ലഖ്നൗ > ഉത്തര്പ്രദേശിലെ ലഖിംപൂര്ഖേരിയില് കര്ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് അന്വേഷണ റിപ്പോര്ട്ട്. നടന്നത് വെറും അപകടമല്ലെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോര്ട്ടില് പറയുന്നു. കേസില് അറസ്റ്റിലായ ആശിഷ് മിശ്ര ഉള്പ്പെടെ 13 പ്രതികള്ക്കെതിരെ നിര്ണായക കണ്ടെത്തലുകളാണ് റിപ്പോര്ട്ടിലുളളത്. കൊലപാതക ശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചേര്ത്ത് അന്വേഷണസംഘം റിപ്പോര്ട്ട് സമര്പ്പിച്ചു. ലഖിംപൂര്ഖേരിയിലെ സിജെഎം കോടതിയിലാണ് റിപ്പോര്ട്ട് സമര്പ്പിച്ചത്.
ഒക്ടോബര് മൂന്നിനാണ് ലഖിംപൂര്ഖേരിയില് സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ കര്ഷകര്ക്കിടയിലേക്ക്് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര് മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ നേതൃത്വത്തില് ഗുണ്ടകള് കാറുകള് ഇടിച്ചു കയറ്റിയശേഷം വെടിയുതിര്ത്തത്. നാലു കര്ഷകരും റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകനും അടക്കം എട്ടു പേരാണ് ലഖിംപുര് ഖേരിയില് കൊല്ലപ്പട്ടത്. കേസില് പഞ്ചാബ്– ഹരിയാന ഹൈക്കോടതി റിട്ട. ജഡ്ജി രാകേഷ്കുമാര് ജയിനാണ് അന്വേഷണമേല്നോട്ടം വഹിക്കുന്നത്.