പ്രമേഹവും ഭക്ഷണവും
പോഷകാഹാരമാണ് പ്രമേഹ നിയന്ത്രണത്തിന്റെ അടിസ്ഥാനം. എന്നാൽ പലപ്പോഴും ചില ആളുകൾക്കെങ്കിലും ഭക്ഷണ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരിക എന്നത് കടുത്ത വെല്ലുവിളി ആയി മാറാറുണ്ട്.
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളുടെ ഉപഭോഗം കുറയ്ക്കുന്നതിലും കൂടുതൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും നാരുകളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലും നിങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കണം. എന്നിരുന്നാലും, പ്രമേഹ നിയന്ത്രണത്തിന്റെ കാര്യത്തിൽ സഹായകരമാകുന്ന മറ്റൊരു മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ.
പ്രോട്ടീൻ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ എങ്ങനെ സഹായിക്കും?
പ്രോട്ടീൻ വളരെ വൈവിധ്യമാർന്ന മാക്രോ ന്യൂട്രിയന്റാണ്. കൂടാതെ, നമ്മുടെ ദൈനംദിന ജീവിതത്തിൽ നിരവധി കാര്യങ്ങളിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
1. ശരീരത്തിലെ ഘടനയുടെയും പ്രവർത്തനത്തിന്റെയും അടിസ്ഥാനപരമായ ഘടകം ഇത് രൂപപ്പെടുത്തുന്നു.
2. ശരീര പ്രതിരോധ സംവിധാനങ്ങൾ, ആന്റിബോഡികൾ, എൻസൈമുകൾ, ഹോർമോണുകൾ എന്നിവയുടെ ചട്ടക്കൂട് നിർമ്മിക്കുന്നതിന് പ്രോട്ടീനുകൾ ഒഴിച്ചുകൂടാനാവാത്തതാണ്.
3. നമ്മളെ ആരോഗ്യത്തോടെയും ഊർജ്ജസ്വലവുമായി നിലനിർത്തുന്നത് മുതൽ ശരീരത്തെ വീണ്ടെടുക്കാൻ സഹായിക്കുന്നത് വരെയുള്ള കാര്യങ്ങളിൽ, ഇത് നമ്മെ മുന്നോട്ട് നയിക്കുന്നത് പ്രോട്ടീനാണ്.
പ്രമേഹമുള്ളവർക്ക് പ്രോട്ടീൻ മറ്റ് ഗുണങ്ങൾ
1. പ്രോട്ടീൻ ഉപഭോഗം വർദ്ധിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും എച്ച്ബിഎ 1സി കുറയ്ക്കാനും സഹായിക്കും.
2. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കാതെ ഇൻസുലിൻ പ്രതികരണം വർദ്ധിപ്പിക്കുന്നു.
3. ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കാൻ പ്രോട്ടീൻ സഹായിക്കുന്നുവെന്നും അതിനാൽ ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് അളവിലെ കുതിച്ചുചാട്ടം തടയുമെന്നും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
4. നിങ്ങൾ ആദ്യം പ്രോട്ടീൻ കഴിച്ചാൽ, ശേഷം കാർബോഹൈഡ്രേറ്റോ അന്നജമോ കഴിക്കുമ്പോൾ, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മികച്ചതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ചിക്കൻ, മത്സ്യം, പനീർ അല്ലെങ്കിൽ നട്ട്സ് എന്നിവ ചോറോ ചപ്പാത്തിയോ കഴിക്കുന്നതിന് മുൻപ് കഴിച്ചാൽ, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയും.
5. പ്രമേഹമുള്ള വ്യക്തികളിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലും പ്രോട്ടീനുകൾക്ക് ഒരു പ്രധാന പങ്കുണ്ട്.
6. പ്രോട്ടീന്റെ മറ്റൊരു ഗുണം അത് നല്ല സംതൃപ്തി നൽകുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ്. അതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഇവ ഗുണം ചെയ്യും.
ഒരു ദിവസം എത്ര പ്രോട്ടീൻ കഴിക്കണം?
ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം ഒരു കിലോ ശരീരഭാരത്തിന് 0.83 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. ഉദാഹരണത്തിന്, ഉദാസീനമായ അല്ലെങ്കിൽ ശാരീരിക പ്രവർത്തികളിൽ അധികം ഏർപ്പെടാത്ത ഒരു വ്യക്തിയുടെ ശരീരഭാരം 60 കിലോ ആണെങ്കിൽ, അയാൾക്ക് / അവൾക്ക് പ്രതിദിനം ശരാശരി 50-55 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. ഒരു വ്യക്തി തീവ്രമായ വ്യായാമത്തിലേർപ്പെടുകയോ ഏതെങ്കിലും അസുഖത്തിൽ നിന്ന് സുഖം പ്രാപിക്കുകയോ ചെയ്യുകയാണെങ്കിൽ പ്രോട്ടീൻ ആവശ്യകത കൂടുതലായിരിക്കും.
ഒരു വ്യക്തിക്ക് വൃക്കസംബന്ധമായ സങ്കീർണതകൾ ഉള്ള പ്രമേഹമുണ്ടെങ്കിൽ, വൃക്കരോഗത്തിന്റെ ഘട്ടത്തെയും ആ വ്യക്തി സാധാരണ ചികിത്സയിലാണോ ഡയാലിസിസ് ചെയ്യുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് പ്രോട്ടീന്റെ ആവശ്യകത കുറവോ കൂടുതലോ ആയിരിക്കാം.
അനിയന്ത്രിതമായ പ്രമേഹത്തോടൊപ്പം കുറഞ്ഞ അളവിൽ പ്രോട്ടീൻ ഉള്ള ഭക്ഷണം കഴിക്കുന്നത്, പേശികളുടെ ബലം നഷ്ടപ്പെടുന്നതിനും പ്രതിരോധശേഷി കുറയുന്നതിനും ഇടയാക്കും, അതിനാൽ നല്ല നിലവാരമുള്ള പ്രോട്ടീന്റെ ഉപഭോഗം മതിയായ അളവിൽ ഉറപ്പാക്കാൻ ശ്രമിക്കേണ്ടതുണ്ട്.
നിങ്ങളുടെ പ്രോട്ടീൻ ഉപഭോഗം എങ്ങനെ വർദ്ധിപ്പിക്കാം?
മുട്ട, ചിക്കൻ പോലെയുള്ള മാംസം, മത്സ്യം, തൈര്, മോര്, പനീർ, മുളപ്പിച്ച പയർ, പരിപ്പ്, സോയാബീൻ, സോയ ചങ്ക്‌സ്, സോയ ഗ്രാന്യൂൾസ്, നട്‌സ് തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കാം.
ശരിയായ അളവിൽ പ്രോട്ടീൻ കഴിക്കുന്നതിനു പുറമേ, നമ്മുടെ ഭക്ഷണത്തിൽ നല്ല ഗുണനിലവാരമുള്ള പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിന് ഊന്നൽ നൽകണം. പാലുൽപ്പന്നങ്ങൾ, മുട്ട, ചിക്കൻ, മത്സ്യം, സോയ എന്നിവ പ്രോട്ടീനുകളുടെ സമ്പൂർണ്ണ ഉറവിടങ്ങളാണ്.
സസ്യാഹാര സ്രോതസ്സുകളായ പയർവർഗ്ഗങ്ങൾ, പരിപ്പ്, നട്ട്സ് എന്നിവ അപൂർണ്ണമായ പ്രോട്ടീനുകളാണ്. അതായത്, ഈ ഉറവിടങ്ങൾ ശരീരത്തിന് ആവശ്യമായ അളവിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും (പ്രോട്ടീന്റെ അടിസ്ഥാന യൂണിറ്റുകൾ) നൽകുന്നില്ല.
നല്ല ഗുണമേന്മയുള്ള പ്രോട്ടീനുകളും ഒമ്പത് അവശ്യ അമിനോ ആസിഡുകളും ലഭിക്കുന്നതിന്, ഈ പ്രോട്ടീൻ സ്രോതസ്സുകളായ പരിപ്പ്/ധാന്യങ്ങൾ + പരിപ്പ്/വിത്ത്, ധാന്യങ്ങൾ + പയറുകൾ, പയർവർഗ്ഗങ്ങൾ/ധാന്യങ്ങൾ + പാലുൽപ്പന്നങ്ങൾ എന്നിവ പോലെ ഉചിതമായ രീതിയിൽ സംയോജിപ്പിക്കേണ്ടതുണ്ട്. ഉദാ. കിച്ചടി, തൈര് ചോറ്, പാൽ കഞ്ഞി തുടങ്ങിയ ഭക്ഷണങ്ങൾ.
പ്രോട്ടീനുകളെ പൂരകമാക്കുന്നതിനു പുറമേ, ഭക്ഷണത്തിൽ നല്ല ഗുണനിലവാരവും പ്രോട്ടീന്റെ അളവും ലഭിക്കുന്നതിന്, തൈര്/ യോഗർട്ട്, കോട്ടേജ് ചീസ് (പനീർ) പോലുള്ള പാലുൽപ്പന്നങ്ങൾ മതിയായ അളവിൽ കഴിക്കുന്നതിലൂടെ സസ്യാഹാരികൾക്ക് ഈ ആവശ്യകതകൾ നിറവേറ്റാനാകും.