തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി മെഹ്രിൻ എസ് സാജിന് ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സിൽ പങ്കെടുക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. മൂന്നാം ക്ലാസ് മുതൽ കായിക ഇനമായ ജിംനാസ്റ്റിക്‌സ് പഠിക്കുന്ന മെഹ്രിൻ കഴിഞ്ഞ മാസം ജമ്മു കശ്മീരിൽ വെച്ചു നടന്ന ദേശീയ ജൂനിയർ റിതമിക് ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി.
കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിൽ ഒരു സ്വർണമെഡൽ നേടാനാകുന്നത്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള മെഹ്രിൻ സുവർണനേട്ടത്തോടെ പുതിയ കായിക വാഗ്ദാനമായി മാറുകയാണ്. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഓൾറൗണ്ട് നേടി സ്വർണമെഡൽ കരസ്ഥമാക്കിയതിനു പുറമെ വോളിങ് ടേബിൾ മത്സരത്തിലും മെഹ്രിൻ മറ്റൊരു സ്വർണവും തന്റെ കൈക്കുള്ളിലാക്കി. ഇതിനുപുറമെ നാലാമത് ഖേലോ ഇന്ത്യയിലേക്കും മെഹ്രിൻ യോഗ്യത നേടി.
തിരുവനന്തപുരം കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനായ എച്ച്. സാജുദ്ദീന്റേയും എൻ. സജീനയുടേയും മകളായ മെഹ്രിൻ, കോട്ടൺഹിൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കോച്ച് ഡി. ജയകുമാറാണ് ജിംനാസ്റ്റിക്‌സിൽ മെഹ്രിന്റെ വഴികാട്ടി. സഹോദരൻ മിൻഹാജ് എസ്. സാജ് ആണ് ജിംനാസ്റ്റിക്‌സിൽ തുടക്കം കുറിച്ചതെന്നും അവൻ ചെയ്യുന്ന ഓരോ ചലനങ്ങളും താൻ ചെയ്യുകയും താൽപര്യം പരിഗണിച്ച് ജിംനാസ്റ്റിക്‌സിൽ ചേരുകയുമായിരുന്നു – മെഹ്രിൻ പറയുന്നു.
“കാണുമ്പോൾ ഉള്ള ഒരു പേടിയേ ഉള്ളൂ. ചെയ്ത് കഴിയുമ്പോ വളരെ എളുപ്പമാണ്.”
ജിംനാസ്റ്റിക്‌സ് വളരെ പ്രയാസമേറിയ കായിക ഇനമാണെന്നാണ് പൊതുവായ ധാരണ. ഇത് ശരിയല്ലെന്നാണ് മെഹ്രിൻ വിശദീകരിക്കുന്നത്.
“ജിംനാസ്റ്റിക്‌സിനെ എല്ലാവരും ടഫായിട്ടാണ് കരുതുന്നത്. സത്യം പറഞ്ഞാൽ ഇത് വളരെ ഈസിയായിട്ടുള്ളൊരു ഗെയിമാണ്. കാരണം, ഇപ്പോൾ ഫുട്‌ബോളിനാണെങ്കിൽ കാല് മാത്രം മതിയാകും. ഷട്ടിലാണെങ്കിൽ കൈ. പക്ഷേ, ജിംനാസ്റ്റിക്‌സ് ഫുൾ ബോഡിയും വേണം. ചെയ്യണമെന്ന് ആഗ്രഹമുള്ളവർക്ക് സീരിയസായി നിന്നാൽ ചെയ്യാൻ പറ്റാവുന്നതേ ഉള്ളൂ.”
സർക്കാരിന്റെ ഭാഗത്ത് നിന്നും കുറച്ച് കൂടുതൽ ശ്രദ്ധ ഈ കായിക ഇനത്തിലേക്ക് ചെലുത്തണമെന്നതാണ് മെഹ്രിന്റെ ആവശ്യം.
പൂനെയിലും അലഹബാദിലും ആഗ്രയിലും വെച്ചു നടന്ന ദേശീയ ഗെയിമുകളിൽ മെഹ്രിൻ മുമ്പ് പങ്കെടുക്കുകയും ഫൈനൽ റൗണ്ട് വരെ എത്തുകയും ചെയ്തിരുന്നു. അന്ന് മെഡൽ കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഇത്തവണത്തെ മെഡൽ നേട്ടത്തിന് ഇരട്ടി മധുരമാണ് ലഭിച്ചതെന്ന് മെഹ്രിൻ പറഞ്ഞു.
“ഓൾ റൗണ്ട് കിട്ടിയപ്പോൾ എല്ലാവർക്കും അതിശയമായിരുന്നു. കാരണം, ഇതുവരേയും ഉള്ള ഓൾ റൗണ്ട് മിക്കവാറും കൊണ്ടുപോകുന്നത് മഹാരാഷ്ട്ര, ഡൽഹി, തെലുങ്കാന ടീമുകളാണ്. ആദ്യമായാണ് കേരളത്തിന് ഒരു ഓൾ റൗണ്ട് ലഭിക്കുന്നത്. കേരളത്തിനാണ് മെഡൽ എന്ന് കേട്ടപ്പോൾ മിക്ക ജിംനാസ്റ്റിക്കുകളും കരയുന്നത് കണ്ടു. ഇവിടെ നിന്ന് വോൾട്ടിങ് ടേബിളിന് മെഡൽ പ്രതീക്ഷിച്ചിരുന്നു. ഗോൾഡ് മെഡൽ കിട്ടുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് പോയതെങ്കിലും ഒരിക്കലും ഓൾ റൗണ്ട് മെഡൽ കരസ്ഥമാക്കുമെന്ന് കരുതിയിരുന്നില്ല. ഓൾറൗണ്ടിന് ഗോൾഡ് മെഡലുണ്ടെന്ന് കേട്ടപ്പോൾ ശരിക്കും അതിശയമായി.”
ഓൾ റൗണ്ടിന് വേണ്ടി പ്രത്യേകം പരിശീലനങ്ങളൊന്നും ചെയ്തിരുന്നില്ല എന്നാണ് മെഹ്രിൻ പറയുന്നത്.
‘ഖേലോ ഇന്ത്യയുടെ യോഗ്യതക്ക് വേണ്ടി മാത്രമാണ് ഓൾ റൗണ്ട് ശ്രദ്ധിച്ചത്. ഗോൾഡ് കിട്ടണം അല്ലെങ്കിൽ മെഡൽ കിട്ടണമെന്ന് ആഗ്രഹിച്ചിട്ടില്ല എന്നല്ല, ഈ നാഷണൽസിന് പ്രതീക്ഷിച്ചിരുന്നില്ല.’– മെഹ്രിൻ പറഞ്ഞു.
തന്റെ പ്രകടനങ്ങൾ കണ്ട് എനിക്കും പഠിക്കണമെന്ന് പറഞ്ഞ് പെൺ സുഹൃത്തുക്കൾ സമീപിക്കാറുണ്ടെന്നും പക്ഷേ അവരുടെയെല്ലാം കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും മെഹ്രിൻ വിശദീകരിച്ചു.
വരാനിരിക്കുന്ന ഖേലോ ഇന്ത്യയിൽ മെഡൽ കരസ്ഥമാക്കാനുള്ള പരിശീലനത്തിലാണ് മെഹ്രിനിപ്പോൾ. നാളെ അറിയപ്പെടുന്ന താരമാകണമെന്നും ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജിംനാസ്റ്റിക്‌സിൽ മെഡൽ കരസ്ഥമാക്കണമെന്നും ഈ പെൺകുട്ടി സ്വപ്‌നം കാണുന്നു. അസാധ്യ മെയ് വഴക്കം വേണ്ടുന്ന കായിക ഇനമായ ജിംനാസ്റ്റിക്‌സിൽ റഷ്യൻ താരമായ ആലിയ മുസ്തഫിനയാണ് ഈ മിടുക്കിയുടെ ഇഷ്ടതാരം.
****