മെറ്റാവേഴ്സ് അധിഷ്ടിതമായ സാങ്കേതിക വിദ്യകൾ മുന്നിൽ കണ്ട് പേര് മാറ്റിയ ഫെയ്സ്ബുക്ക് കമ്പനി ഇപ്പോൾ അറിയപ്പെടുന്നത് മെറ്റ എന്ന പേരിലാണ്. എന്നാൽ ഫെയ്സ്ബുക്കിന്റെ പേരുമാറ്റം കൊണ്ട് പ്രയാസം നേരിടേണ്ടി വന്നത് ഓസ്ട്രേലിയൻ ചിത്രകാരിയും ടെക്നോളജിസ്റ്റുമായ തീ മായ് ബോമാനാണ്.
ബോമാന്റെ ഇൻസ്റ്റാഗ്രാം ഹാന്റിലിന് പേര് @metaverse എന്നായിരുന്നു. തന്റെ ക്രിയാത്മക സൃഷ്ടികൾ പങ്കുവെക്കുന്നതിനായി 2012 ലാണ് ഈ അക്കൗണ്ട് തുടങ്ങിയത്. എന്നാൽ ഫെയ്സ്ബുക്ക് മെറ്റാ എന്ന് പേര് മാറ്റിയ ഉടനെ ഈ അക്കൗണ്ടിന്റെ നിയന്ത്രണം ബോമാന് നഷ്ടപ്പെട്ടു.
നവംബർ രണ്ടിന് ബോമാന്റെ @metaverse എന്ന അക്കൗണ്ട് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌യുന്നു.
ഒരോ തവണ ലോഗിൻ ചെയ്‌യാൻ ശ്രമിക്കുമ്പോഴും മറ്റൊരാളായി നടിക്കുന്നു (pretending to be someone else) എന്ന കാരണം പറഞ്ഞാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്‌യുന്നത്. അതും അക്കൗണ്ട് തുടങ്ങി ഒമ്പത് വർഷങ്ങൾക്ക് ശേഷം. ഫെയ്സ്ബുക്കിന്റെ പ്രഖ്യാപനം വരുമ്പോൾ ബോമാന്റെ അക്കൗണ്ടിന് 1000ൽ താഴെ ഫോളോവർമാരാണുണ്ടായിരുന്നത്. അക്കൗണ്ട് തിരികെ ലഭിക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും യാതൊരു വിധ പ്രതികരണവും കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല.
ഫെയ്സ്ബുക്ക് പേര് മാറ്റിയ ഉടൻ തന്നെ ബോമാന്റെ ഇൻസ്റ്റാഗ്രാം ഹാന്റിൽ വാങ്ങാൻ താൽപര്യപ്പെട്ട് അപരിചിതരായ നിരവധി പേർ ബോമാനെ ബന്ധപ്പെട്ടിരുന്നു.
ഒരു ദശാബ്ദക്കാലത്തെ ജീവിതവും ജോലിയുമാണ് ഈ അക്കൗണ്ട്. മെറ്റാവേഴ്സിലെ എന്റെ സംഭാവനകൾ ഇന്റർനെറ്റിൽ നിന്ന് അപ്രത്യക്ഷമാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിയറ്റ്നാം വംശജയായ ബോമാൻ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
ബോമാൻ തുടങ്ങിയ മെറ്റാവേഴ്സ് മെക്ക് ഓവേഴ്സ് എന്ന ബ്രാൻഡിന്റെ പ്രൊമോഷന് വേണ്ടിയാണ് ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ടിതമായ ക്രിയാമക സൃഷ്ടികളാണ് ഇവർ ചെയ്തിരുന്നത്. 2012 ൽ തുടങ്ങിയ മെറ്റാവേഴ്സ് മേക്ക് ഓവറിന് ഒരു ആപ്പുമുണ്ട്. ബോമാനും സംഘവും തയ്‌യാറാക്കിയ നഖത്തിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളിലെ ഡിസൈനുകൾ (ഫിംഗർ നെയിൽ ഡിസൈൻസ്) ഒരു ഫോൺ ആപ്പിന്റെ സഹായത്തോടെ നോക്കിയാൽ നഖങ്ങളിൽ നിന്ന് ഹോളോഗ്രാം പോപ്പ് അപ്പ് ആയി ഉയർന്നുവരുന്നത് കാണാനാവും.
ഈ സാങ്കേതിക വിദ്യ വസ്ത്രങ്ങളിലേക്കും മറ്റ് അനുബന്ധ ഉൽപന്നങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബോമാൻ. എന്നാൽ 2017 ൽ സാമ്പത്തിക് ബുദ്ധിമുട്ട് നേരിട്ടതോടെ ഇവർ ക്രിയേറ്റീവ് ആർട്ടിലേക്ക് മാത്രം ഒതുങ്ങി. ഈ സൃഷ്ടികളും വ്യക്തിഗത ചിത്രങ്ങളുമായിരുന്നു അക്കൗണ്ടിൽ പങ്കുവെച്ചിരുന്നത്.
ബോമാന് അക്കൗണ്ട് ഇപ്പോൾ തിരികെ ലഭിച്ചോ എന്ന് വ്യക്തമല്ല. അക്കൗണ്ട് ഇപ്പോഴും ഇൻസ്റ്റാഗ്രാമിൽ തിരഞ്ഞുകണ്ടുപിടിക്കാനാവും. ഇപ്പോൾ 2000 ൽ ഏറെ ഫോളോവർമാർ അക്കൗണ്ടിനുണ്ട്. ഫെയ്സ്ബുക്ക് എന്ന മെറ്റായ്‍ക്ക് ഇപ്പോഴും മെറ്റാവേഴ്സ് എന്ന ഹാന്റിൽ സ്വന്തമാക്കാനായിട്ടില്ല.
Content Highlights: Instagram blocked artists handle with Metaverse name after Facebook became Meta