ടിക് ടോക്കിൽ ഒരു കാലത്ത് ക്രിയേറ്റർമാർ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു ഫീച്ചർ ആയിരുന്നു വീഡിയോ റിപ്ലൈ ഫീച്ചർ. ഇന്ത്യൻ വിപണിയിൽ പിന്നീട് ടിക് ടോക്കിന്റെ സ്ഥാനം റീൽസും മറ്റ് സേവനങ്ങളും കയ്‌യടക്കി. ഇപ്പോഴിതാ ടിക് ടോക്കിൽ ഉണ്ടായിരുന്ന അതേ ഫീച്ചർ റീൽസും കൊണ്ടുവരുന്നു വിഷ്വൽ റിപ്ലൈ എന്ന പേരിൽ
ഒരു കമന്റിനുള്ള മറുപടിയായി റീൽസ് വീഡിയോ ചേർക്കാൻ സാധിക്കുന്ന സൗകര്യമാണിത്. മുഖ്യമായും ജനപ്രീതിയുള്ള ക്രിയേറ്റർമാരെ ലക്ഷ്യമിട്ടുള്ള ഫീച്ചറാണിത്. ടിക് ടോക്കിൽ സമാനമായ സൗകര്യം ലഭ്യമാണ്. നിലവിൽ റീൽസ് വീഡിയോകൾക്ക് കീഴിൽ വന്നിട്ടുള്ള കമന്റുകളിൽ മാത്രമേ വിഷ്വൽ റിപ്ലൈ നൽകാൻ സാധിക്കുകയുള്ളൂ.
റീൽസ് വിഷ്വൽ റിപ്ലൈസ് അവതരിപ്പിക്കുന്നതിൽ ഏറെ ആവേശത്തിലാണ്. പുതിയ ഫീച്ചറിലുടെ നിങ്ങൾക്ക് നിങ്ങളുടെ പ്രേക്ഷകരുമായി സംവദിക്കാം. കമന്റുകൾക്ക് റീൽസിലൂടെ മറുപടി നൽകാം. ഒരു സ്റ്റിക്കറായി കമന്റ് വീഡിയോയിയിൽ പോപ് അപ്പ് ആയി വരും. ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം ട്വീറ്റ് ചെയ്തു.
എന്താണ് ഇൻസ്റ്റാഗ്രാം വിഷ്വൽ റിപ്ലൈ
ക്രിയേറ്റർമാർക്ക് അവരുടെ ഫോളോവർമാരോട് സംവദിക്കാനുള്ള പുതിയൊരു മാർഗം എന്ന് ഈ ഫീച്ചറിനെ പറയാം. റീൽസിൽ വരുന്ന കമന്റുകൾക്ക് മറുപടിയായി നൽകുന്ന വീഡിയോയ്‍ക്ക് മേൽ കമന്റ് ഒരു സ്റ്റിക്കർ ആയി കാണാം.
ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനും അവരുടെ ആവശ്യപ്രകാരം വീഡിയോകൾ ചിത്രീകരിച്ച് അവർക്ക് സമർപ്പിക്കാനുമെല്ലാം ഈ ഫീച്ചർ ക്രിയേറ്റർമാർക്ക് ഉപയോഗിക്കാനാവും.
റീൽസ് പോസ്റ്റ് ചെയ്‌യുന്ന എല്ലാ ഉപയോക്താക്കൾക്കും ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും. റീൽസ് ക്രിയേറ്റ് ചെയ്ത ആളുകൾക്ക് മാത്രമേ തന്റെ വീഡിയോയ്‍ക്ക് കീഴിൽ വന്ന കമന്റുകൾക്ക് വീഡിയോ റിപ്ലൈ നൽകാൻ സാധിക്കുകയുള്ളൂ. മറ്റുള്ളവരുടെ റീൽസിന് കീഴിൽ വരുന്ന കമന്റുകൾക്ക് ഈ സൗകര്യം ഉപയോഗിക്കാനാവില്ല.
Content Highlights: Instagram feature, Video reply feature, Visual Comment, Tiktok