തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ. സംസ്ഥാനത്ത് ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഉന്നതവിദ്യാഭ്യാസരംഗത്ത് നിശ്ചലാവസ്ഥ ആണുള്ളതെന്ന് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
സർക്കാരിന്റെ അമിതമായ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ തുടരാൻ താനില്ലെന്ന് വ്യക്തമാക്കി ഗവർണ്ണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയ ശേഷം ഉന്നതവിദ്യാഭ്യാസരംഗത്ത് പരിപൂർണ്ണ സ്തംഭനമാണ് ഉണ്ടായിട്ടുള്ളത്.
കത്തു നൽകിയ കഴിഞ്ഞ എട്ടാം തീയതിക്ക് ശേഷം ചാൻസലർ എന്ന നിലയിൽ തന്റെ പരിഗണനയ്ക്ക് വന്നിട്ടുള്ള ഒരു ഫയലും ഗവർണ്ണർ നോക്കിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സർക്കാർ ധാർഷ്ട്യം വെടിഞ്ഞ് ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.