കൊച്ചി: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ പ്രതികരണവുമായി സിപിഎം, സിപിഐ നേതാക്കൾ. ഗവർണറുടെ നിലപാട് ദുരൂഹമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞപ്പോൾ ഗവർണർക്കെതിരേ കടുത്ത ഭാഷയിലാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. ചാൻസലർ പദവിയിൽനിന്ന് മാറ്റാനുള്ള സാഹചര്യം ഗവർണറായിട്ട് ഉണ്ടാക്കരുതെന്നായിരുന്നു കാനത്തിന്റെ വാക്കുകൾ.
സമ്മർദങ്ങൾക്ക് വഴങ്ങി തീരുമാനമെടുക്കേണ്ട ആളല്ല ഗവർണറെന്നും വിവേചനാധികാരമുള്ള ഗവർണർ ഒപ്പിട്ട ശേഷം അത് മാറ്റിപ്പറയുന്നത് ദുരൂഹമാണെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതെല്ലാം ചർച്ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്. ഗവർണർ ഭരണഘടനാ പദവിയിലിരിക്കുന്ന മഹദ് വ്യക്തിയാണ്. ചാൻസലർ എന്ന പദവിയും അദ്ദേഹത്തിന് നൽകിയിട്ടുള്ളതാണ്. അത് അദ്ദേഹം ഇപ്പോൾ നിർവഹിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരേ സർക്കാർ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. അപ്പോൾ ഗവർണർ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത് ദുരൂഹമാണ്- കോടിയേരി പറഞ്ഞു.
സമ്മർദം ചെലുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാത്രമല്ല, സമ്മർദത്തിന് വഴങ്ങിയെന്ന് ഒരു ഗവർണർ പറയുന്നത് ശരിയല്ലല്ലോ, വിവേചനാധികാരമുള്ള ആളാണ് ഗവർണർ. ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയതാണ്. ഗവർണർ തന്നെ ആ പദവിയിൽ തുടരണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ ചാൻസലർക്ക് എല്ലാ അധികാരവും നൽകുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഗവർണർക്കെതിരേ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ആശയവിനിമയത്തിൽ ഗവർണർ മാന്യത പുലർത്തണം. എന്നാൽ ഗവർണർ അത് ലംഘിച്ചു. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റാൻ സർക്കാരിന് ആലോചനയില്ല. പക്ഷേ, അതിന് നിർബന്ധിക്കരുതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Content Highlights:kerala government governor arif mohammed khan conflict cpm secretary kodiyeri and cpi secretary kanam rajendranresponse