ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തയ്‌യാറാക്കിയ കുറ്റപത്രത്തിൽ സുകേഷ് ചന്ദ്രശേഖർ എന്ന തട്ടിപ്പുകാരൻ നടിയെ കബളിപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്‍ടറേറ്റ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ഫോൺ ചെയ്ത് വിശ്വസിപ്പിച്ചാണ് നടിയെ കബളിപ്പിച്ചത്. ഇതുവഴി തട്ടിപ്പുകാരൻ നടിയുമായി പരിചയം സ്ഥാപിച്ചെടുക്കുകയായിരുന്നു. എന്നാൽ ഈ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇഡി പുറത്തുവിട്ടിട്ടില്ല.
എന്താണ് മൊബൈൽ നമ്പർ സ്പൂഫിങ് ?
പൊതുമധ്യത്തിൽ സ്വാധീനമുള്ള വ്യക്തികളെ കബളിപ്പിക്കുന്നതിനായി തട്ടിപ്പുകാർ സാധാരണയായി പ്രയോഗിക്കുന്ന മാർഗമാണ് മൊബൈൽ നമ്പർ സ്പൂഫിങ്. 2004 കാലത്താണ് ഈ തട്ടിപ്പുകൾ പ്രചാരത്തിൽ വന്നത്. അന്ന് ഫോൺ നമ്പർ സ്പൂഫ് ചെയ്‌യാനുള്ള സാങ്കേതികമായ കഴിവും ഇതിന് വേണമായിരുന്നു. എന്നാൽ വോയ്സ് ഓവർ ഐപി സംവിധാനം ലഭ്യമായതോടെ ഇത് ഏറെ എളുപ്പമായിരിക്കുന്നു. പണം നൽകി ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയറുകളും ഓൺലൈൻ സേവനങ്ങളും എളുപ്പത്തിൽ വ്യാജ നമ്പറുകളുണ്ടാക്കാൻ ഇപ്പോൽ ലഭ്യമാണ്.
കോളർ ഐഡി വിവരങ്ങളിൽ കൃത്രിമം കാണിച്ച് ഒരു പ്രത്യേക വ്യക്തിയിൽ നിന്നോ സ്ഥലത്ത് നിന്നോ ഉള്ള ഫോൺകോൾ ആക്കി മാറ്റുന്ന രീതിയാണ് മൊബൈൽ നമ്പർ സ്പൂഫിങ്. വ്യാജ നമ്പറിൽ വിളിച്ച് കബളിപ്പിക്കുന്ന രീതി.
ആഗോള തലത്തിൽ തന്നെ കുറ്റവാളികൾ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കുന്നതിനായി ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും കുട്ടികളെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടുന്ന കുറ്റവാളികൾ. ഇരയുടെ ബന്ധുക്കളെ വിളിക്കുന്നതിന് ഇവർ ഇത്തരം വ്യാജ നമ്പറിൽ നിന്നുള്ള ഫോൺ വിളികളെയാണ് ആശ്രയിക്കാറ്.
കുറ്റകൃത്യങ്ങൾക്ക് മാത്രമല്ല ആളുകളെ കളിയാക്കി കബളിപ്പിക്കാനും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരം വ്യാജ കോളുകളെ തടയാൻ ഫലപ്രദമായൊരു സംവിധാനം നിലവിലില്ല. ഫോൺ കോൺടാക്റ്റിൽ ഇല്ലാത്ത ഫോൺ നമ്പറുകളിൽ നിന്നുള്ള വിളികളെ സംശയത്തോടെ സൂക്ഷിക്കുകയും അവഗണിക്കുകയും മാത്രമാണ് ആകെയുള്ള വഴി.
നിയമപാലന ഏജൻസികളും കുറ്റവാളികളെ നിരീക്ഷിക്കാനും മറ്റുമായി മൊബൈൽ നമ്പർ സ്പൂഫിങ് ഉപയോഗിക്കാറുണ്ട്. ഒരു പോലീസ് സ്റ്റേഷനിൽ നിന്നോ ഭരണാധികാരിയുടെ ഓഫീസിൽ നിന്നോ ആണെന്ന വ്യാജേന ഒരാളെ വിളിച്ച് വിശ്വസിപ്പിക്കാൻ തട്ടിപ്പുകാരന് സാധിച്ചാൽ സുപ്രധാനമായ പല വിവരങ്ങളും അവരിൽ നിന്ന് ചോർത്തിയെടുക്കാൻ സാധിക്കും.
പലപ്പോഴും ഇത്തരം ഫോൺവിളികൾ വരുന്ന നമ്പറുകൾ +91 ൽ ആയിരിക്കില്ല തുടങ്ങുക. എന്നാൽ യഥാർത്ഥ നമ്പറുമായി സാമ്യത പുലർത്തുന്നവയായിരിക്കും അത്. ടെലിമാർക്കറ്റിങ് കോളുകൾ പലതും ഈരീതിയിൽ വരുന്നതാണ്.
ശ്രദ്ധിക്കേണ്ടത്.
ആന്റി വൈറസ് സേവനങ്ങൾഇതിനായി ഉപയോഗിക്കാം. കോളർ ഐഡി ആപ്പുകളെ പലപ്പോവും കബളിപ്പിക്കാൻ തട്ടിപ്പുകാർക്ക് സാധിക്കും. അതുകൊണ്ട് അവ ഒരു ശാശ്വത പരിഹാരമായി കാണാനാവില്ല. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള ഫോൺ വിളികൾ അവഗണിക്കുക. അങ്ങനെ വരുന്ന കോളുകൾ എടുത്തെങ്കിൽ തന്നെ കൂടുതൽ വിവരങ്ങളൊന്നും ഫോണിലൂടെ തുറന്നുപറയാതിരിക്കുക. കോളിനിടയിൽ എന്തെങ്കിലും നമ്പർ അമർത്താൻ പറഞ്ഞാൽ അത് ചെയ്‌യാതിരിക്കുക.
Content Highlights: Jacqueline Fernandez Victim Of Mobile Number Spoofing