കോവിഡ് വ്യാപനം തുടങ്ങിയത് മുതൽ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായതാണ് ഫേസ് മാസ്കുകൾ. സാധാരണ സർജിക്കൽ മാസ്ക് മുതൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വരെയുള്ള മാസ്കുകൾ വിപണിയിലിറങ്ങി.
ഇപ്പോഴിതാ കോവിഡ്-19 വൈറസിനെ കണ്ടെത്താൻ കഴിവുള്ള മാസ്ക് വികസിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ജാപ്പനീസ് ഗവേഷർ. ഒട്ടകപക്ഷിയുടെ കോശങ്ങൾ ഉപയോഗിച്ച് നിർമിച്ച മുഖ കവചത്തിനാണ് കോവിഡ് വൈറസ് തിരിച്ചറിയാനുള്ള കഴിവുള്ളത്. ഒട്ടകപക്ഷിയുടെ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡിയ്‍ക്ക് കൊറോണ വൈറസിനെ പൊതിഞ്ഞുപിടിക്കാൻസാധിക്കുമത്രെ.
നമ്മൾ നിശ്വാസ വായുവിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാൽ മാസ്കിലെ ഫ്ളൂറസന്റ് ലൈറ്റ് തെളിയുകയും വൈറസിന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്‌യും.
ക്യോട്ടോ പ്രിഫെക്ച്വറൽ സർവകലാശാലയിലെ പ്രസിഡന്റ് യശുഹിരോ സുകാമോടോയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് കോവിഡ് ഡിറ്റക്ഷൻ ഫേസ് മാസ്ക് വികസിപ്പിച്ചതെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. ശരീരത്തിലേക്ക് കടന്നുവരുന്ന പുറത്തുനിന്നുള്ള വൈറസുകളെ നിഷ്ക്രിയമാക്കാൻ ഒട്ടകപക്ഷികളിൽ വിവിധങ്ങളായ ആന്റിബോഡികൾ ഉല്പാദിപ്പിക്കപ്പെടാറുണ്ട്. ഒട്ടകപക്ഷിയുടെ മുട്ടയിൽ നിന്നാണ് ഈ ആന്റിബോഡികൾ ശേഖരിച്ചത്. ഇത് നിർജീവമായ അപകടകാരിയല്ലാത്ത കൊറോണ വൈറസിനൊപ്പം കുത്തിവെക്കും.
മാസ്കിന്റെ പ്രവർത്തനം എങ്ങനെ?
സാധാരണ മാസ്ക് ധരിക്കുന്ന പോലെ ഈ മാസ്ക് ധരിക്കണം. നമ്മൾ ശ്വാസം പുറത്തുവിടുമ്പോൾ മാസ്കിൽ പതിയുന്ന പദാർത്ഥങ്ങളിൽ നിന്നാണ് കൊറോണ വൈറസിനെ കണ്ടെത്തുക. മാസ്കിലെ ഒരു ഫിൽറ്ററിലേക്ക് ആന്റിബോഡികൾ സ്പ്രേ ചെയ്‌യും. അതിന് ശേഷം ഈ മാസ്ക് അൾട്രാവയലറ്റ് പ്രകാശത്തിൽ വെച്ചാൽ ഇതിലെ ഫ്ളൂറസന്റ് ലൈറ്റുകൾ തിളങ്ങും. സ്മാർട്ഫോണിന്റെ എൽഇഡി ലൈറ്റും ഇതിനായി ഉപയോഗിക്കാം.
32 കോവിഡ്-19 രോഗികളിൽ നടത്തിയ പരിശോധനയിൽ മാസ്ക് അൾട്രാ വയലറ്റ് പ്രകാശത്തിൽ തിളങ്ങുന്നതായി കണ്ടെത്തി. മാസ്കിലെ മൗത്ത് ഫില്റ്ററിലാണ് ഒട്ടകപക്ഷിയുടെ ആന്റിബോഡി സ്ഥാപിക്കുക. ചുമയ്‍ക്കുമ്പോഴും, തുമ്മുമ്പോഴുമെല്ലാം മാസ്ക് കൊറോണ വൈറസിനെ പിടിച്ചെടുക്കും. ഈ സംവിധാനത്തിന് വേണ്ടിയുള്ള പേറ്റന്റിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് വാണിജ്യാടിസ്ഥാനത്തിൽ ലഭിക്കണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടിവരും.
Content Highlights: scientists have developed facemask that can detect the Covid-19 virus