കൊല്ലം: എ.കെ.ജി സെന്ററിലെ ഡിപ്പാർട്ട്മെന്റുകളല്ല കേരളത്തിലെ സർവകലാശാലകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവകലാശാലാ വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കമല്ല പ്രതിപക്ഷത്തിന്റെ പ്രശ്നം. ഇരുവരും തമ്മിലുള്ള തർക്കം മുൻപും ഉണ്ടായിട്ടുണ്ട്. അത് ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തിൽ ഇടനിലക്കാരുമുണ്ട്. ഞങ്ങളുടെ വിഷയം അതല്ല. സർവകലാശാലകളുടെ അക്കാദമിക്- ഭരണപരമായ കാര്യങ്ങളിൽ സി.പി.എം നിരന്തരമായി ഇടപെടുകയാണ്. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ഇക്കാര്യം ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യു.ജി.സി. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് നിയമനങ്ങൾ നടത്തിയത്. കണ്ണൂർ വി.സിയുടെ പുനർനിയമനം നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായ സർക്കാരിന്റെ ശുപാർശയ്ക്ക് മേലൊപ്പ് ചാർത്തികൊടുക്കുകയാണ് ഗവർണർ ചെയ്തത്. മുഖ്യമന്ത്രിക്ക് കൊടുത്ത കത്തിൽ പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് ഗവർണർ സമ്മതിച്ചിട്ടുണ്ട്. ഇനി അത് തിരുത്താനുള്ള നടപടികളിലേക്ക് ഗവർണർ കടക്കണം.
കാലടി സർവകലാശാല വി.സി നിയമനത്തിൽ സെർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി. അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് പ്രതിഭാശാലികളായ ഉദ്യോഗാർഥികൾ പോലും അപേക്ഷിക്കുന്നില്ല. ഏത് ഒഴിവ് വന്നാലും സി.പി.എം നേതാവിന്റെ ബന്ധുവിന് റിസർവ് ചെയ്തിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം. ആരോപണവിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. സർവകലാശാലകളെ എ.കെ.ജി സെന്ററിന്റെ ഡിപ്പാർട്ട്മെന്റുകളാക്കാൻ അനുവദിക്കില്ല. അതിനെതിരെ സമരവുമായി യു.ഡി.എഫ് രംഗത്തിറങ്ങും. തെറ്റ് ചെയ്താൽ ഗവർണറെയും വിമർശിക്കും. ഗവർണറും വിമർശനത്തിന് അതീതനല്ലെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: universities are not department in akg centre – VD satheesan