നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ പലവിധ നേട്ടങ്ങൾ ഇന്ന് നാം നിത്യ ജീവിതത്തിൽ അനുഭവിക്കുന്നുണ്ട്. ഇന്റർനെറ്റും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നവർ പ്രത്യേകിച്ചും നിർമിതബുദ്ധിയുടെ പ്രയോജനം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്.
സ്വയം പഠിക്കുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌യുന്ന യന്ത്രങ്ങളുടെ ലോകത്തെ പരിചയപ്പെടുത്തുകയാണ് മാതൃഭൂമി.കോമിൽ ഹരികുമാർ എഴുതിയ എന്ന ലേഖനം.
ജിമെയിലിൽ ഒരു ഇമെയിൽ സന്ദേശം ടൈപ്പ് ചെയ്‌യുമ്പോഴും സ്മാർട്ഫോണിലെ ടെക്സ്റ്റിങ് ആപ്പുകളിൽ ഒരു സന്ദേശം ടൈപ്പ് ചെയ്‌യുമ്പോഴും സമയം ലാഭിക്കാൻ കീബോർഡുകൾ അടുത്തതായി ടൈപ്പ് ചെയ്തേക്കാവുന്ന വാക്കുകൾ നിർദേശിക്കാറുണ്ട്. ഒരാൾ ഓരോ തവണ ടൈപ്പ് ചെയ്‌യുന്നതും പഠിച്ചെടുത്താണ് വേഡ് പ്രെഡിക്ഷൻ എന്ന ഈ സംവിധാനം സാധ്യമാവുന്നത്.
മെഡിക്കൽ ഡാറ്റ പരിശോധിക്കാനും രോഗ നിർണയത്തിന് ഡോക്‍ടർമാരെ സഹായിക്കാനും കാറുകൾ ഓടിക്കാനും ഫേസ് റെക്കഗ്നിഷൻ പോലുള്ള സുരക്ഷാ സംവിധാനങ്ങളിലുമെല്ലാം ഈ മെഷീൻ ലേണിങ്, നിർമിത ബുദ്ധി സംവിധാനങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്.
എന്നാൽ ഈ സാങ്കേതിക വിദ്യ ഏറെ മുന്നേറിയിരിക്കുന്നു എന്ന് പറയുകയാണ് ഹരികുമാർ തന്റെ ലേഖനത്തിൽ. ടെസ്ല മേധാവി ഇലോൺ മസ്കിന്റെ ഓപ്പൺ എഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് പുറത്തുവിട്ട ജനറേറ്റീവ് പ്രീ ട്രെയിൻഡ് ട്രാൻസ്ഫോർമർ (ജിപിടി-3) എന്ന പ്രോഗ്രാമിന് മനുഷ്യർ എഴുതുന്നത് പോലെ എന്തും എഴുതാൻ സാധിക്കും. അത്
ലേഖനമാവട്ടെ, കവിതയാകട്ടേ, പുസ്തക രചനയാവട്ടെ അങ്ങനെ എന്തും.
6700 കോടിയോളം പുസ്തകങ്ങളും, നൂറ് കോടിക്കണക്കിന് വിക്കീപീഡിയ ലേഖനങ്ങളും അങ്ങനെ ലഭിക്കാവുന്ന പരമാവധി വിവരങ്ങളും പഠിച്ചെടുത്ത് വിശകലനം ചെയ്താണ് ജിപിടി-3യ്‍ക്ക് ഇത് സാധ്യമാവുന്നത്.
വെറും പത്ത് സെക്കന്റുകൊണ്ട് ഒരു ദീർഘ ലേഖനം എഴുതാൻ ഇതിന് സാധിക്കും. ജിപിടി എഴുതിയ ലേഖനം വായിച്ച 88 ശതമാനം പേരും അത് മനുഷ്യൻ എഴുതിയതാണെന്നാണ് കരുതിയത്. കഴിഞ്ഞ വർഷം കാലിഫോർണിയ സർവകലാശാല വിദ്യാർത്ഥിയായ ലാം പോർ ജിപിടി-3 ഉപയോഗിച്ച് ഒരു ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട്.
എഴുത്തുകാരന്റെ കവിതകളിലെ ഈണവും താളവും ശൈലിയുമെല്ലാം അതേ പടി പകർത്തി പുതിയൊരു കവിതയെഴുതാൻ വരെ ഈ സാങ്കേതിക വിദ്യ പഠിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് ലേഖനത്തിൽ പറയുന്നു.
നിമിഷങ്ങൾക്കുള്ളിൽ യഥാർത്ഥമെന്ന് തോന്നിക്കുന്ന ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതാനുള്ള കഴിവ് ദുരുപയോഗം ചെയ്‌യപ്പെടാനിടയുണ്ടെന്ന് ഹരികുമാർ പറയുന്നു. ഭരണകൂടങ്ങൾക്കോ തീവ്രവാദ ഗ്രൂപ്പുകൾക്കോ ആളുകളെ വിഘടിപ്പിക്കാനും വിഭജിക്കാനും വികലമാക്കാനും അത് വിവരയുദ്ധങ്ങൾക്ക് വഴിവെക്കാനും മതം, വംശം, ഭക്ഷണം, ഫാഷൻ എന്നിവയെ അടിസ്ഥാനമാക്കി വ്യക്തികളെ ഉന്നം വെക്കാനും ഉപയോഗിക്കപ്പെടാനിടയുണ്ടെന്നും അദ്ദേഹം തന്റെ ലേഖനത്തിൽ പറഞ്ഞു.
Content Highlights: Machine Learning, Artificial Intelligence