർണൻ രാവണന് വേണ്ടി നിലകൊള്ളുന്ന സന്ദർഭങ്ങളെല്ലാം തന്നെ വളരെയധികം വിഷമമുണ്ടാക്കുന്നതാണ്. ജ്യേഷ്ഠാനുജന്മാരുടെ ബന്ധമാണ് അവിടെ പറയുന്നത്. നാലാം ദിവസത്തെ അതികായ വധവും വളരെ ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്.അഞ്ചാം ദിവസം ഗരുഡ പത്താണ്. ഗരുഡന്റെ സ്ഥാനത്ത് നിൽക്കുന്ന പുലവർ ചോദ്യത്തിന് ഉത്തരം നൽകിയില്ല എങ്കിൽ അന്ന് കൂത്ത് മാടത്തിൽ നിന്നും ഇറക്കി വിടുമായിരുന്നു. പിന്നെ ഒരു കൂത്തുമാടത്തിലും കയറാൻ പോലും അയാൾക്ക് പറ്റില്ല. ചോദ്യം ചോദിക്കാനും ഉത്തരം പറയാനും ആൾക്കാരുണ്ടാകും. ശരിയായ ഉത്തരം നൽകിയില്ല എങ്കിൽ അവനെ പിന്നീട് കൂത്തുമാടം കയറ്റില്ല. ഏത് ഭാഗം എടുത്താലും മർമ്മം സ്ഥാനം തന്നെയാണ്. ഒന്നും ഒഴിവാക്കാനായി കഴിയില്ല.
ഏതെല്ലാം സ്ഥലങ്ങളിലാണ് തോൽപ്പാവക്കൂത്ത് ഇപ്പോഴും പ്രചാരത്തിലുള്ളത്?
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് പൊതുവെ കൂത്ത് അവതരിപ്പിക്കുക. അമ്പലങ്ങളിൽ ചുറ്റുമതിലിന് പുറത്ത് കൂത്തുമാടങ്ങളുണ്ടാകും. അവിടെ വെച്ചാണ് കൂത്തുകൾ അവതരിപ്പിക്കുക. ഈ കൂത്തുമാടത്തിനെ നാൽപ്പത്തീരടി കളരി എന്നാണ് പറയുക. അത് എല്ലാ ദേവീക്ഷേത്രങ്ങളിലും ഉണ്ടാകും. അവിടെ ഈ കൂത്ത് മാത്രമേ നടക്കാറുള്ളൂ. മറ്റ് പരിപാടികളൊന്നും തന്നെ നടക്കാറില്ല.
കാലം മാറിയത് അനുസരിച്ച് കൂത്തിനും വ്യത്യാസം വന്നിട്ടുണ്ടല്ലോ. ഓർമ്മയിലെ തോൽപ്പാവക്കൂത്തും ഇപ്പോഴത്തെ കൂത്തും തമ്മിൽ എന്തെല്ലാം മാറ്റങ്ങൾ കാണുന്നു?
പണ്ട് എന്നുപറഞ്ഞാൽ എന്റെ അച്ഛൻ പറഞ്ഞു തന്നത് ഒരു കൂത്തുമാടത്തില് 25 ഓളം ആൾക്കാർ ഉണ്ടാകുമായിരുന്നു എന്നാണ്. മുപ്പതോളം ആൾക്കാർ നാലോ അഞ്ചോ സെറ്റായി നിൽക്കും. ചില ആൾക്കാർക്ക് ചെറിയ അവസരങ്ങൾ മാത്രമേ പറയാനുണ്ടാകുകയുള്ളൂ. പ്രധാനപ്പെട്ട രണ്ട് പുലവർ എല്ലാ ഭാഗവും പറയണം. ചിലർക്ക് ചില അവസരങ്ങൾ മാത്രമേ പറയാനുണ്ടാകുകയുള്ളൂ. അപ്പോൾ അവർ തങ്ങളുടെ അവസരം വരുന്നത് വരേയും ഉറങ്ങാതെ കാത്തിരിക്കും. ചില അമ്പലങ്ങളിൽ ശൂർപ്പണകയുടെ ഭാഗം വരും. അന്നേരം ആ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു വ്യക്തി കാണും. ചിലപ്പോൾ അദ്ദേഹത്തിന് ആ വേഷം മാത്രമേ ചെയ്യാനറിയൂ. തന്റെ ഊഴമാകുന്നത് അറിയാനായി അവർ ആ പാവയുടെ മുകളിലാണ് കിടക്കുക. അല്ലെങ്കിൽ വേറെ ആൾ അയാളുടെ സംഭാഷണം പറയും. അയാൾക്ക് പറയാൻ കഴിയാതെ വരും. അവരാരും ഉറങ്ങാറില്ല എന്നതും വലിയൊരു കാര്യമാണ്. രണ്ട് പ്രധാനപ്പെട്ടവർ കഥ പറയാൻ വേണ്ടി മാത്രം ഇരിക്കുന്നു. പാട്ടുകൾ പാടാൻ രണ്ട് പേരും പിൻപാട്ടിനും കാണും ഒന്നോ രണ്ടോ പേർ. പാവ ചലിപ്പിക്കാൻ വേറെ രണ്ട് പേർ കൂടി കാണും. ഒരു സെറ്റിൽ നിന്നു തന്നെ 6-8 വരെ ആൾക്കാർ ഉണ്ടാകും. അങ്ങനെ നാല് അഞ്ച് സെറ്റായിട്ടായിരിക്കും നിൽക്കുക. പണ്ടൊക്കെ ‘മാടം കേറാ’ എന്നാണ് പറഞ്ഞിരുന്നത്. രാത്രി എട്ട് എട്ടരക്ക് തുടങ്ങിയാൽ രാവിലെ സൂര്യനുദിച്ച് കഴിഞ്ഞാലേ കൂത്ത് അവസാനിക്കുകയുള്ളൂ. അന്ന് മൈക്കൊന്നുമില്ല. ഒരു രണ്ട് കിലോമീറ്റർ ചുറ്റളവിലെല്ലാം തന്നെ പുലവരുടെ ശബ്ദം കേൾക്കും. പിന്നെ രാവണവധം എന്നു പറയുമ്പോൾ സൂരോദയം കാണണമെന്നാണ് പറയുക. രാവണനെ കൊല്ലുന്ന സമയം എന്നു പറയുന്നത് സൂര്യനുദിച്ചതിന് ശേഷമാണ്. അദ്ദേഹം സൂര്യഭഗവാനെ ധ്യാനിക്കുന്നുണ്ട്.
കാണികളും മാറി അല്ലേ?
പണ്ട് ഒന്നാം ദിവസം ഈ കഥയാണ് അവതരിപ്പിക്കാൻ പോകുന്നത് എന്ന് കാണികൾ പുലവരോട് പറയുമായിരുന്നു. ഇന്ന് ആർക്കും ഏത് കഥയാണ് പറയാൻ പോകുന്നത് എന്നതിനെ കുറിച്ച് വല്യ ധാരണ ഒന്നുമില്ല. പണ്ട് ഉച്ചയാകുമ്പോഴേക്കും ഓരോരുത്തരും അവരവർക്ക് വേണ്ടുന്ന പായയും പുതപ്പുമെല്ലാം എടുത്ത് കൊണ്ടുവരുമായിരുന്നു. അവർക്ക് സീറ്റ് പിടിക്കാൻ. അത്രക്കും പൂരപറമ്പ് നിറയെ കാണികളുണ്ടാകുമായിരുന്നു. കുറേയൊക്കെ കിടന്നുറങ്ങുമെങ്കിലും കുറേ പേർ കേട്ടിരിക്കും. നാളത്തെ കഥ കാണികൾ ഇങ്ങോട്ട് പറഞ്ഞുതരും. പിന്നെ കൂത്ത് പറയുന്ന ദിവസങ്ങളിൽ എന്തെങ്കിലും തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും കാണികൾ പറഞ്ഞു തരുമായിരുന്നു. പറമ്പ് നിറയെ കാണികളെ കാണുമ്പോഴും അവർ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോഴും നമുക്ക് തന്നെ കൂത്ത് അവതരിപ്പിക്കാൻ ഒരാവേശമായിരുന്നു. ആ പൂരപറമ്പിൽ തന്നെ മറ്റ് പരിപാടികളും നടക്കുമായിരുന്നു. ചീട്ടുകളി, ചെറമക്കളി പോലുള്ളവ. കൂത്ത് ഏഴ് ദിവസമാണ് നടക്കുന്നത് എങ്കിൽ ആ ദിവസങ്ങളിലെല്ലാം തന്നെ ഒരു പൂരത്തിന്റെ പ്രതീതി തന്നെയാണ് ഉണ്ടാക്കിയിരുന്നത്. പണ്ട് ചൂട്ടെല്ലാം കൊളുത്തി കൊണ്ടായിരുന്നു കാണികൾ കൂത്തുകാണാനെത്തിയിരുന്നത്. പക്ഷേ, ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. മാടം കയറിയാൽ ഒരാളെ പോലും കാണാൻ പറ്റില്ല. പണ്ട് 25 മുതൽ 30 വരെ പേർ കൂത്തുമാടത്തിനകത്ത് ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ അവസ്ഥ രണ്ട് പേർ മാത്രമാണ്. അതാണ് ഇന്നത്തെ അവസ്ഥ. ഇന്നിപ്പോ കൂത്ത് നടക്കുന്നുണ്ട് എന്ന് പറഞ്ഞാൽ പോലും ആരും കാണാൻ വരില്ല. പണ്ട് ഒരു വീട്ടിൽ നിന്ന് തന്നെ എട്ടും ഒമ്പതും പേർ വന്നിരുന്ന സ്ഥാനത്ത് ഇന്ന് ഒന്നു പോലുമില്ല. അന്ന് മറ്റ് വിനോദ ഉപാധികളൊന്നും ഇല്ലായിരുന്നു. ഇന്നതല്ല സ്ഥിതി. അന്ന് ടിവിയില്ല, ഫോണില്ല. അതുകൊണ്ട് കൂത്ത് അന്ന് നിലനിന്നു. ഇന്നതല്ല, ടിവിയും ഫോണും വന്നതോടു കൂടി കൂത്ത് നശിക്കുകയാണ് ചെയ്തത്. ഇന്ന് കുട്ടികൾക്ക് കൂത്ത് എന്ന വാക്ക് അറിയാം. പക്ഷേ കൂത്ത് എന്താണെന്ന് അറിയില്ല.
മുഴുവൻ സമരം ഒരു കൂത്തുകലാകാരൻ ആയിരിക്കാൻ ഇപ്പോൾ സാധ്യമാണോ. എന്താണ് ഇന്ന് ഈ കലാരൂപം ഉപജീവനമാക്കുന്നവരുടെ അവസ്ഥ?
പണ്ട് കൂത്ത് അവതരിപ്പിച്ചിരുന്ന കലാകാരന്മാർക്ക് വേണ്ടതായിട്ടുള്ള എണ്ണ, അരി, പച്ചക്കറി, എല്ലാം കൊടുത്തിരുന്നു. ഇന്നതില്ല. അന്ന് ഒരു അണ കിട്ടിയാൽ വലിയ കൂത്തുകാരനായി. ഏറ്റവും വലിയ കൂത്തുകാരനാണ് ഒരു അണ കിട്ടുന്നത്. ഇന്ന് ചിലയിടങ്ങളിൽ 700 രൂപയും മറ്റു ചില സ്ഥലങ്ങളിൽ ആയിരം രൂപയുമാണ് ലഭിക്കുക. ഇനി ലഭിക്കുന്ന പണം കുറച്ച് കൂടുതൽ കൂട്ടി തരണമെന്ന് പറഞ്ഞാൽ അടുത്ത തവണ നിങ്ങൾ വരണ്ട എന്നേ പറയൂ. അമ്പല കമ്മിറ്റിക്കാർ കൂത്ത് അവതരിപ്പിക്കുന്നവർക്ക് അതിനനുസരിച്ചുള്ള പണം നൽകിയാലേ ഇനിയുള്ള തലമുറ ഇതിലേക്ക് നിൽക്കുകയുള്ളൂ. ദിവസക്കൂലിക്കാരന്റെ വേതനം പോലും പലപ്പോഴും ലഭിക്കാറില്ല. അതുകൊണ്ട് തന്നെ പുതിയ തലമുറ ഈ പരമ്പരാഗത കലയെ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വരുന്നില്ല. ‘രാവിലെ വരെ ഉറക്കമൊഴിച്ച് കഴിയുമ്പോൾ കിട്ടുന്നത് ചിലപ്പോൾ ആ തേങ്ങ മുറി മാത്രമായിരിക്കും.’ ലഭിക്കുന്ന പൈസയിൽ നിന്നും പോക്ക് വരവ് കൂടി മാറ്റിയാൽ ഒരു കലാകാരന് ലാഭം ഒന്നുമില്ല. പിന്നെ നമ്മുടെ പൂർവികർ നടത്തി വന്നത് കളയണ്ട എന്ന ഒരൊറ്റ ഉദ്ദേശം ഒന്നു കൊണ്ട് മാത്രമാണ് ഈ കലയുമായി മുന്നോട്ട് പോകുന്നത്. ചിലർ കൂത്തൊന്നും നശിച്ച് പോകില്ല എന്ന് പറയുമ്പോഴും എനിക്ക് തോന്നുന്നത് കൂത്ത് നശിച്ച് പോകുമെന്ന് തന്നെയാണ്. കാരണം, ഞാൻ പഠിച്ച അത്രക്ക് പോലും എന്റെ മക്കൾ പഠിച്ചിട്ടില്ല. പുതിയ തലമുറയിലുള്ള കുട്ടികളാരും ഈ മേഖലയിലേക്ക് കടന്നു വരുന്നില്ല. ദിവസവും എന്തെങ്കിലും പത്ത് പണം ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്. ഈ കലയാണെങ്കിൽ കൂടിയാൽ നാല് മാസക്കാലം മാത്രമേ ഉണ്ടാകുകയുള്ളൂ. അവർ രാത്രി കിടന്നുറങ്ങാനാണ് ശ്രമിക്കുന്നത്. പകൽ പണിയെടുത്താൽ ചുരുങ്ങിയത് അവർക്ക് ആയിരം രൂപ ഉണ്ടാക്കാൻ കഴിയും. ഇതിനു പോയാൽ അതുപോലും ലഭിക്കില്ല.
ഈ കലയല്ലാതെ മറ്റ് ഉപജീവനമാർഗം?
നിലവിൽ ആകെ മൂന്ന് മാസം മാത്രമാണ് കാര്യമായി ഈ കല അവതരിപ്പിക്കുക. അത് കുംഭം, മീനം, മേടം മാസങ്ങളിലായിരിക്കും. ബാക്കിയുള്ള മാസങ്ങളിൽ പൊതുവെ കൃഷിപ്പണികളാണ് ചെയ്യുക. ഈ മൂന്ന് മാസങ്ങളല്ലാതെ തന്നെ പല സ്റ്റേജ് പരിപാടികളും മറ്റു മാസങ്ങളിൽ ചിലപ്പോൾ ലഭിക്കും. പശുക്കളും കൃഷിപ്പണിയുമായി മുന്നോട്ട് പോകുന്നു.
കൂത്ത് ചെയ്യുന്നവർ മറ്റ് ജില്ലകളിലുമുണ്ടോ?
നിലവിൽ കൂത്ത് ചെയ്യുന്നവർ പാലക്കാട് ജില്ലയിൽ മാത്രമാണുള്ളത്. തൃശൂർ ജില്ലയിൽ ഉണ്ടായിരുന്നു. പക്ഷേ, ആ കുടുംബത്തിലെ ആൾക്കാരെല്ലാം മരണപ്പെട്ടു. ഒരു കുട്ടികൾ പോലും പഠിച്ച് കയറിയിട്ടില്ല. ഇപ്പോൾ പാലക്കാട് ജില്ലയിൽ തന്നെ മുണ്ടംക്കോട്ടുകുറിശ്ശിയിലും ഇതേ അവസ്ഥ തന്നെയാണുള്ളത്. പത്തിരിപ്പാല തുടങ്ങിയ പല സ്ഥലങ്ങളിലും പ്രഗത്ഭന്മാരായ കൂത്തുകലാകാരന്മാർ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു മനുഷ്യനുമില്ല. നിലവിൽ പുസ്തകത്തിൽ എഴുതിവെച്ചത് നോക്കി വായിക്കുന്ന യുവത്വമാണ് നമുക്കപ്പൊം ഉള്ളത്. ഇപ്പോൾ പത്ത് കൂട്ടരുമാത്രമാണ് കൂത്ത് അവതരിപ്പിക്കുന്നത്. അതും ഈ പ്രായം കഴിഞ്ഞാൽ അതും ഇല്ലാതാകും. യുവതലമുറ ഇതിലേക്ക് വരുന്നത് നന്നേ കുറവാണ്.
സ്ത്രീകളും കൂത്തുമാടവും?
പണ്ട് കാലം മുതലെ സ്ത്രീകളെ കൂത്തുമാടങ്ങളിൽ കയറ്റാറില്ല. അവര് കൂത്ത് പഠിച്ചിട്ടും കാര്യമില്ല. സ്ത്രീകൾക്ക് ആർത്തവമുള്ളതു കൊണ്ടാണ് അങ്ങനെ. ഇന്ന് ചിലർ സ്റ്റേജ് പരിപാടികൾക്കെല്ലാം സ്ത്രീകളെ കൊണ്ടുപോകുന്നതായി കാണാം. പക്ഷേ എന്നാലും കൂത്തുമാടത്തിൽ അവർ കയറാറില്ല. ഇനി പരിപാടികൾക്ക് കൊണ്ട് പോയാലും കൂത്തിൽ നടക്കുന്ന കഥകളെ കുറിച്ചോ അതിലെന്തെല്ലാം ചെയ്യണമെന്നോ അവർക്കറിയില്ല എന്ന സാഹചര്യമുണ്ട്.
കൊറോണ എങ്ങനെയാണ് തോൽപ്പാവ കൂത്തിനെ ബാധിച്ചത്?
കൊറോണ വരുന്നതിന് മുമ്പ് എല്ലാ ദേവീ ക്ഷേത്രങ്ങളിലും പരിപാടികൾ ഉണ്ടായിരുന്നു. ഈ സമയങ്ങളിലൊക്കെ സ്റ്റേജ് പരിപാടികളും കിട്ടുമായിരുന്നു. എന്നാൽ കൊറോണ വന്നതോടു കൂടി പരിപാടികളെല്ലാം സ്തംഭിച്ചു അവസ്ഥയായി. ഒന്നൂല്യ ഇപ്പോ. ഒരു സ്‌റ്റേജ് പരിപാടി പോലും കിട്ടുന്നില്ല. പത്ത് രൂപ ഉണ്ടാക്കിയവർക്ക് അതുണ്ടാകും. അതില്ലാത്ത വ്യക്തികൾക്ക് എന്നും ദാരിദ്ര്യം തന്നെ.
ഓൺലൈൻ പാവക്കൂത്തിലേക്ക് ചുവടുമാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചോ?
ഇല്ല. തീരെ നിവൃത്തി ഇല്ലാതെ ആകുമ്പോഴാണ് പലരും അത്തരം രീതികളിലേക്ക് മാറുന്നത്. പക്ഷേ, അതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ലിങ്ക് അയച്ച് കൊടുത്തവർക്ക് മാത്രമല്ലേ കാണാൻ കഴിയുകയുള്ളൂ. ഒരു സ്‌റ്റേജ് പരിപാടിയോ അമ്പലത്തിൽ കൂത്ത് നടത്തുകയോ ആണെങ്കിൽ നാട് മുഴുക്കെ അറിയും. സ്‌പെഷ്യൽ പരിപാടി ആണെങ്കിൽ നോട്ടീസ് വിതരണം ചെയ്തിട്ടാണെങ്കിൽ പോലും ഒരുപാട് പേർ അറിയും. ഇതിൽ അങ്ങനെ പറ്റില്ല.
നവമാധ്യമങ്ങളുടെ വളർച്ച കൂത്തിനെ ബാധിച്ചെന്ന് തോന്നിയിട്ടുണ്ടോ?
ഉണ്ട്. ആരും ഇപ്പോൾ ഈ കലയിലേക്ക് ശ്രദ്ധ കൊടുക്കുന്നില്ല. കൂത്ത് കാണാൻ ആരും വരില്ല, പലരും ഫോണിൽ നോക്കിയിരിക്കും. ചെറുപ്പം കുട്ടികൾക്ക് പോലും കൂത്ത് എന്താണെന്നറിയില്ല. അത് തോൽപ്പാവക്കൂത്തിനെ നന്നായി ബാധിച്ചിട്ടുണ്ട്. ഈ ടിവിയും ഫോണുമെല്ലാം തോൽപ്പാവക്കൂത്തിനെ അടിച്ചമർത്തുന്നതിലേക്ക് നയിച്ചു. പണ്ടാണെങ്കിൽ മറ്റ് നാടുകളിൽ നിന്ന് വന്നവർ പോലും കൂത്ത് കാണാൻ വൈകുന്നേരങ്ങളിൽ എത്തുമായിരുന്നു. ഇന്നതില്ല. എല്ലാവരും വൈകുന്നേരമായാൽ ഫോണുകളിലാണ്. ഈ ഫോണുകൾ നമുക്ക് ഉപകാരവുമാണ് അതെസമയം ഉപദ്രവവുമാണ്. ഏറെയും ഉപദ്രവമാണ് ചെയ്യുന്നത്. കുട്ടികൾക്ക് പാവക്കൂത്ത് നടക്കുന്നു എന്നതറിയാം എന്നല്ലാതെ എന്താണ് എന്നൊന്നും ഇന്നത്തെ കാലത്ത് അറിയില്ല. രൂപങ്ങളെ പോലും അറിയില്ല അവർക്ക്.
ഏതെല്ലാം രാജ്യങ്ങളിൽകൂത്ത് അവതരിപ്പിച്ചിട്ടുണ്ട്?
ജപ്പാൻ, ജർമ്മനി, സ്വീഡൻ, സിങ്കപ്പൂർ, തായ്‌ലൻഡ്, അയർലൻഡ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പരിപാടികൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. കേരള ടൂറിസത്തിന്റെ പരിപാടികളും ലഭിച്ചിട്ടുണ്ട്.
മറ്റു രാജ്യങ്ങളില് കൂത്തിനോടുള്ള പെരുമാറ്റം?
പരിപാടി അവതരിപ്പിക്കാൻ പോയപ്പോഴാണ് കൂത്തിനോട് അവർക്കുള്ള ആവേശത്തെ കുറിച്ച് മനസിലാകുന്നത്. അവർക്കിതൊക്കെ ഭയങ്കര അത്ഭുത വസ്തുവാണ്. നമ്മുടെ കേരളത്തിൽ മാത്രമേ തോൽപ്പാവക്കൂത്തിന് വില ഇല്ലാതായിട്ടുള്ളൂ. ബാക്കിയെല്ലാ സ്ഥലങ്ങളിലും ഈ കലയെ അതിനു നൽകേണ്ടുന്ന ആദരവോടു കൂടി തന്നെയാണ് ജനങ്ങൾ സമീപിക്കുന്നത്. അവിടെയെല്ലാം ടിക്കറ്റ് വെച്ചിട്ടാണ് പാവക്കൂത്ത് കാണിക്കുന്നത്. ചിലയിടങ്ങളിൽ അതില്ലാതെയും കാണിക്കുന്നുണ്ട്. അതെല്ലാം തന്നെ നല്ല പ്രോത്സാഹനം നൽകുന്നുണ്ട്.
കേരള സർക്കാർ വക സ്ഥിരം വേദി ലഭിക്കാറുണ്ടോ?
ഇല്ല. എന്റെ അച്ഛന്റെ കാലത്ത് സർക്കാരിലേക്ക് തോൽപ്പാവക്കൂത്ത് ചെയ്ത് കൊടുത്തിരുന്ന കാലത്ത് അവർ പറഞ്ഞിരുന്നത് ഇത് നാല് ഭാഷകൾ ചേർന്നതായ കലാരൂപമാണെന്നാണ്. തമിഴ്, സംസ്‌കൃതം, മലയാളം, തെലുങ്ക് എന്നിവയാണ് ആ നാല് ഭാഷകൾ. പക്ഷേ, അന്ന് സർക്കാരിന്റെ ആൾക്കാർ പറഞ്ഞത് ഇത് കേരളത്തിന്റെ കലാരൂപമല്ല എന്നാണ്. ഇത് തമിഴ്‌നാട് കലാരൂപമാണെന്നാണ് ഇവരുടെ ഭാഷ്യം. എന്നാൽ തമിഴ്‌നാട്ടിലുള്ളവർ പറയുന്നത് ഇത് കേരളത്തിന്റെ കലാരൂപമാണെന്നാണ് പറയുന്നത്. പണ്ട് കാലങ്ങളിൽ പാലക്കാട് ജില്ല തമിഴ്‌നാടിന്റെ ഭാഗമായിരുന്നു. ഞങ്ങളുടെ പൂർവ്വികർ തഞ്ചാവൂരിൽ നിന്നും വന്നവരാണെന്നാണ് പറയപ്പെടുന്നത്. പണ്ട് ഈ കലാരൂപത്തിനെ ഓലപ്പാവക്കൂത്ത് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കവളപ്പാറ മൂപ്പിൽ നായർക്ക് സന്താനങ്ങളില്ലായിരുന്നു. അദ്ദേഹം തനിക്ക് സന്താനങ്ങളുണ്ടായാൽ ശ്രീരാമ ജനനം മുതൽ പട്ടാഭിഷേകം വരെ തോൽപ്പാവക്കൂത്ത് നടത്താമെന്ന് പ്രാർത്ഥിച്ചു. അതിന്റെ ഫലമായി അവർക്ക് കുഞ്ഞ് പിറക്കുകയും അടുത്ത വർഷം മുതൽ ശ്രീരാമ ജനനം മുതൽ പട്ടാഭിഷേകം വരെ 21 ദിവസത്തെ തോൽപ്പാവക്കൂത്ത് അരങ്ങേറുകയും ചെയ്തു. അന്ന് ആ തോൽപ്പാവക്കൂത്ത് ചെയ്യാനായി ഞങ്ങളുടെ പൂർവ്വികരെ തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്നു എന്നാണ് പറയുന്നത്. ആന്ധ്ര തോൽപ്പാവക്കൂത്തിൽ ഇലക്ട്രിക് ബൾബുകളാണ് ഉപയോഗിക്കുന്നത്. നമ്മളങ്ങനെ ചെയ്യില്ല. നമ്മളിപ്പോഴും പഴയ കാലത്തെ ചിട്ടകൾ ആചരിക്കുന്നു. അവരുടെ സ്റ്റേജ് വളരെ ചെറുതാണ്. രണ്ട് പേർക്ക് ഇരുന്ന് ചെയ്യാനുള്ള സ്ഥലമേ അവർക്ക് വേണ്ടൂ. എന്നാൽ നമുക്ക് നാൽപ്പത്തിരണ്ട് ഈരടി വലിപ്പമുള്ള സ്ഥലം തന്നെ വേണം. നിന്നു കൊണ്ടാണ് നമ്മളിവിടെ ഈ കല അവതരിപ്പിക്കുന്നത്.
തോൽപ്പാവക്കൂത്ത് പഠിക്കണമെന്ന ആഗ്രഹവുമായി വരുന്നവരുണ്ടോ?പഠിക്കാനായിട്ട് ആരും വരുന്നില്ല.
രാമായണ കഥയല്ലാതെ മറ്റ് നാടകങ്ങൾ അവതരിപ്പിക്കാറുണ്ടോ?
ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹം എന്നൊരു നാടകം ചെയ്യുകയുണ്ടായി. അന്ന് രണ്ട് വിഭാഗമുണ്ടായിരുന്നു. അതിലൊരു വിഭാഗം ആളുകൾ കൂത്തിനെ കൊണ്ടുപോയി നശിപ്പിക്കുകയാണെന്ന് പറഞ്ഞു. കാരണം തോൽപ്പാവക്കൂത്തിന്റെ ചൈതന്യം തോൽപ്പാവക്കൂത്തിനുണ്ട്. അത് നിങ്ങളായിട്ട് കൊണ്ട് പോയി നശിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു. എന്നാൽ ചിലര് ഗാന്ധിജിയുടേയും വേറെ പരിപാടികളും ഉണ്ടോ എന്ന് ചോദിക്കുന്നവരുമുണ്ട്. അവതരിപ്പിച്ചാൽ കുറേ പേർക്ക് ഇഷ്ടാകും. ചിലർക്ക് അതുണ്ടാകില്ല. ബിസിനസ് മൈൻഡ് ആയിട്ടാണെങ്കിൽ അത്തരം വഴികൾ നോക്കാം. പക്ഷേ, എനിക്കത് പറ്റില്ല. ദൈവീക കഥയായിട്ടാണ് ഞാൻ അവതരിപ്പിക്കുന്നത്. ബിസിനസ് മൈൻഡിലൂടെ ചിന്തിച്ചാൽ പഠിക്കാൻ കുട്ടികൾ വരും. പൈസ ഉണ്ടാക്കണം എന്ന ആഗ്രഹമാകും അതിനു പുറകിലുണ്ടാകുക. എന്നാൽ ദൈവീകമായി നോക്കിയാൽ ആ ചിന്ത ഉണ്ടാകില്ല. പിന്നെ അത്തരം പാവക്കൂത്തിന് വേദികളില്ല. ഒന്നോ രണ്ടോ വേദികൾ കിട്ടിയാൽ ആയി. എന്നാൽ തോൽപ്പാവക്കൂത്തിന് സ്ഥിരം വേദികളുണ്ട്. കുംഭം ഒന്നിന് കൂത്തുണ്ട് എങ്കിൽ അന്ന് കൂറ വിതാനിച്ചിരിക്കും. പക്ഷേ ഇതിലങ്ങനെ പറ്റില്ല. ഗാന്ധിജി ആയാലും ശ്രീകൃഷ്ണ ജനനം ആയാലും അതിന് പഠിച്ച് ഉണ്ടാക്കേണ്ട കാര്യമില്ല. പക്ഷേ, ഇതങ്ങനെ അല്ല. പഠിച്ച് സ്വായത്തമാക്കുക തന്നെ വേണം.
കഥകളറിയാത്തതു കൊണ്ട് കാണികൾ ഇല്ലാതായി എന്ന് തോന്നിയിട്ടുണ്ടോ?
മുമ്പ് പറഞ്ഞല്ലോ നാല് ഭാഷകൾ കൂടിച്ചേർന്ന് രൂപമെടുത്ത കലയാണിതെന്ന്. പണ്ടുള്ള ആൾക്കാർ ഇത് കേട്ട് മനസിലാക്കി ഇങ്ങോട്ട് പറയുമായിരുന്നു. നമ്മള് കൂത്ത് പറയുന്ന ശൈലിയിൽ തന്നെ അവർ പറഞ്ഞിരുന്നു. അത്രത്തോളം അവരത് കേട്ട് പരിചയത്തിലായി. എന്നാലിന്ന് അതില്ല. അഞ്ചോ ആറോ വർഷം കേട്ടിരുന്നാൽ തന്നെ അതിന്റെ രൂപം മനസിൽ പതിയും. ചിലയിടങ്ങളിൽ സ്ഥിരം വരുന്ന കാണികളുണ്ട്. ഇപ്പോൾ കിള്ളിക്കാവിൽ കൂത്ത് അവതരിപ്പിക്കാൻ പോകുമ്പോൾ സ്ഥിരം വരുന്ന ഒരു വ്യക്തിയുണ്ട്. 60 വയസ് പ്രായമുണ്ട് അയാൾക്ക്. ബോംബെയിൽ നിന്നാണ് അവർ ഈ കൂത്ത് കാണാൻ വരുന്നത്. എല്ലാ വർഷവും മേടം രണ്ടിന് അദ്ദേഹം എത്തും. മേടം രണ്ടിന് അമ്പലത്തിൽ കൂത്ത് തുടങ്ങുമെന്ന് മനസിലാക്കിയാണ് അദ്ദേഹത്തിന്റെ വരവ്. അതും ആ ഒരു ദിവസം മാത്രമേ അദ്ദേഹം എത്തുകയുള്ളൂ. പണ്ടുള്ള വ്യക്തികൾക്ക് ഏത് ദിവസം ഏത് കഥയാണ് നടക്കുക എന്ന് അറിയാം. ഈ കഥ കേൾക്കാനായിട്ട് അദ്ദേഹം അവിടെ നിന്നും വരുന്നു. കഥ മനസിലാകുന്നത് കൊണ്ടാണല്ലോ അദ്ദേഹം വരുന്നത്. അതുപോലെ ഇന്നത്തെ കാലത്തുള്ളവർക്കും കേട്ട് കഴിഞ്ഞാൽ മനസിലാകാവുന്നതേ ഉള്ളൂ.
പാവകളിയുടെ ഉന്നമനത്തിനായി എന്താണ് ചെയ്യേണ്ടത്?
കൂത്ത് നടക്കുന്ന ക്ഷേത്രങ്ങളിലെ അമ്പലക്കമ്മിറ്റിക്കാർ കുട്ടികളെ കൂത്ത് പഠിപ്പിക്കാൻ മുന്നോട്ട് വരേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ സർക്കാർ തയ്യാറാകണം. കുട്ടികൾക്ക് മാസന്തോറും ഗ്രാൻഡ് നൽകുകയാണെങ്കിൽ ഈ കല അവതരിപ്പിക്കാൻ ആളുണ്ടാകും. അതല്ലാതെ കണ്ട് ആരും പഠിക്കാൻ ഇറങ്ങുമെന്ന് തോന്നുന്നില്ല. കാരണം തുച്ഛമായ വരുമാനം ലഭിക്കുന്ന ഒരു കലയാണിത്. എല്ലാവരും പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുന്നു. വർഷത്തിൽ മൂന്ന് മാസം മാത്രമേ പരിപാടികൾ അവതരിപ്പിക്കാൻ കഴിയൂ എന്നതു കൊണ്ട് ഈ കൂത്ത് അവകരിപ്പിക്കുന്നവരെല്ലാം തന്നെ മറ്റ് ജോലികൾ നോക്കുന്നു.
പാവകളിയുടെ ഭാവിയെക്കുറിച്ച് എന്താണ് പ്രതീക്ഷിക്കുന്നത്?
എനിക്ക് പ്രതീക്ഷയൊന്നുമില്ല. ഈ കല നശിച്ചു പോകുമെന്നുള്ള മാനസിക വിഷമം നന്നായിട്ടുണ്ട്. അച് നമ്മൾ പഠിച്ചതു കൊണ്ട് തോന്നും. പഠിക്കാത്തവന് അതൊന്നും തോന്നില്ല. ഞങ്ങൾ പഠിച്ച കാലത്ത് ഉണ്ടായിരുന്നവർ ഇന്നില്ല. പുതിയ തലമുറ ഈ കലയെ ഏറ്റെടുക്കാത്തിടത്തോളം കാലം നശിച്ചു പോകുമെന്ന് തന്നെ പറയേണ്ടതായി വരും. എനിക്ക് തോന്നുന്നത് തോൽപ്പാവക്കൂത്ത് ബിസിനസ് മൈൻഡ് ആയി മാറി കഴിഞ്ഞു. ഇനി പഴയതുപോലെ മുന്നിലേക്ക് വരില്ല എന്ന് തന്നെയാണ് എന്റെ ബോധ്യം.
കുടുംബത്തെക്കുറിച്ച്?
കെഎൽ കൃഷ്ണകുമാർ, കെഎൽ വിഷ്ണു എന്നിവരാണ് മക്കൾ. അവർ രണ്ടു പേരും ഇപ്പോൾ എന്നെ സഹായിക്കാൻ കൂടെയുണ്ട്. ഭാര്യ ധനലക്ഷ്മി കൂത്തിനു വേണ്ട പാവകൾ നിർമ്മിക്കാൻ എന്നെ സഹായിക്കും. ഒറ്റപ്പാലത്തിനടുത്തുള്ള കൂനത്തറയിലാണ് താമസിക്കുന്നത്.
****