മൈൻക്രാഫ്റ്റ് വീഡിയോകൾ ഒരു ലക്ഷം കോടിയിലേറെ തവണ കണ്ടതായി യൂട്യൂബ്. ആഗോളതലത്തിൽ പ്രചാരത്തിലുള്ള മൈൻക്രാഫ്റ്റ് ഗെയിമിന്റെ ഈ നേട്ടം യൂട്യൂബ് ആഘോഷമാക്കുകയാണ്.
2009 മുതലാണ് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള മൈൻക്രാഫ്റ്റ് ഉള്ളടക്കങ്ങൾ യൂട്യൂബിൽ വന്ന് തുടങ്ങിയത്. അന്ന് മുതൽ മൈൻക്രാഫ്റ്റിന്റെ ജനപ്രീതി വർധിക്കുകയാണുണ്ടായിട്ടുള്ളത്. മൊജാങ് സ്റ്റുഡിയോസ് ആണ് മൈൻക്രാഫ്റ്റിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. കുട്ടികൾക്കിടയിലും പ്രായപൂർത്തിയായവർക്കിടയിലും മൈൻക്രാഫ്റ്റിന് സ്വീകാര്യതയുണ്ട്.
പത്ത് വർഷം കൊണ്ട് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഗെയിമുകളിൽ ഒന്നായി മാറാൻ മൈൻ ക്രാഫ്റ്റിന് സാധിച്ചു. ആഗോളതലത്തിൽ പ്രതിമാസം 14 കോടി സ്ഥിരം കളിക്കാരുണ്ട് ഈ ഗെയിമിന്. ഈ നേട്ടങ്ങൾക്കെല്ലാം പുറമെയാണ് യൂട്യൂബിൽ ഒരു ലക്ഷം കോടി വ്യൂസ് മൈൻക്രാഫ്റ്റിനുണ്ടെന്ന് കണ്ടെത്തുന്നത്.
ഈ ആഘോഷത്തിന്റെ ഭാഗമായി യൂട്യൂബിന്റെ ഹോം പേജ് തന്നെ മൈൻക്രാഫ്റ്റ് തീമിലാണ് ഒരുക്കിയിരിക്കുന്നത്. #MinecraftMuseum എന്ന ഹാഷ്ടാഗിൽ യൂട്യൂബിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ക്രിയേറ്റർമാർ തങ്ങളുടെ മൈൻക്രാഫ്റ്റ് ഓർമകൾ പങ്കുവെക്കുന്നുണ്ട്.
ഇന്ന് മൈൻക്രാഫ്റ്റ് കളിക്കുന്നവർക്ക് മുൻനിര മൈൻക്രാഫ്റ്റ് ക്രിയേറ്റർമാരെ പ്രതിനിധീകരിക്കുന്ന യൂട്യൂബ് ക്രിയേറ്റർ സ്കിൻ ലഭിക്കും. ഈ ഒരു ലക്ഷം കോടി വ്യൂസിൽ നിങ്ങളുടെ പങ്ക് എത്രയാണെന്ന് അറിയാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
2019-ലാണ് മൈൻക്രാഫ്റ്റ് വീഡിയോകൾ 50,000 കോടി വ്യൂസ് മറികടന്നത്. 35,000-ൽ ഏറെ ക്രിയേറ്റർമാർ മൈൻക്രാഫ്റ്റ് കമ്മ്യൂണിറ്റിയുടെ ഭാഗമാണെന്ന് യൂട്യൂബ് പറയുന്നു. മൈൻക്രാഫ്റ്റ് നിത്യേന കളിക്കുന്ന മുൻനിര ക്രിയേറ്റർമാരിൽ രണ്ട് പേരാണ് പ്യൂഡൈപൈ (Pewdiepie), മിസ്റ്റർ ബീസ്റ്റ് (Mr.Beast)എന്നിവർ. ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള വ്യക്തിഗത ക്രിയേറ്റർമാരാണ് ഇരുവരും.
Content Highlights: Minecraft’ Content Surpasses One Trillion Global Views and YouTube is celebrating