അസംഘടിതമേഖലയിലെ തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് ഇ-ശ്രം. ഭാവിയിൽ കേന്ദ്രസർക്കാർ ഇവർക്ക് നൽകാനുദ്ദേശിക്കുന്ന ക്ഷേമ പദ്ധതികൾ ഇശ്രം പോർട്ടലിലൂടെയാണ് നൽകുക.
ഇഎസ്ഐ, ഇപിഎഫ്ഒ എന്നിവയുടെ പരിധിയിൽ ഉൾപെടാത്ത തൊഴിലാളികളാണ് ഇതിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഇഎസ്ഐ, ഇപിഎഫ്ഒ ആനുകൂല്യത്തിന് അർഹരല്ലാത്ത സ്വയം തൊഴിൽ ചെയ്യുന്നവർക്കും, കൂലിപ്പണി ചെയ്യുന്നവർക്കും, മരപ്പണിക്കാർക്കും, കെട്ടിട നിർമാണ തൊഴിലാളികൾക്കുമെല്ലാം ഇതിനായി അപേക്ഷിക്കാം.
പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയുടെ രണ്ട് ലക്ഷത്തിന്റെ അപകട ഇൻഷുറൻസ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങളാണ് ഇതിൽ രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുക.
ആവശ്യമായ കാര്യങ്ങൾ
- ആധാർ നമ്പർ
- ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ആധാറുമായി ഫോൺ നമ്പർ ബന്ധിപ്പിച്ചിട്ടില്ലാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രമോ ആധാർ എൻ റോൾ മെന്റ് കേന്ദ്രങ്ങളോ സന്ദർശിക്കുക.
- ജൻധൻ ബാങ്ക് അക്കൗണ്ട്
- 16 വയസിനും 59 വയസിനും ഇടയിൽ പ്രായം.
eshram.gov.in. എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
എങ്ങനെ രജിസ്റ്റർ ചെയ്യാം ?
- . വെബ്സൈറ്റ് സന്ദർശിക്കുക
- ഹോം പേജിലെ Register on eShram എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
- ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും കാപ്ചയും നൽകി സെന്റ് ഒടിപി ക്ലിക്ക് ചെയ്യുക.
- ഒടിപി നൽകിയതിന് ശേഷം ആധാർ നമ്പർ നൽകുക. വീണ്ടും ഒടിപി നമ്പർ നൽകുക.
- അപ്പോൾ നിങ്ങളുടെ ആധാറിൽ നൽകിയിരിക്കുന്ന വ്യക്തിവിവരങ്ങൾ കാണാൻ സാധിക്കും.
- Continue To Enter Other Details ബട്ടൻ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഫോമിൽ ചോദിക്കുന്ന അധിക വിവരങ്ങളും നോമിനിയുടെ വിവരങ്ങളും നൽകുക.
- Save & Continue Button ക്ലിക്ക് ചെയ്യുക.
- തുടർന്നു വരുന്ന പേജുകളിൽ, വിലാസം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകണം.
- ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക.
- ശേഷം നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിച്ച് സബ്മിറ്റ് ചെയ്യുക.
- ഉടൻ തന്നെ നിങ്ങൾക്ക് നിങ്ങളുടെ യുഎഎൻ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം.
Content Highlights: how to register on eshram portal government benefits for unorganized workers