നിരവധി പരിഷ്കാരങ്ങളുമായാണ് ഓരോ തവണയും ആപ്പിൾ ഐഫോണുകൾ പുറത്തിറങ്ങാറുള്ളത്. പ്രൊസസിങ് ശേഷിയും, ക്യാമറ ക്വാളിറ്റിയും, ഡിസൈനും, മറ്റ് ഉപഭോക്തൃ ക്ഷേമത്തിനായുള്ള ഫീച്ചറുകളുമെല്ലാം ഓരോ തവണയും പരിഷ്കരിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്‌യാറുണ്ട്. അതുപോലെ തന്നെ പുതിയ സാങ്കേതിക വിദ്യകൾ ധൃതിപ്പെട്ട് ഐഫോണുകളിൽ ചേർത്ത് വിപണിയിൽ മത്സരിക്കാൻ ആപ്പിൾ പലപ്പോഴും ശ്രമിക്കാറില്ല. ഇക്കാരണം കൊണ്ടുതന്നെയാണ് ആൻഡ്രോയിഡ് ഫോണുകളിൽ ഏറെ മുമ്പ് പരീക്ഷിക്കപ്പെട്ടിട്ടുള്ള പല ഫീച്ചറുകളും ഐഫോണിൽ ഇടം പിടിക്കാതെ പോവുന്നത്.
അതിന് ഉദാഹരണങ്ങളാണ് ഡിസ്പ്ലേകളുടെ വലിപ്പം പരമാവധി വർധിപ്പിക്കുന്നതിനായി കണ്ടുപിടിച്ച പഞ്ച് ഹോൾ ഡിസ്പ്ലേ, പോപ്പ് അപ്പ് കാമറ പോലുള്ളവ. ഐഫോൺ ഇപ്പോഴും നോച്ച് ഡിസ്പ്ലേയാണ് ഐഫോണുകളിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് ഫോണുകൾ പലതും ഡ്യൂഡ്രോപ്പ്, വാട്ടർ ഡ്രോപ്പ് എന്നീ പേരുകളിൽ നോച്ചിന്റെ വലിപ്പം പരമാവധി കുറച്ചിട്ടുണ്ടെങ്കിലും ഐഫോണുകൡലെ നോച്ച് ഇപ്പോഴും നീളമേറിയതാണ്.
എന്നാൽ ഇനിവരാനിരിക്കുന്ന ഐഫോൺ 14 ഫോണിൽ നോച്ച് ഒഴിവാക്കുമെന്നും പകരം പഞ്ച് ഹോൾ ക്യാമറ സ്ഥാപിക്കുമെന്നുമാണ് റിപ്പോർട്ട്. നേരത്തെ പലതവണ ഈ റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിലും ഇത്തവണ അങ്ങനെ ആവില്ല എന്നാണ് ദി എലെക് (The Elec) റിപ്പോർട്ട് ചെയ്‌യുന്നത്.
2022 ൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 14 പരമ്പരയിൽ ഹോൾ-പഞ്ച് ഡിസ്പ്ലേ ആയിരിക്കുമെന്നും 6.06 ഇഞ്ച് ഐഫോൺ പ്രോ, 6.7 ഇഞ്ച് ഐഫോൺ പ്രോ മാക്സ് മോഡലുകളിലാണ് ഹോൾ പഞ്ച് ഡിസ്പ്ലേ ഉണ്ടാവുകയെന്ന് ദി എലെക് റിപ്പോർട്ട് ചെയ്‌യുന്നു. എന്നാൽ റെഗുലർ മോഡലുകളായ 6.06 ഇഞ്ച് ഐഫോൺ, 6.7 ഇഞ്ച് ഐഫോൺ മാക്സ് എന്നീ മോഡലുകളിൽ പഴയ നോച്ച് ഡിസ്പ്ലേ തന്നെയാണുണ്ടാവുക.
ഹോൾ പഞ്ച് ഡിസ്പ്ലേകളിൽ സെൽഫി ക്യാമറയ്‍ക്ക് മുകളിലായി ചെറിയ ദ്വാരം നൽകുകയാണ് ചെയ്‌യുക. ഇതോടെ ഐഫോണുകളിൽ കൂടുതൽ വലിയ സ്ക്രീൻ അനുഭവം സാധ്യമാവും.
ഇത് കൂടാതെ അടുത്തവർഷം പുറത്തിറങ്ങുന്ന ഐഫോണുകളിലെ പ്രോ മോഡലുകളിൽ ഒഎൽഡി പാനലുകളിൽ ലോ ടെംപറേച്ചർ പോളി ക്രിസ്റ്റലിൻ ഒക്സൈഡ് (എൽടിപിഒ) തിൻ-ഫിലിം ട്രാൻസിസ്റ്ററുകൾ നൽകും. ഈ വർഷം പുറത്തിറക്കിയ ഐഫോൺ 13 ലാണ് ആദ്യമായി എൽടിപിഒ ഒഎൽഇഡി പാനൽ ആദ്യമായി ഉപയോഗിച്ചത്. ഇതുവഴി ഡിസ്പ്ലേയ്‍ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ് കൈവരും.
സാംസങ് ഡിസ്പ്ലേയാണ് എൽടിപിഒ ഒഎൽഇഡി പാനൽ വിതരണം ചെയ്‌യുന്നത്. എൽജി ഡിസ്പ്ലേയും ഐഫോൺ 14 ന് വേണ്ടിയുള്ള ഒഎൽഇഡി പാനൽ നൽകാൻ ശ്രമിക്കുന്നുണ്ട്. സ്വന്തമായി ഹോൾ ഡിസ്പ്ലേ, അണ്ടർ ഡിസ്പ്ലേ ക്യാമറ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് എൽജി ഡിസ്പ്ലേ ഇപ്പോൾ.
സാംസങ് ഹോൾ ഇൻ ആക്റ്റീവ് ഏരിയ (HIAA) എന്ന് വിളിക്കുന്ന ലേസർ ഉപകരണമാണ് ഹോൾ ഡിസ്പ്ലേകളിൽഉപയോഗിക്കുന്നത്. ഫിലോപ്റ്റിക്സ് ആണ് ഈ ലേസർ സംവിധാനം നൽകുന്നത്.
2023 മുതൽ ചൈനീസ് കമ്പനിയായ ബോഎ (BOE)യും ആപ്പിളിന് വേണ്ടി എൽടിപിഒ ടിഎഫ്ടി ഒഎൽഡി പാനലുകൾ വിതരണം ചെയ്തേക്കുമെന്നും ദി എലക് റിപ്പോർട്ട് ചെയ്തു.
2019 ൽ ഗാലക്സി എസ്10 പരമ്പരയിലൂടെ സാംസങ് ആണ് ആദ്യമായി ഹോൾ ഡിസ്പ്ലേ സ്മാർട്ഫോണുകൾ അവതരിപ്പിച്ചത്.
Content Highlights: Iphone 14, Features, Punch-hole display Iphones, Apple